മാനന്തവാടിയിലെ ‘നല്ല സമരിയാക്കാർ’ 

സുനിഷ നടവയല്‍

കോവിഡ് ബാധിതരായി മരണമടഞ്ഞവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംസ്കരിക്കുവാനായി കെസിബിസിയുടെ കർമ്മ പദ്ധതിയായ ‘ഗുഡ് സമരിറ്റൻസ് ടീം’ മാനന്തവാടി രൂപത അംഗങ്ങൾ സമൂഹത്തിനു മാതൃകയാകുന്നു. പിപിഇ കിറ്റ് അണിഞ്ഞുകൊണ്ട് മരണമടഞ്ഞ സഹോദരങ്ങളെ യാത്രയാക്കുവാൻ വൈദികരും യുവാക്കളുമടങ്ങുന്ന ഈ ടീം എപ്പോഴും സന്നദ്ധരാണ്. ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, ഫാ. നിധിൻ ആലയ്ക്കതടത്തിൽ, ലിബിൻ മേപ്പുറത്ത്, അഡ്വ. ജിജിൽ കിഴക്കരക്കാട്ട്, അഭിലാഷ് മണക്കാട്ട്മ്യാലിൽ എന്നിവരുൾപ്പെടെ 200 ഓളം യുവ ജനങ്ങളും പുരോഹിതരുമാണ്  മാനന്തവാടി രൂപതയിലെ ഗുഡ് സമരിറ്റൻ ടീമിലെ അംഗങ്ങൾ. ആരോഗ്യ വകുപ്പ് നൽകിയ പരിശീലനം നേടിയവരാണ് ഇവര്‍. അവരുടെ അനുഭവങ്ങളിലൂടെ നമുക്ക് കടന്നുപോകാം.

വീട്ടുകാരുടെ പ്രതികരണം 

മക്കൾ ഇത്തരം സേവനങ്ങൾക്കിറങ്ങുമ്പോൾ വീട്ടിൽ നിന്ന് എന്തായിരുന്നു പ്രതികരണം എന്ന് സ്വാഭാവികമായ ഒരു ചോദ്യമുയരാം. “കോവിഡിന്റെ ആദ്യഘട്ടം മുതലേ സ്വാഭാവികമായ ആശങ്കകളും തെറ്റിദ്ധാരണകളും ഉണ്ടായിരുന്നുവല്ലോ. കരുതലും ജാഗ്രതയുമാണ് ആവശ്യമെങ്കിലും ഭീതിയും അസത്യ പ്രചാരങ്ങളും തെറ്റിധാരണകളും നിറഞ്ഞ അന്തരീക്ഷമാണുള്ളത്. രണ്ടാം തരംഗത്തിൽ ഒന്നുകൂടി ഭീതിപ്പെടുത്തുന്ന അവസ്ഥയാണ്. വീട്ടുകാർക്കൊക്കെ അതിയായ ഭയമുണ്ടെങ്കിലും ആരോഗ്യ രംഗത്തുള്ളവരുടെ സേവനങ്ങൾ വെച്ച് നോക്കുമ്പോൾ തങ്ങളുടെ മക്കളും അതിൽ പങ്കു ചേരുന്നുണ്ടല്ലോ എന്നതിൽ വലിയ അഭിമാനവും മാതാപിതാക്കൾക്കുണ്ട്.” ഗുഡ് സമരിറ്റൻ അംഗമായ അഡ്വ. ജിജിൽ കിഴക്കരക്കാട്ടു പറയുന്നു.

