ഗ്രീൻ വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി തിരുഹൃദയ വികസനപദ്ധതി – മൂന്നാം ഘട്ടത്തിന് തുടക്കമായി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീന്‍ വാലി ഡെവലപ്മെന്റ് സൊസൈറ്റി (ജി.ഡി.എസ്.) അതിരൂപതയിലെ സമര്‍പ്പിതസമൂഹമായ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പങ്കാളിത്തത്തോടെ ഹൈറേഞ്ചിലെ പ്രവര്‍ത്തനഗ്രാമങ്ങളില്‍ നടപ്പിലാക്കുന്ന തിരുഹൃദയ വികസനപദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

വികസനപദ്ധതിയുടെ ആദ്യ രണ്ടു ഘട്ട പ്രവര്‍ത്തനങ്ങളുടെ വിജയകരമായ പൂര്‍ത്തീകരണത്തിന്റെ തുടര്‍ച്ചയായാണ് മൂന്നാം ഘട്ടത്തിന് തുടക്കം കുറിക്കുന്നത്. ആദ്യഘട്ടങ്ങളില്‍ ഗ്രാമവികസന സമിതികളിലൂടെയും ലോക്കല്‍ യൂണിറ്റുകളിലൂടെയും പ്രവര്‍ത്തനഗ്രാമാങ്ങളിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി സ്വയം സംരംഭക പദ്ദതികള്‍, ചികിത്സാ സഹായപ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ സഹായപ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക-ക്ഷീരവികസന പദ്ധതികള്‍, ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കാണ് ഫണ്ട്‌ ലഭ്യമാക്കിയത്. കൂടാതെ, അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളിലും രോഗാവസ്ഥയിലും മരണസാഹചര്യങ്ങളിലും ഹൈറേഞ്ച് നിവാസികള്‍ക്ക് അടിയന്തിര കൈത്താങ്ങായി മാറുക എന്ന ലക്ഷ്യത്തോടെ മരിയ സദന്‍ ആംബുലന്‍സ് പദ്ധതിയും പാലിയേറ്റീവ് കെയര്‍ സേവനങ്ങളും കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ജി.ഡി.എസ്. നടപ്പിലാക്കി വരുന്നു.

മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം വികസന പാക്കേജിന്റെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റ്റ്റ്യൂട്ടിന്റെ ഡയരക്ട്രസ് ജനറല്‍ ത്രേസ്യാമ്മ വി.ടി. നിര്‍വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാളും ഗ്രീന്‍ വാലി ഡവലപ്മെന്റ്റ്‌ സൊസൈറ്റി പ്രസിഡന്റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ്റ് ഫാ. തോമസ്‌ കൊച്ചുപുത്തന്‍പുരയില്‍, സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൌണ്‍സില്‍ അംഗങ്ങളായ ആനിയമ്മ കാവില്‍, ഡോളി ജോസഫ്‌, ലിസി ജോണ്‍, നിഷ വി. ജോണ്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

ഭവന നിര്‍മ്മാണം, ഭവന പുനരുദ്ധാരണം, കൃഷി ഉപവരുമാന പദ്ധതി പ്രോത്സാഹനം, സ്വയം തൊഴില്‍ പരിശീലനങ്ങള്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് വികസന പാക്കേജിന്റെ മൂന്നാം ഘട്ടത്തില്‍ ജി.ഡി.എസ്. യൂണിറ്റുകളിലൂടെയും സ്വാശ്രയ സംഘങ്ങളിലൂടെയും നടപ്പിലാക്കുന്നതെന്ന് സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.