കോവിഡിനിടയിലും ദൈവാലയങ്ങളുടെ പ്രാധാന്യത്തെ ഉയർത്തിപ്പിടിച്ച് സാവോ പോളോ ഗവണ്മെന്റ്

കോവിഡ് പകർച്ചവ്യാധി മൂലം മതപരമായ പ്രവർത്തനങ്ങളെയും സേവനങ്ങളെയും തടഞ്ഞു നിർത്തുന്ന ഗവണ്മെന്റുകൾക്ക് മുന്നിൽ വിശ്വാസത്തെ ചേർത്തു പിടിച്ചു സാവോ പോളോ ഗവണ്മെന്റ്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും വിശ്വാസപരമായ പ്രവർത്തനങ്ങളെ അത്യാവശ്യ സേവനങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് സാവോ പോളോ ഗവണ്മെന്റ് വ്യത്യസ്തമാകുന്നത്.

സുരക്ഷിതമായ മാർഗ്ഗങ്ങൾ അവലംബിച്ചുകൊണ്ട് വിശ്വാസപരമായ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും ഗവണ്മെന്റ് അനുമതി നൽകി. സാവോ പോളോയുടെ ഔദ്യോഗിക സൈറ്റിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഉത്തരവിലാണ് “സംസ്ഥാനത്തെ എല്ലാ പള്ളികളുടെയും അനിവാര്യതയെ അംഗീകരിക്കുന്നു” എന്ന് ഗവർണർ ജോവോ ഡോറിയ പ്രഖ്യാപിച്ചത്. മതപരമായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അംഗീകരിച്ച 299/2020 ബിൽ വീറ്റോ ചെയ്തതിന് ശേഷമാണ് ഈ നടപടി സ്വീകരിച്ചത്. സാവോ പോളോയിലെ നിയമസഭയിൽ ഡിസംബറിൽ ഇതിനു അംഗീകാരം ലഭിച്ചിരുന്നു.

പ്രാദേശിക അതിരൂപതയിലെ ഓ സാവോ പോളോ പത്രം പറയുന്നതനുസരിച്ച്, മതപരമായ പ്രവർത്തനങ്ങളെ അത്യാവശ്യമെന്ന് തരംതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മതനേതാക്കളുമായി ചർച്ചകൾ നടന്നിരുന്നു. എന്ത് തന്നെയായാലും ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുള്ള ഈ നടപടിയെ ക്രൈസ്തവർ ഉൾപ്പെടുന്ന വിശ്വാസികൾ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.