വൈവിദ്ധ്യങ്ങളുടെ സുവിശേഷം

ജിന്‍സി സന്തോഷ്‌

എല്ലാ സമ്പത്തിന്റെയും ഉടയവനായിരുന്നിട്ടും ഒരു സമ്പാദ്യവും ഇല്ലെന്നു ഭാവിച്ചവൻ. രാജാവായിരുന്നിട്ടും ദാരിദ്ര്യത്തിന്റെ അറ്റം കണ്ടവൻ. എല്ലാവരെയും സ്നേഹിച്ചിട്ടും തിരസ്കരിക്കപ്പെട്ട സ്നേഹിതനായവൻ. അലിവിന്റെ അപ്പക്കഷണം അയ്യായിരങ്ങൾക്കു നൽകിക്കൊണ്ട് അവരുടെ വിശപ്പകറ്റിയിട്ട് ഒട്ടിയ വയറുമായി ആകാശത്തിനും ഭൂമിക്കും മദ്ധ്യേ മൂന്നാണികളിൽ തൂക്കപ്പെട്ടവൻ. കാനായിലെ കല്യാണവേളയിൽ വെള്ളത്തെ വീഞ്ഞാക്കി മാറ്റിയിട്ട് എനിക്കു ദാഹിക്കുന്നു എന്നുപറഞ്ഞ് കുരിശിൽ കിടന്ന് വെള്ളത്തിനുവേണ്ടി ദാഹം കൊണ്ടവൻ.

തന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ തൊട്ടവൾക്കുപോലും സൗഖ്യം കൊടുത്തിട്ട് കാൽവരിയിൽ ഉടുവസ്ത്രം ഉരിയപ്പെട്ട് നഗ്നനായവൻ. ആശ്വസിപ്പിക്കാന്‍ ആരുമില്ലാതെ മനോവേദനയുടെ പാരമ്യത്തിൽ “കഴിയുമെങ്കിൽ ഈ കാസ എന്നിൽ നിന്ന് എടുത്തുമാറ്റണമേ എന്ന് ഉച്ചത്തിൽ കരഞ്ഞിട്ട് തനിക്കുവേണ്ടി കരഞ്ഞ ഒരസ്ലേം സ്ത്രീകളെ ആശ്വസിപ്പിച്ചവൻ.

കുഷ്ഠരോഗികളെയും തന്റെ ശിഷ്യനാൽ ചെവി അറുത്തുമാറ്റപ്പെട്ട ശതാധിപ ഭൃത്യനെയും സുഖപ്പെടുത്തിയിട്ട് ഉയിർത്തെഴുന്നേറ്റ ശേഷവും തന്റെ മേനിയിൽ മുറിവുകൾ അവശേഷിപ്പിച്ചവൻ. എല്ലാം മാറ്റിമറിക്കാൻ കഴിവുണ്ടായിട്ടും സ്വയരക്ഷയ്ക്കു വേണ്ടി ഒരു മാറ്റവും വരുത്താതിരുന്നവൻ. ജീവിത വൈവിധ്യം കൊണ്ട് സുവിശേഷം ജീവിച്ചുകാണിച്ചവൻ. നശ്വരതകളുടെ ലോകത്ത് അനശ്വരതയെ ലക്ഷ്യം വയ്ക്കാൻ സ്വയം ശൂന്യവത്ക്കരണത്തിന്റെ ആഹ്വാനം ക്രിസ്തു നമ്മോട് ആവർത്തിക്കുന്നു. “വിനയം കൊണ്ട് മഹത്വം ആർജ്ജിക്കുക; നിലവിട്ട് സ്വയം മതിക്കരുത്” (പ്രഭാ. 10:28).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.