ദുഃഖവെള്ളി പ്രസംഗം: പിതാവേ, അങ്ങേ ഹിതം നിറവേറട്ടെ

ബ്ര. അഖില്‍ MCBS

പിതാവിന്റെ ഹിതത്തിനു കീഴ്‌വഴങ്ങിയ ഒരു പുത്രന്റെ ഓര്‍മ്മയാണ് ഓരോ ദുഃഖവെള്ളിയും. മനുഷ്യനായി അവതരിച്ച ക്രിസ്തുവിനെ ലോകം ദൈവപുത്രനെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് ദുഃഖവെള്ളി. ഓശാനയുടെ ഘോഷയാത്രയില്‍ ആരും, ഇവന്‍ ദൈവപുത്രന്‍ എന്നു പറഞ്ഞില്ല. അവന്‍ അവര്‍ക്ക് വെറുമൊരു പ്രവാചകന്‍ മാത്രമായിരുന്നു. അത്ഭുതങ്ങളുടെ മദ്ധ്യത്തിലും വലിയ രോഗശാന്തി നല്‍കിയപ്പോഴും ക്രിസ്തു ദൈവപുത്രനാണെന്ന തിരിച്ചറിവ് ആര്‍ക്കുമുണ്ടായില്ല. എന്നാല്‍ സഹനത്തിന്റെ തീച്ചൂളയില്‍ വെന്തെരിയുന്നവനെ കണ്ടപ്പോള്‍ ജനം പറഞ്ഞു: “ഇവന്‍ തീര്‍ച്ചയായും ദൈവപുത്രനാണ്.” ക്രിസ്തു ദൈവത്തിന്റെ പുത്രനായ ദിനം; ദുഃഖവെള്ളി.

ഓരോ ദുഃഖവെള്ളിയും ഒട്ടനവധി കാര്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഒന്നാമതായി, പുത്രന്റെ നിലവിളിയില്‍, പുത്രന്റെ പ്രാര്‍ത്ഥനയില്‍ മൗനം ഭജിക്കുന്ന ദൈവം. പഴയനിയമത്തിലേയ്ക്ക് ഒന്നു നോക്കുകയാണെങ്കില്‍ നിലവിളികള്‍ക്ക് ഉത്തരം നല്‍കുന്ന, ഇസ്രായേലിന് രക്ഷ നല്‍കുന്ന ദൈവത്തെയാണ് കാണുക. അവിടുന്നു പറയുന്നു: “കേള്‍ക്കാനാവാത്തവിധം എന്റെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല” എന്ന്. പക്ഷേ, ഇവിടെ പുത്രന്റെ നിലവിളിക്കു മുന്നില്‍ ആ ദൈവം മൗനം ഭജിക്കുന്നു. കാരണമെന്താണെന്ന് യോഹന്നാന്‍ ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്. “തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം പിതാവ് ലോകത്തെ അത്രയധികമായി സ്‌നേഹിച്ചു.” അതെ പ്രിയപ്പെട്ടവരേ, പാപികളായ നമ്മോടുള്ള സ്‌നേഹമാണ് സ്വപുത്രന്റെ ചങ്കുപൊട്ടിയുള്ള നിലവിളക്കു മുന്നിലും മൗനമായിരിക്കുവാന്‍ ദൈവത്തെ പ്രേരിപ്പിച്ചത്. പാപികളായ മനുഷ്യവംശത്തോടുള്ള ദൈവത്തിന്റെ സ്‌നേഹത്തിന്റെ ഓര്‍മ്മദിനമാണ് ദുഃഖവെള്ളി.

