റൂത്തിന്റെ സുവിശേഷം

ജിന്‍സി സന്തോഷ്‌

തന്റെ ഭർത്താവിന്റെയും രണ്ട് ആൺമക്കളുടെയും മരണശേഷം നവോമി, മരുമക്കളായ ഓർഫാ, റൂത്ത് എന്നിവരോട് പറഞ്ഞു: “നിങ്ങൾ മാതൃഭവനങ്ങളിലേയ്ക്ക് മടങ്ങിപ്പോകുവിൻ. വീണ്ടും വിവാഹം ചെയ്ത് കുടുംബജീവിതം നയിക്കാൻ കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ” (റൂത്ത് 1:8-9).

ജീവിതം ഒരു ചോയ്സാണ്. നമ്മൾ എന്തു തിരഞ്ഞെടുക്കുന്നു എന്നത് ജീവിതത്തെ വ്യത്യസ്തതയുള്ളതാക്കി മാറ്റും. “ഓർഫാ അമ്മായിയമ്മയെ ചുംബിച്ച് വിട വാങ്ങി; റൂത്ത് അവളെ പിരിയാതെ നിന്നു” (റൂത്ത് 1:14). ഓർഫാ… ബൈബിളിൽ ആ പേര് അവിടെ അവസാനിച്ചു.

അമ്മായിയമ്മയെ പിരിയാതെ അവരെ ശുശ്രൂഷിക്കാൻ തന്റെ ജീവിതാവസ്ഥകൾ മറന്ന് വയലിൽ കാലാ പെറുക്കാൻ തീരുമാനിച്ച റൂത്ത്. അവളുടെ ത്യാഗവും വിശ്വസ്തതയും മാനിച്ച സ്വർഗ്ഗം യേശുക്രിസ്തുവിന്റെ വംശപരമ്പരയിലെ ഒരു കണ്ണിയാവാൻ, രണ്ടായിരത്തിലധികം വർഷങ്ങൾക്കിപ്പുറവും മനുഷ്യവംശം അവളുടെ ത്യാഗത്തിന്റെ ചരിത്രം പ്രഘോഷിക്കാൻ, തിരുവെഴുത്തുകളിലെ താളുകളിൽ അവളുടെ നാമം എഴുതപ്പെടാൻ ഇടയാക്കി.

നാളെ നിങ്ങൾ അനശ്വരരാകുന്നത് ഇന്ന് നിങ്ങൾ ഏറ്റെടുക്കുന്ന ത്യാഗത്തെ ആശ്രയിച്ചാണ്. അടച്ചിട്ട സ്വകാര്യമുറികളിൽ, അടുക്കളയുടെ പിന്നാമ്പുറങ്ങളിൽ, കുടുംബത്തിന്റെ വിശുദ്ധിക്കും കെട്ടുറപ്പിനും വേണ്ടി നിങ്ങൾ ഏറ്റെടുക്കുന്ന സ്വകാര്യവേദനകളും സഹനങ്ങളും കാലത്തിന്റെ കണക്കുപുസ്തകത്തിൽ സ്വർഗ്ഗം രേഖപ്പെടുത്തും.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.