മറ്റു മതത്തില്‍ പെട്ടവരുടേയും മൃതസംസ്ക്കാരം നടത്തി 

“ആദ്യമായി ഇങ്ങനെ ഒരു സേവനത്തിനായി ഇറങ്ങിയപ്പോൾ ആരോഗ്യവകുപ്പ് നൽകിയ പരിശീലനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ സംസ്കാരത്തിൽ മനസ്സിൽ നല്ല ടെൻഷനുമുണ്ടായിരുന്നു. ഒരു ഹൈന്ദവ ആചാര പ്രകാരമുള്ള മൃതസംസ്കാര ചടങ്ങായിരുന്നു അത്. ആരോഗ്യവകുപ്പിൽ നിന്നും മൃതദേഹം ലഭിക്കുവാൻ ഏറെ വൈകി. രാത്രി ഏകദേശം 12 മണിയോടെയായിരുന്നു മൃതദേഹം കിട്ടിയത്. അപ്രതീക്ഷിത മരണമായിരുന്നതിനാൽ കുടുംബാംഗങ്ങൾ വളരെയധികം വികാരാധീനരായിരുന്നു. വൈകുന്നേരം ബോഡി കിട്ടും എന്നറിഞ്ഞതിനാൽ പിപിഇ കിറ്റ് അണിഞ്ഞു ഞങ്ങൾ റെഡി ആയി നിന്നിരുന്നു. പക്ഷേ, അർധരാത്രി വരെ അതും ധരിച്ചു നിൽക്കുന്നത് തുടർന്നു. പുറത്തു നല്ല മഴയായിരുന്നെങ്കിൽ കൂടിയും ഞങ്ങൾക്ക് നല്ല ചൂടായിരുന്നു. മഴ പെയ്തു കുതിർന്ന വഴിയിലൂടെ മൃതദേഹവുമായി ഞങ്ങൾ വളരെ കഷ്ടപ്പെട്ടാണ് നടന്നു നീങ്ങിയത്. കറന്റു പോയിരുന്നതിനാൽ വെളിച്ചവുമുണ്ടായിരുന്നില്ല. ആരോഗ്യപ്രവർത്തകർ കാണിച്ചു തന്ന ഫോണിന്റെ ഫ്ലാഷ് ലൈറ്റിലാണ് ഞങ്ങൾ നടന്നതും ശരീരം മറവു ചെയ്തതുമെല്ലാം.

12 അടി താഴ്‌ചയുള്ള കുഴിയായിരുന്നതിനാൽ അതിന്റെ ആഴമൊക്കെ കണക്കാക്കുവാൻ ആ ഇരുട്ടിൽ ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടി. അതിനിടയിൽ ചെളിയിൽ കാലുറയ്ക്കാതെ ഞങ്ങളിൽ ഒരാൾ കുഴിയിലേക്ക് വീഴാൻ പോയി. പെട്ടന്ന് അയാൾ എന്റെ കൈയ്യിൽ കയറി പിടിക്കുകയും എനിക്ക് ഒരു മരത്തിന്റെ വേരിൽ പിടുത്തം കിട്ടുകയും ചെയ്തു. ആദ്യത്തെ ആയതിനാൽ ഞങ്ങൾക്ക് ഒരുപാട് പ്രതിസന്ധികൾ  നേരിടേണ്ടി വന്നു. എങ്കിലും പിന്നീട് ഞങ്ങൾ ആദ്യം പോയി കല്ലറയും അതിന്റെ ആഴവും ഒക്കെ നോക്കിയതിനു ശേഷമാണു സാംസ്കാരിക്കുവാൻ പോകുന്നത്. മനസ്സിൽ വിഷമമാണെങ്കിലും സമൂഹത്തിൽ ആരെങ്കിലും ഇത് ചെയ്യുവാൻ ആവശ്യമാണല്ലോ. പ്രിയപ്പെട്ടവർക്ക്  ഒരു നോക്കുപോലും കാണുവാൻ സാധിക്കാതെ  മരണമടയുന്നവർ അവസാനം ഞങ്ങളുടെ കൈകളിൽ കൂടി കടന്നു പോകുന്നു. സമൂഹത്തിനു വേണ്ടി ഇത്രയെങ്കിലും നമുക്ക് ചെയ്യുവാൻ സാധിച്ചല്ലോ എന്ന ചാരിതാർഥ്യമുണ്ട്”. എട്ടു മൃത സംസ്കാര ചടങ്ങുകളിൽ പങ്കു ചേർന്ന ഗുഡ് സമരിറ്റൻ അംഗമായ ലിബിൻ മേപ്പുറത്ത് പറയുന്നു.