കുരിശില്‍ വച്ച് എല്ലാം പൂര്‍ത്തിയായ ദിനമാണ് ദുഃഖവെള്ളി. യോഹന്നാന്‍ സുവിശേഷകന്‍ വളരെ കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്നുണ്ട്: “യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു; എല്ലാം പൂര്‍ത്തിയായി. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു” (യോഹ. 19:30). എല്ലാം പൂര്‍ത്തിയായി എന്ന വചനത്തിന് ‘ബലിയാട്’ എന്ന പുസ്തകത്തില്‍ ജോസഫ് പംപ്ലാനി പിതാവ് കൃത്യമായ അര്‍ത്ഥം നല്‍കുന്നുണ്ട്. പാലസ്തീനിയന്‍ പശ്ചാത്തലത്തില്‍ സാധാരണയായി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു നാടന്‍ പ്രയോഗമായിരുന്നു എല്ലാം പൂര്‍ത്തിയായി (തെത്തെലെസ്തായി). യജമാനന്‍ കല്‍പിക്കുന്ന ശ്രമകരമായ ജോലി പൂര്‍ത്തിയാക്കുന്ന ഭൃത്യന്റെ വാക്കായും, ജറുസലേം ദൈവാലയത്തില്‍ ബലിമൃഗത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന പുരോഹിതന്‍ ബലിമൃഗം സ്വീകാര്യമാണ് എന്ന് പ്രഖ്യാപിക്കുന്ന പദമായും, ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയവര്‍ പണമടച്ച് ഇടപാട് തീര്‍ത്തുകഴിയുമ്പോള്‍ കടബാദ്ധ്യതകള്‍ തീര്‍ന്നതായി വ്യാപാരി നടത്തുന്ന പ്രഖ്യാപനമായും ഈ പ്രസ്താവം ഉപയോഗിച്ചിരുന്നു. കുരിശില്‍ കിടന്നുകൊണ്ട് ക്രിസ്തു എല്ലാം പൂര്‍ത്തിയായി എന്നു പറഞ്ഞതില്‍ ഈ മൂന്ന് അര്‍ത്ഥങ്ങളും പൂര്‍ത്തിയാക്കപ്പെട്ടു. ഒന്നാമതായി, പിതാവ് ഭരമേല്‍പിച്ച ശ്രമകരമായ രക്ഷണീയദൗത്യം പൂര്‍ത്തിയാക്കിയ സഹനദാസന്റെ വിജയപ്രഘോഷണമാണത്. രണ്ടാമതായി, യഥാര്‍ത്ഥ പെസഹാക്കുഞ്ഞാടായ ക്രിസ്തുവിന്റെ അസ്ഥികള്‍ ഒന്നുപോലും തകര്‍ക്കപ്പെട്ടില്ല എന്നും സൂചിപ്പിക്കുന്നു. മൂന്നാമതായി, പിശാചിന് അടിമയായിരുന്ന പാപികളായ മനുഷ്യകുലത്തെ സ്വന്തം ജീവന്‍ വിലയായി നല്‍കി വീണ്ടെടുത്ത ക്രിസ്തു പിശാചിനോട് നടത്തുന്ന വിജയപ്രഘോഷണമാണിത്.

വീണ്ടും ദൈവസ്വപ്നങ്ങളോട് ആമ്മേന്‍ പറഞ്ഞവന്റെ വിജയദിനമാണ് ഓരോ ദുഃഖവെള്ളിയും. പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റിക്കളയേണമേ എന്നു പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവിന്റെ അവസാന തീരുമാനം ദൈവസ്വപ്നത്തിന്, ദൈവഹിതത്തിന് ആമ്മേന്‍ പറഞ്ഞു എന്നുള്ളതാണ്. അതായത്, ലോകപാപങ്ങള്‍ക്കു വേണ്ടി, മനുഷ്യരക്ഷയ്ക്കു വേണ്ടി സഹനത്തിന്റെ കാസ മട്ടോളം കുടിച്ചുതീര്‍ക്കുക. ദൈവസ്വപ്നങ്ങള്‍ക്ക് ആമ്മേന്‍ പറഞ്ഞ ഒരു അപ്പന്റെയും, ദൈവവചനത്തിന് ആമ്മേന്‍ പറഞ്ഞ ഒരു അമ്മയുടെയും മകന്‍ ആയതുകൊണ്ടാവാം ക്രിസ്തുവും പറയുന്നത്: “എന്റെ ഹിതമല്ല; അങ്ങയുടെ ഹിതം നിറവേറട്ടെ” എന്ന്. പ്രിയപ്പട്ടവരേ, ഓരോ ദുഃഖവെള്ളിയും നമ്മെ വെല്ലുവിളിക്കുന്നുണ്ട്. ദൈവഹിതത്തിന് പൂര്‍ണ്ണമായും ആമ്മേന്‍ പറയുവാന്‍ സാധിക്കുന്നുണ്ടോ എന്ന് വിചിന്തനം ചെയ്യാന്‍.

