സ്‌പാനിഷ്‌ ഫ്ലൂവിനെയും കോവിഡിനെയും അതിജീവിച്ച 107 വയസുകാരി മുത്തശ്ശി  

കോവിഡ് രോഗം ലോകം മുഴുവൻ പിടിമുറുക്കി കഴിഞ്ഞു. പ്രായമായവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും 107 വയസുകാരി അന്ന ഡെൽ പ്രിയോർ എന്ന മുത്തശ്ശി ഈ കോവിഡിനെയും അതിജീവിച്ചു. അത് മാത്രമല്ല ചെറുപ്പത്തിൽ പിടിപെട്ട സ്‌പാനിഷ്‌ ഫ്ലൂ എന്ന മഹാമാരിയെയും അതിജീവിച്ചവളാണ് ഈ മുത്തശ്ശി.

കോവിഡ് ബാധിച്ച് അവശനിലയിൽ ആയെങ്കിലും അന്ന ഡെൽ പ്രിയോറിനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. അമേരിക്കയിലെ ബ്രൂക്ക്ലിൻ സ്വദേശിയായ പ്രിയോർ ഒരു തയ്യൽക്കാരിയായിരുന്നു. ഒരു പ്രൊഫഷണൽ ടാംഗോ ഡാൻസർ ആയിരുന്നു ഭർത്താവ് ഫ്രാങ്കിൻ. സന്തോഷപരമായിരുന്നു ഇവരുടെ കുടുംബ ജീവിതം. ഭർത്താവ് മരിച്ചതിനു ശേഷവും  പ്രിയോർ തന്റെ സന്തോഷം കൈവെടിഞ്ഞില്ല. നൂറ് വയസ്സുവരെ എല്ലാദിവസവും ഒരു മൈൽ ദൂരം നടക്കുമായിരുന്നു.

“മുത്തശ്ശി ഒരിക്കലും പ്രായത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. എല്ലാ ദിവസവും ആസ്വദിക്കുന്നു. അവൾ നൃത്തവും സംഗീതവും ഇഷ്ടപ്പെടുന്നു. ഇപ്പോഴും സംഗീതം കേൾക്കുമ്പോൾ അറിയാതെ കാലുകൾ ചലിച്ചു തുടങ്ങുന്നു. ചെറിയ കാര്യങ്ങളിൽ അമിതമായി ആകുലപ്പെടുന്നില്ല. ജീവിതം അവർ ആസ്വദിക്കുകയാണ്.” – ചെറുമകൾ ജാസ്മിൻ പറയുന്നു. പ്രിയോറിന്റെ 105 വയസ്സുള്ള സഹോദരി ഹെലനും രണ്ട് പകർച്ചവ്യാധികളെ അതിജീവിച്ച വ്യക്തിയാണ്.

ഈ രണ്ട് മഹാമാരിയെയും അതിജീവിക്കുവാൻ പ്രിയോർ മുത്തശ്ശിക്ക് എങ്ങനെ സാധിച്ചുവെന്ന് അത്ഭുതപ്പെടുന്നുണ്ടാവാം. ഈ മുത്തശ്ശി അതിജീവിക്കുവാനുള്ള ചില ടിപ്പുകളും നമുക്ക് പറഞ്ഞു തരുന്നുണ്ട്. “മറ്റുള്ളവരോട് നല്ല രീതിയിൽ ഇടപെടുക, നല്ല സുഹൃത്തുക്കളെ നിലനിർത്തുക, സത്യസന്ധത പുലർത്തുക, ദൈവത്തെ സ്നേഹിക്കുക. പിന്നെ ഞാൻ ധാരാളം ചൂടുള്ള കുരുമുളക് കഴിക്കുന്നു!” – പ്രിയോർ മുത്തശ്ശി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.