സെമിത്തേരി നിയമനിര്‍മ്മാണ പ്രക്രിയയില്‍ സര്‍ക്കാര്‍ സഭകളെ കേള്‍ക്കണം: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭകള്‍ക്കിയിടയില്‍ വിശ്വാസികളുടെ മൃതസംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരമായി സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്‍ എല്ലാ ക്രിസ്ത്യന്‍ സഭകളുടെയും നിലവിലുള്ള സംവിധാനങ്ങളെ കണക്കിലെടുക്കുന്നതും എല്ലാവര്‍ക്കും സ്വീകാര്യവുമായിരിക്കണമെന്ന് കെസിബിസി പ്രസിഡണ്ടന്റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭകളിലെ സെമിത്തേരിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍, ഇപ്പോള്‍ രൂപപ്പെടുത്തിയിരിക്കുന്ന ബില്‍ അവ്യക്തവും കൃത്യതയില്ലാത്തതതും മതങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടുവാന്‍ ഇടയാകുന്നതും അതിനാല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ നിയമപ്രശ്നങ്ങളിലേയ്ക്ക് നയിക്കാന്‍ സാധ്യതയുള്ളതുമാണ്.

2020-ലെ കേരള ക്രിസ്ത്യന്‍ സെമിത്തേരികള്‍ (ശവം അടക്കുന്നതിനുള്ള അവകാശം) എന്ന പേരിലുള്ള ബില്‍, ക്രിസ്ത്യാനികളുടെ മൃതദേഹം അടക്കം ചെയ്യുന്നതിനും ശവസംസ്കാര ശുശ്രൂഷകള്‍ക്കും അതുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങള്‍ക്കുവേണ്ടി വ്യവസ്ഥ ചെയ്യുന്നതാണെന്ന് കൃത്യമായി പറയുന്നുണ്ട്. ഈ ബില്‍ യാക്കോബായ വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഉപകരിച്ചേക്കാം. എന്നാല്‍, നൂറ്റാണ്ടുകളായി നിയമാനുസൃതം പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്ത്യന്‍ സഭകളിലെ മൃതസംസ്‌കാര ശുശ്രൂഷകളെയും സെമിത്തേരികളെയും പുതിയ ബില്‍ ഏതെങ്കിലും തരത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി ബാധിക്കുമെന്ന് ബില്ലിന്റെ പൊതുസ്വഭാവം വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.

കേരളത്തിലെ എല്ലാ ക്രിസ്ത്യന്‍ സഭകള്‍ക്കും തങ്ങളുടേതായ സെമിത്തേരികള്‍ നിലവിലുണ്ട്. അവയുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും സര്‍ക്കാര്‍ നിയമങ്ങള്‍ക്കും ഓരോ സഭയുടെ ആഭ്യന്തരചട്ടങ്ങള്‍ക്കും വിധേയമായാണ് ഇപ്പോള്‍ നടക്കുന്നത്. അതിനാല്‍, പുതിയ നിയമനിര്‍മ്മാണ പ്രക്രിയയില്‍ കേരളത്തിലെ എല്ലാ സഭകളുടെയും പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും അവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുകയും ചെയ്യണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.