ഫുള്‍ട്ടന്‍ ജെ. ഷീന്‍ ഇപ്രകാരം കുറിച്ചിട്ടു: “നാം തീക്ഷ്ണമായി സ്‌നേഹിക്കുകയാണെങ്കില്‍ ആ സ്‌നേഹിക്കുന്നത് നേടിയെടുക്കാന്‍ വേണ്ട ത്യാഗത്തെക്കുറിച്ച് അല്‍പമേ ചിന്തിക്കൂ” എന്ന്. ക്രിസ്തുവിന്റെ ജീവിതത്തിലേയ്ക്ക് ഒന്നു നോക്കാം. മനുഷ്യകുലത്തെ, എന്നെയും നിങ്ങളെയുമൊക്കെ അത്ര അധികമായി സ്‌നേഹിച്ചതുകൊണ്ടാണ് നമ്മെ വീണ്ടെടുക്കാന്‍ അവന്‍ അനുഭവിച്ച കഷ്ടപ്പാടുകളൊക്കെ അവന് നിസ്സാരമായി തോന്നിയത്. അവന് എല്ലാം നിസ്സാരമായിരുന്നു. അതുകൊണ്ടു തന്നെയാണല്ലോ ഒറ്റിക്കൊടുത്തവനെയും തള്ളിപ്പറഞ്ഞവനെയും ഉപേക്ഷിച്ചുപോയവരെയുമൊക്കെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്താന്‍ അവനു കഴിഞ്ഞത്. പ്രിയപ്പട്ടവരേ, ക്രിസ്തുവിന്റെ ഈ മനോഭാവം നമ്മെ ആഴമായി ചിന്തിപ്പിക്കേണ്ട ഒന്നാണ്. സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടി സഹനങ്ങള്‍ ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണോ? ഓരോ ദുഃഖവെള്ളിയും സ്‌നേഹിതനു വേണ്ടി കുരിശിലേറാനുള്ള ക്ഷണം കൂടിയാണ് നമുക്ക് തരുന്നത്.

രണ്ട് ചെറുപ്പക്കാരുടെ മരണങ്ങളെക്കുറിച്ച് ചിന്തിക്കാം. ഒന്നാമത്തേത് കഥയായിരിക്കാം. അലക്‌സാണ്ടര്‍ എന്ന ചെറുപ്പക്കാരന്‍ മരണവേളയില്‍ പറഞ്ഞു, ശവകുടീരത്തിലേയ്ക്ക് എന്നെ കൊണ്ടുപോകുമ്പോള്‍ എന്റെ കരങ്ങള്‍ ശവമഞ്ചത്തിനു വെളിയില്‍ ആയിരിക്കണം. ശൂന്യമായ ആ കരങ്ങള്‍ ലോകത്തോട് പറയും, എല്ലാം നേടിയ അലക്‌സാണ്ടര്‍, ഈ ലോകം വെട്ടിപ്പിടിച്ച അലക്‌സാണ്ടര്‍ വെറുംകൈയ്യോടെ മടങ്ങിപ്പോകുന്നു എന്ന്. രണ്ടാമത്തേത് കഥയല്ല; നടന്ന സംഭവമാണ്. ഒരു ചെറുപ്പക്കാരന്‍ മരിച്ചു, പേര് യേശു; പ്രായം 33. ഒന്നും നേടിയില്ല, ശേഖരിച്ചുവച്ചിട്ടില്ല, കരങ്ങള്‍ ശൂന്യം. എന്നാല്‍ അയാളാകട്ടെ, ശൂന്യമായ കരങ്ങള്‍ മലര്‍ക്കേ വിരിച്ചുപിടിച്ച് ശാന്തമായി പറഞ്ഞു: ‘എല്ലാം പൂര്‍ത്തിയായി.’ എന്നിട്ട് മരിക്കുന്നു. പ്രിയപ്പെട്ടവരേ, ഒന്നും ശേഖരിച്ചുവയ്ക്കാതെ എല്ലാം നല്‍കുന്നവനു മാത്രമേ എല്ലാം പൂര്‍ത്തിയായി എന്നും പറഞ്ഞുകൊണ്ട് മരിക്കാന്‍ കഴിയൂ. എല്ലാം ശേഖരിച്ചുവയ്ക്കുന്നവന്റെ അന്ത്യം ഭയാന കമായിരിക്കും എന്ന് ഭോഷനായ ധനികന്റെ ഉപമ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ക്രിസ്തുവിന്റെ മരണം എല്ലാം നല്‍കുന്നതിന്റെ പൂര്‍ത്തീകരണമായിരുന്നു.

