നാടിന്റെ ഉണർവിന് ഗ്രാമോത്സവം നടത്തി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി    

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി ഗ്രാമത്തിൽ ഗ്രാമോത്സവത്തിനു തുടക്കമായി. പ്രവർത്തനഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഗ്രാമതലത്തിൽ ഒരുമിച്ചുചേർത്ത് അവരുടെ വികസനസാധ്യതകളും കലാപരമായ കഴിവുകളും വളർത്തിയെടുക്കുന്നതോടൊപ്പം വിവിധ വിഷയങ്ങളിൽ അവർക്ക് വേണ്ട അറിവ് നൽകുകയും അടുത്ത ഒരു വർഷത്തേക്കുള്ള കർമ്മപദ്ധതികൾ രൂപീകരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഇടുക്കി കഞ്ഞിക്കുഴി റോസ്മെഡ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവ്വഹിച്ചു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ.ജോബിൻ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജിഡിഎസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, ആശംസകളർപ്പിച്ചു സംസാരിച്ചു.

പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, ജസ്റ്റിൻ നന്ദികുന്നേൽ, അനിമേറ്റർ സിനി ഷൈൻ എന്നിവർ നേതൃത്വം നൽകി. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജാതി-മതവ്യത്യാസമില്ലാതെ രൂപം നൽകിയിരിക്കുന്ന 18 സ്വാശ്രയസംഘങ്ങളിൽ നിന്നായി 250-ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.