കൃപ സ്വന്തമാക്കാന്‍ ചെയ്യേണ്ടത്

ബൈബിളിലുടനീളം നിരവധി സ്ത്രീ-പുരുഷന്മാരുടെ ജീവിതങ്ങളില്‍ ദൈവകൃപയുടെ ശക്തി വെളിപ്പെടുന്നത് കാണുവാന്‍ കഴിയും. സ്വന്തം ബലഹീനതകളും കഴിവില്ലായ്മയും ഉണര്‍ന്നുകൊണ്ടായിരുന്നു വിശ്വാസനായകന്മാര്‍ ഓരോരുത്തരും ദൈവവുമൊത്തുള്ള തങ്ങളുടെ ജീവിതം ആരംഭിച്ചത്.

ദൈവകൃപയും പ്രാപ്തി നല്‍കുന്ന ശക്തിയും തങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ അവര്‍ അനുവദിച്ചതുകൊണ്ടു മാത്രമാണ് അവര്‍ എങ്ങനെ ഉള്ളവരാകണം എന്ന് ദൈവം ആഗ്രഹിച്ചുവോ അങ്ങനെ ആയിത്തീരുവാന്‍ അവര്‍ക്ക് കഴിഞ്ഞതും ദൈവികപദ്ധതിയും ഉദ്ദേശവും അവരുടെ ജീവിതങ്ങളില്‍ നിറവേറുവാന്‍ സാധിച്ചതും.

നാം ദൈവവുമായുള്ള ബന്ധത്തിലായിരിക്കുമ്പോള്‍ ദിനംതോറും അവനോടൊപ്പം നടക്കുമ്പോള്‍ തന്നെ നമ്മെ കീഴടക്കുവാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടാകാറുണ്ട് . ഈ വിഷമസന്ധിയില്‍ നാം അവന്റെ വചനത്തെ അനുസരിക്കുക. അനുസരിക്കുന്നതിലൂടെ നമ്മുടെ വിശ്വാസം പ്രകടമാക്കണം.

നമ്മുടെ സാഹചര്യങ്ങള്‍ എന്തുതന്നെ ആയിരുന്നാലും നാം അവന്റെ വചനത്തെ വിശ്വസിക്കുന്നുവെന്ന് ഇത് തെളിയിക്കുന്നു. നമ്മുടെ വിശ്വാസത്തിനുള്ള ദൈവിക പ്രതികരണമാണ് കൃപ ‘ഏതൊരു പ്രതിസന്ധിയിലും വിജയം വരിക്കുവാനുള്ള അവന്റെ പ്രാപ്തി നല്കുന്ന ശക്തി.’ അതുകൊണ്ട് എളിമയോടും വിനയത്തോടും കൂടെ ദൈവകൃപയ്ക്കായി തല കുനിക്കാം.