ഓരോ ദുഃഖവെള്ളിയും നമ്മോട് ആവശ്യപ്പെടുന്നുണ്ട്, സ്വയം ദാനമാകാന്‍, ക്രിസ്തു കാണിച്ചുതന്ന, ഒന്നും ശേഖരിച്ചുവയ്ക്കാതെ അപരനുവേണ്ടി ഉള്ളതു മുഴുവന്‍ നല്‍കുന്ന സ്‌നേഹത്തില്‍ വളരാന്‍.
എവിടെയോ വായിച്ചത് ഓര്‍ക്കുന്നു, ‘മുറിക്കപ്പെടു ന്നവര്‍ ഓര്‍മ്മിക്കപ്പെടും’ എന്ന്. അതേ പ്രിയപ്പെട്ടവരേ, നമുക്കുവേണ്ടി കുരിശില്‍ മുറിഞ്ഞവനെ നാം ഓര്‍ക്കുകയാണ് ഇന്ന്. അവന്‍ നമുക്ക് നല്‍കുന്ന ഏറ്റവും വലിയ പ്രത്യാശ കുരിശിനപ്പുറം ഒരു ഉയിര്‍പ്പുണ്ട് എന്നുള്ളതാണ്. അതേ സ്‌നേഹമുള്ളവരേ, നമ്മുടെ ജീവിതങ്ങളില്‍ ഉണ്ടാകുന്ന എല്ലാ ദുഃഖവെള്ളികള്‍ക്കുമപ്പുറം ഒരു ഉയിര്‍പ്പ് ഉണ്ട്. ഈ നോമ്പ് നമ്മോട് ആവശ്യപ്പെടുന്നത് സഹനത്തെ പുല്‍കാന്‍ നീ തയ്യാറാണോ എന്നാണ്. ഇന്ന് നമുക്ക് വേണ്ടതും ക്രിസ്തുവിന്റെ അതേ മനോഭാവമാണ്. പ്രാര്‍ത്ഥിക്കണം, സഹനങ്ങള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനല്ല മറിച്ച്, അവ സഹിക്കാനുള്ള, ഉള്‍ക്കൊള്ളാനുള്ള ശക്തി തരുന്നതിന്. ഈ കാസ എന്നില്‍ നിന്ന് അകറ്റിക്കളയേണമേ എന്നുള്ള ക്രിസ്തുവിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ലായിരിക്കാം. പക്ഷേ, ഘോരമായ സഹനത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ശക്തി പിതാവ് അവിടുത്തേയ്ക്ക് കൊടുത്തു. ഈ സഹനങ്ങള്‍ക്കെല്ലാമപ്പുറം സ്വര്‍ഗ്ഗരാജ്യം നമ്മെ കാത്തിരിക്കുന്നുണ്ട് എന്നുകൂടി അവിടുന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

