ആ ചിലന്തി വലയ്ക്ക് പിന്നിലെ സത്യം ഇതാ!

ചെറു ഓളങ്ങള്‍ അലയടിക്കുന്ന നീല നിറമുള്ള ജലാശയം. അങ്ങ് അക്കരെ മരങ്ങളും കെട്ടിടങ്ങളും, റോഡുകളിലൂടെ തിരക്കിട്ട് നീങ്ങുന്ന വാഹനങ്ങളും. കുറച്ചു നിമിഷങ്ങള്‍ക്കകം, മറ്റൊരു ഭീതിജനകമായ കാഴ്ചയാണ് കണ്ണുകളില്‍ പതിയുക. ജലാശയത്തിന്റെ തീരത്തെ പച്ചപ്പില്‍ ഒരു നേര്‍ത്ത പാളി പോലെ നീണ്ടു കിടക്കുന്ന, ഒരു വസ്തു.  പിന്നീട് റോഡരികില്‍ ഉള്ള ഒരു സൈന്‍ബോര്‍ഡിലും ആ പദാര്‍ത്ഥം വ്യക്തമാണ്. ചിലന്തി വല പോലെ എന്തോ ഉണ്ട്.

മീറ്ററുകളോളം നീളുന്ന ചിലന്തി വലയാണ് റോഡരികില്‍. ചിലന്തി വല എന്ന് വെറുതെ പറഞ്ഞാല്‍ പോര. അത്ര ഭീകരമാണ് ആ കാഴ്ച. സാത്താന്റെ ദ്വീപിലേക്ക് ആണോ നമ്മള്‍ എത്തിപ്പെട്ടത് എന്ന് തോന്നി പോവും ആ വലകള്‍ കണ്ടാല്‍. ആരോ വണ്ടിയില്‍ സഞ്ചരിച്ചു കൊണ്ട് പകര്‍ത്തിയ ആ  വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറല്‍ ആയത്.

ഗ്രീസിലെ ഏയ്റ്റോലിക്കോ എന്ന നഗരത്തിന്റെ കാഴ്ചയായിരുന്നു ഇത്. ‘ലിറ്റിൽ വെനീസ്’ എന്ന് വിളിക്കപ്പെടുന്ന ഒരു നഗരമാണ് ഇത്. ഇവിടുത്തെ ഒരു വലിയ ഭാഗം പ്രദേശത്തെ ആകെ ചിലന്തി വല മൂടിയിരിക്കുന്നു. ഒരു വലിയ ഭാഗം പ്രദേശമെന്നു പറയുമ്പോള്‍, ഏതാണ്ട് 300 മീറ്റര്‍ നീളത്തിലുള്ള പ്രദേശമാണ് കേട്ടോ! ക്യാമറ ഓപ്പറേറ്റർ ജിയാന്നിസ് ജിയന്നാക്കോപോളസ് ഈ ചിലന്തി വലകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയായണ് സംഭവം വൈറല്‍ ആവുന്നത്.

സംഭവം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഈ അപൂര്‍വ പ്രതിഭാസം എന്താണ് എന്ന് അറിയുവാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ആളുകള്‍ക്ക് ഇത് ദോഷകരമായി ബാധിക്കുമോ? ഇവ മനുഷ്യര്‍ക്ക് ഉപദ്രവകാരി ആണോ? തുടങ്ങിയ ആശങ്കകളും  പല കെട്ടുകഥകളും പരന്നു. അതോടെ ശാസ്ത്രജ്ഞൻമാരും ജന്തുശാസ്ത്ര ഗവേഷകരും ഒക്കെ കൂടി. ചിലന്തികളുടെ എണ്ണം വര്‍ധിക്കുന്നത് ഇത്തരത്തിലുള്ള അപൂര്‍വ പ്രതിഭാസങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും എന്നാല്‍ ഇവ മനുഷ്യന്‍ ഒരു തരത്തിലുള്ള ഭീക്ഷണി ഉയര്‍ത്തില്ല എന്നും മോളികുലാർ ജീവശാസ്ത്രജ്ഞയായ മരിയ ചാറ്റ്സാക്കി ഗ്രീക്ക് വാർത്താ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

മെസലോങ്ഹി നാഷണൽ ലഗൂൺ പാർക്കിന്റെ പ്രസിഡന്റ് ഫോറ്റിസ് പെർഗോണിസ് അമേരിക്കൻ മാധ്യമങ്ങളോട് ഈ പ്രതിഭാസത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ചിലന്തികളുടെ എണ്ണം കൂടിയതിനു പിന്നിലെ കാരണക്കാര്‍ നേയ്റ്റ്സ് ആണ്. ചെറിയ ജീവിതചക്രം ഉള്ള   കൊതുക് പോലെയുള്ള പ്രാണികളാണ് നേയ്റ്റ്സ്. നേയ്റ്റ്സ് ആണ് ചിലന്തികളുടെ ഇഷ്ട ഭക്ഷണം. ഇവയുടെ എണ്ണം വര്‍ധിച്ചത് തന്നെയാണ് ഈ ചിലതികളുടെ എണ്ണം കൂടാന്‍ കാരണം. ഇത് ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും ഇതില്‍ പേടിക്കാന്‍ ഒന്നുമില്ലെന്നും പറഞ്ഞതോടെയാണ്‌ നാട്ടുകാര്‍ക്ക് ആശ്വാസം ആയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.