13 മേഖലകളിലെ സന്നദ്ധ പ്രവർത്തകര്‍   

മാനന്തവാടി രൂപതയിലെ 13 മേഖലകളിലെ സന്നദ്ധ പ്രവർത്തകരാണ് ഇതിലെ അംഗങ്ങൾ. ആദ്യഘട്ടങ്ങളിൽ എല്ലാവരും ഭയത്തോടെ ഇതിനെ നോക്കിയിരുന്നെങ്കിലും ഇപ്പോൾ കൂടുതൽ പേർ ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. രൂപതയിലെ വിവിധ ഭക്ത സംഘടനകളുടെ കീഴിലെ അംഗങ്ങളും മറ്റു താത്പര്യമുള്ള വ്യക്തികളുമാണ് ഗുഡ് സമരിറ്റൻ ടീമിൽ സേവന സന്നദ്ധരായി എത്തിച്ചേർന്നിരിക്കുന്നതെന്നു ഗുഡ് സമരിറ്റൻസ് രൂപത ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനയിൽ പറഞ്ഞു.

കാലഘട്ടത്തിന്റെ ആവശ്യത്തിൽ യുവാക്കൾ മുന്നിട്ടിറങ്ങുവാൻ കാണിച്ച ഈ ത്യാഗസന്നദ്ധയ്ക്ക് അകലം കാണിക്കാതെ പ്രാർത്ഥനയുടെ അടുപ്പം നൽകാം. മാനന്തവാടി രൂപതയിലെ കല്ലോടി ഇടവകയിലെ വൈദികരായ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, ഫാ. നിധിൻ ആലയ്ക്കതടത്തിൽ, ലിബിൻ മേപ്പുറത്ത്, അഡ്വ. ജിജിൽ കിഴക്കരക്കാട്ട്, അഭിലാഷ് മണക്കാട്ട്മ്യാലിൽ എന്നിവരുൾപ്പെടെ 200 ഓളം യുവ ജനങ്ങളും പുരോഹിതരുമാണ്  മാനന്തവാടി രൂപതയിലെ ഗുഡ് സമരിറ്റൻ ടീമിലെ അംഗങ്ങൾ. സ്വന്തം ഇടവകയിൽ മാത്രമല്ല രൂപതയിലെ ഇതര ഇടവകകളിലും മറ്റു റീത്തുകളിലും അക്രൈസ്തവർക്കായും ഇവർ സേവനം ചെയ്യുന്നു.

പ്രാര്‍ത്ഥനയോടെ 

“സാമൂഹിക സേവനമാണെങ്കിലും ഇനിയും ഇത് ചെയ്യുവാൻ ഇടവരരുതേ എന്നാണ് ഞങ്ങൾ ഓരോ തവണയും കാണുമ്പോൾ പ്രാർത്ഥിച്ചു പിരിയുന്നത്. പ്രിയപ്പെട്ടവരെ ഒരു മഹാമാരി തട്ടിക്കൊണ്ടുപോകുക എന്ന് പറയുന്നത് വേദനാ ജനകമാണല്ലോ. ദൈവഹിതമാണെങ്കിൽ കൂടിയും ഒരു കോവിഡ് മരണം പോലും ഉണ്ടാകുവാൻ ഇടവരരുതേ എന്നാണ് ഓരോ മൃതസംസ്കാര ചടങ്ങിലെ പ്രാർത്ഥനകൾ ചൊല്ലുമ്പോഴും മനസ്സിൽ നിറയുന്നത്. ” ഫാ . നിധിൻ പറയുന്നു.  ഈ മഹാമാരിയിൽ സേവനം ചെയ്യുന്ന എല്ലാവർക്കുമായും നമുക്ക് പ്രാർത്ഥിക്കാം.