വചനത്തില്‍ നാം കാണുന്നുണ്ട്, “നീതിക്കുവേണ്ടി പീഡനമേല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്” എന്ന്. അതേ പ്രിയപ്പെട്ടവരേ, ദൈവനീതിക്കു വേണ്ടി സ്വയം സഹനങ്ങള്‍ ഏല്‍ക്കുന്ന ക്രിസ്തു. ആബേല്‍ ബലിയര്‍പ്പിച്ച കുഞ്ഞാട് മുതല്‍ പാപപരിഹാരത്തിനും ദൈവപ്രീതിക്കുമായി ബലിയര്‍പ്പിക്കപ്പെടുന്ന അനേകം കുഞ്ഞാടുകളെ നാം കണ്ടുമുട്ടുന്നുണ്ട്. അബ്രഹാം മോറിയ മലയില്‍ ബലികഴിക്കുന്ന കുഞ്ഞാട്, സംഹാരദൂതന് അടയാളമായി ചോര ചിന്തിയ കുഞ്ഞാട്, പാപപരിഹാര ദിനത്തില്‍ ദൈവാലയത്തിലും ജനങ്ങളുടെ പാപം പേറി മരുഭൂമിയിലും വച്ച് കൊല്ലപ്പെടു ന്ന കുഞ്ഞാടുകള്‍… ഇങ്ങനെ കുഞ്ഞാടുകളുടെ പരമ്പര നീളുകയാണ്. ഒടുക്കം കാല്‍വരിയിലെ കുഞ്ഞാടിന്റെ ബലിയിലൂടെ എല്ലാം പൂര്‍ത്തിയാകുന്നു. ഹെബ്രായ ലേഖകന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്, കാളകളുടെയും കോലാടുകളുടെയും രക്തത്തിന് പാപങ്ങള്‍ നീക്കിക്കളയാന്‍ കഴിയില്ല എന്ന്. അതിനാല്‍ ക്രിസ്തു സ്വന്തം രക്തം ചിന്തി നമുക്ക് രക്ഷ നേടിത്തന്നു. ക്രിസ്തുവിന്റെ ഈ ബലിയാണ് ഓരോ ദുഃഖവെള്ളിയും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഒരു രീതിയില്‍ ചിന്തിച്ചാല്‍, ഇത് നമുക്ക് ദുഃഖവെള്ളിയല്ല. ക്രിസ്തു നമുക്ക് രക്ഷ നേടിത്തന്ന സന്തോഷത്തിന്റെ ദിനമാണ്. അതിനാല്‍ കൃതജ്ഞതയുള്ള ഒരു മനസ്സോടെ വേണം ക്രിസ്തുവിന്റെ പീഡാസഹനങ്ങളെപ്പറ്റി നാം ധ്യാനിക്കുവാന്‍. നാം പ്രാര്‍ത്ഥിക്കണം, അവനെപ്പോലെ ദൈവഹിതത്തിന് ആമ്മേന്‍ പറയാന്‍, കുരിശെടുക്കാന്‍, കാല്‍വരി കയറാന്‍. ഒടുക്കം അവന്‍ തരുന്ന ഉയിര്‍പ്പില്‍ നമ്മെയും പങ്കുകാരാക്കാന്‍.

ഏതാനും വ്യക്തികളെക്കുറിച്ചു കൂടി ചിന്തിക്കാതെ ദുഃഖവെള്ളി പൂര്‍ണ്ണമാകില്ല എന്നു കരുതുകയാണ്. ഒന്നാമന്‍ യൂദാസാണ്. തെറ്റു പറ്റിപ്പോയി എന്ന തിരിച്ചറിവ് ഉണ്ടായെങ്കിലും തിരിച്ചുവരാന്‍ സാധിക്കാതെപോയ മനുഷ്യന്‍. നമ്മിലും ഈ ഒരു മനോഭാവത്തിന്റെ വിത്തുകളുണ്ടാവാം. തിരിച്ചറിവുകള്‍ ഉണ്ടായിട്ടും തിരിച്ചുവരാന്‍ കൂട്ടാക്കാതെയിരിക്കുന്ന അവസ്ഥകള്‍. രണ്ടാമന്‍ പത്രോസാണ്. മരിക്കേണ്ടി വന്നാല്‍ പോലും നിന്നെ ഞാന്‍ തള്ളിപ്പറയില്ല എന്ന് വീമ്പ് പറഞ്ഞവന്‍ ഒരു പരിചാരകപ്പെണ്ണിന്റെ അടുത്ത് ചൂളിപ്പോവുകയാണ്. നമ്മിലും കാണും പത്രോസിനെപ്പോലെ കഴമ്പില്ലാതെ, കാമ്പില്ലാതെ വീരവാദം മുഴക്കുന്ന വ്യക്തിത്വങ്ങള്‍. അടുത്തത് യോഹന്നാനാണ്. കാല്‍വരിയില്‍, കുരിശിന്‍ചുവട്ടില്‍ നിന്ന ശിഷ്യന്‍. ക്രിസ്തുവിനോടു കൂടെ ഉണ്ടായിരുന്നവന്‍. അവനാണ് അമ്മയെ കിട്ടുക. പ്രിയപ്പെട്ടവരേ, ക്രിസ്തുവിനോട് കൂടെ നില്‍ക്കുന്നവര്‍ക്കേ അവന്റെ അനുഗ്രഹങ്ങള്‍ ലഭിക്കൂ. അടുത്തയാള്‍ പീലാത്തോസാണ്. ഉത്തരവാദിത്വങ്ങളില്‍ നിന്ന് കൈ കഴുകി ഒഴിഞ്ഞവന്‍. ക്രിസ്തു നീതിമാനാണ് എന്ന് അറിഞ്ഞിട്ടും നീതി നിഷേധിച്ചവന്‍. നമ്മിലും കാണും ഓരോ പീലാത്തോസുമാര്‍; ഉത്തരവാദിത്വങ്ങളില്‍ നിന്നും കൈ കഴുകി രക്ഷപെടുന്നവര്‍. അവസാനമായി മറിയമാണ്. മറിയം കൂടെയില്ലാത്ത ഒരു കുരിശിന്റെ വഴികളുമില്ല. കുരിശിന്റെ വഴിയില്‍ മകന്റെ പിന്നാലെ അവള്‍ നടന്നു. സ്വപുത്രന്‍ പീഡകളേറ്റ് ക്രൂരമായി കൊല്ലപ്പെടുന്നത് നോക്കിനില്‍ക്കാനേ ആ അമ്മയ്ക്ക് കഴിഞ്ഞുള്ളൂ. ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നുണ്ട്: “പീഡകളേറ്റു മരിച്ച ക്രിസ്തുവിന്റെ സഹനങ്ങളാണോ, സ്വന്തം മകന്‍ ക്രൂരമായി കൊല്ലപ്പെടുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന മറിയത്തിന്റെ സഹനങ്ങളാണോ കൂടുതല്‍ വേദനാജനകം എന്ന് വേര്‍തിരിച്ച് കാണുവാന്‍ നമുക്ക് കഴിയില്ല” എന്ന്. എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ദൈവഹിതത്തിന് ആമ്മേന്‍ പറയുന്ന ആ അമ്മ. ഓരോ ദുഃഖവെള്ളിയും നമ്മെ വെല്ലുവിളിക്കുന്നുണ്ട്. ദൈവഹിതത്തിന് ആമ്മേന്‍ പറയുവാന്‍ എനിക്കും നിങ്ങള്‍ക്കും സാധിക്കുന്നുണ്ടോ എന്ന് ചിന്തിക്കുവാന്‍.

പ്രിയപ്പെട്ടവരേ, മരത്താലേ വന്ന പാപം പോക്കാന്‍ മരത്തില്‍ മരിക്കുന്ന ദൈവത്തിന്റെ ഓര്‍മ്മയാണ് ഇന്ന്. മരണമില്ലാത്തവന്റെ മരണം വഴി മരണം തോറ്റുപോയ ദിനം. നമുക്കും പ്രാര്‍ത്ഥിക്കാം, ക്രിസ്തുവിനെപ്പോലെ സഹിക്കാനും ക്ഷമിക്കാനും എല്ലാറ്റിലുമുപരി ദൈവഹിതം തിരഞ്ഞ് അത് അനുവര്‍ത്തിക്കാനുമുള്ള കൃപയ്ക്കായി. കുരിശില്‍ നമുക്കുവേണ്ടി സഹിച്ച ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. അഖില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.