ക്രൈസ്തവ ജീവിതം കരുണയിലും സ്നേഹത്തിലും അധിഷ്ഠിതമാണ്. സഭ പഠിപ്പിക്കുന്ന 14  കാരുണ്യ പ്രവർത്തികളിൽ മരിച്ചവരെ സംസ്കരിക്കുന്നതും ഉള്‍പ്പെടുന്നു. അത് മാന്യമായും സർവ്വാദരവോടും ക്രൈസ്തവ ആചാരത്തോടും കൂടി ചെയ്യുക എന്നത് ഈ മഹാമാരിയുടെ സമയത്ത് വലിയ പ്രതിസന്ധിയും പരീക്ഷണവും തന്നെയാണ്. മൃതദേഹത്തോട് കാണിക്കേണ്ടുന്ന ആദരവ് ജീവിച്ചിരിക്കുന്ന മനുഷ്യരോട് കാണിക്കേണ്ട ആദരവിന്‌ സമാനവുമാണ്. കോവിഡ് ബാധിച്ച് അപ്രതീക്ഷിതമായി മരണത്തെ പുൽകേണ്ടി വരുന്നവരെ സംസ്കരിക്കുവാൻ സമൂഹത്തിലെ എല്ലാവരും തയാറാകണമെന്നുമില്ല. അതിനാൽ ആരോഗ്യമേഖലയ്ക്കും കുടുംബാംഗങ്ങൾക്കും ഒരു കൈത്താങ്ങ് എന്ന നിലയിലാണ് ഈ സാമൂഹിക സേവനത്തിനു തുടക്കമിട്ടത്.

ഇനിയും കോവിഡ് ബാധിച്ച് ജീവനുകൾ പൊലിയാതിരിക്കുവാൻ ഇവരുടെ പ്രാർത്ഥനകളെയും പ്രവർത്തനങ്ങളെയും ദൈവ സന്നിധിയിലേക്കുയർത്താം. സാമൂഹിക അകലത്തിനിടയിലും സേവനം കൊണ്ട് അടുപ്പം സൃഷ്ടിക്കുന്ന എല്ലാ ഗുഡ് സമരിറ്റൻസ് അംഗങ്ങളായ യുവജനങ്ങൾക്കും വൈദികർക്കും പ്രാർത്ഥനാശംസകൾ!

സുനീഷ നടവയൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

6 COMMENTS

 1. Really we appreciate your service, may God bless you & your family. It is an evangelization also. You proclaimingJesus & his teachings. Hearty congratulations to all team members

 2. എന്റെ സഹോദരങ്ങളെ നിങ്ങളെ ദൈവം സംരുദ്ധമായി അനുഗ്രഹിക്കും. പ്രാർഥിക്കുന്നുണ്ട് 🙏🙏🙏🙏👍👍👍👍

 3. It is a great missionary work. Above all it is a special call and an invitation from God. Thanks be to God for your dedication and service. I’m so proud of you and it is very sure you will be the members of our Heavenly kingdom. I assure you my prayers and support.

 4. പ്രിയ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ പക്ഷെ ഇതെഴുതിയ എഴുത്തുകാരിയോട് ഒരു ചോദ്യം ചോദിക്കട്ടെ മാനന്തവാടി രൂപ ത യിൽ ഇത്തരം സേവനം ചെയ്തവർ (കൈ സ്തവർ) ഉണ്ട് അവരെ കുറിച്ച് പരാമർശിക്കാനും അത് പ്രസദ്ധീകരിക്കാനും തയ്യാറാകണം
  ഇതൊരു റിപ്പോർട്ട് പോലെ തോന്നുന്നു

 5. Life day പോലുള്ള നിലവാരമുള്ള മാഗസിൻ ഇത്തരം പ്രോഗ്രാം റിപ്പോർട്ടുകൾ ഒഴിവാക്കി ജെൻ സനച്ചൻ്റെ പോലുള്ള ലേഖനങ്ങൾ പ്രസദ്ധീകരിക്കുന്നതാണ് നല്ലത്
  ബിനു മാങ്കൂട്ടം

  CML സംസ്ഥാന പ്രസിഡണ്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.