ദുഃഖവെള്ളി

കുരിശിനെ സഹനത്തിന്റെ പ്രതീകത്തെക്കാൾ സംരക്ഷണത്തിന്റെ പ്രതീകമായി കാണാനാണ് എനിക്കിഷ്ടം. ചെറുപ്പത്തിൽ അമ്മ ചൊല്ലിപഠിപ്പിച്ച പ്രാർത്ഥനകളിൽ ആദ്യത്തേത് കുരിശ് വരയ്ക്കാൻ ആയിരുന്നു. തിന്മയിൽ നിന്നും ആപത്തുകളിൽ നിന്നും സംരക്ഷിക്കുന്ന വലിയൊരു സംരക്ഷകന്റെ രൂപമായിരുന്നു അന്ന്  ഈശോയെന്നു കേൾക്കുമ്പോൾ മനസ്സിൽ. സഹനത്തിന്റെ പ്രതീകത്തെക്കാൾ സംരക്ഷണത്തിന്റെ പ്രതീകം ആയതുകൊണ്ടാകാം ഒരുപക്ഷേ, ഈ മരക്കുരിശിന് ഇത്ര ആകർഷണം വന്നത്.

പരിഹാസത്തിന്റെ അടയാളമായിരുന്ന കുരിശിനെ മരണത്തിലൂടെയും അതിനുശേഷം ഉയിർപ്പിലൂടെയും ഈശോ മഹത്വത്തിന്റെ അടയാളമാക്കി മാറ്റി. പാപത്തിന്റെ അടിമത്വത്തിൽ നിന്നും നമ്മെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈശോ കുരിശിൽ മരിച്ചത്. കുറ്റവാളികളെ കൊല്ലാൻ ഉപയോഗിച്ചിരുന്ന കുരിശ് ഒരു നീതിമാന്റെ മരണത്തിലൂടെ രക്ഷയുടെ പ്രതീകമായി മാറി, സംരക്ഷണത്തിന്റെ അടയാളമായി മാറി. നെറ്റിയിൽ കുരിശുവരച്ചു എണീക്കുമ്പോളും കിടക്കുമ്പോളും  ക്രൂശിതരൂപം കഴുത്തിൽ അണിയുമ്പോഴുമൊക്കെ നാം വലിയൊരു സംരക്ഷണത്തണലിലാണ്. സഹനങ്ങളിൽ മാത്രം ക്രൂശിതനെ തേടാതെ ആ കുരിശിന്റെ തണലിൽ, ക്രൂശിതന്റെ സംരക്ഷണയിൽ അഭയം തേടാം. ക്രൂശിതന്റെ സംരക്ഷണത്തിനു നമ്മെത്തന്നെ വിട്ടുകൊടുക്കാം. പാപങ്ങളുടെ പരിഹാരാർത്ഥം വലിയ സഹനങ്ങൾ ഏറ്റെടുത്തുകൊണ്ട്  നാം നടത്തുന്ന തീർത്ഥാടനങ്ങളും കുരിശുമലകയറ്റവും കുരിശു ചുമക്കലുമൊക്കെ വലിയ ആഴ്ചയുടെ വിശുദ്ധി മറന്നുകൊണ്ടുള്ള വിനോദയാത്രകൾ ആകാതിരിക്കട്ടെ.

എവിടെപ്പോയി കുരിശിന്റെ വഴിയിൽ പങ്കെടുക്കുന്നു എന്നല്ല, പങ്കെടുക്കുന്നത് ഏതു മനോഭാവത്തോടെയാണ് എന്നതാണ് പ്രധാനം. എത്ര ഭാരമുള്ള കുരിശു ചുമക്കുന്നുവെന്നല്ല; ജീവിതത്തിൽ ഉണ്ടാകുന്ന വലിയ സഹനങ്ങളാകുന്ന കുരിശുകളെ, വിഷമകരമായ സാഹചര്യങ്ങളെ  എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. ഭംഗി കിട്ടാനായി കഴുത്തിൽ അണിയുന്ന ആഭരണമല്ല ക്രൂശിതരൂപമെന്നും മറിച്ചു അത് കുരിശിന്റെ സന്ദേശം ഹൃദയത്തിൽ സ്വീകരിക്കാനാണെന്നത് മറക്കാതിരിക്കാം. കുരിശിനെ അനുകരിക്കാതെ ക്രൂശിതനെ അനുകരിക്കാൻ ശ്രമിക്കാം. കുരിശിൽ നിന്നും ക്രൂശിതനിലേക്ക് വളരാം, അവിടെനിന്നും ഉത്ഥിതനിലേക്കും.

വചനം

യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ്‌ അവന്‍ ജീവന്‍ വെടിഞ്ഞു (ലൂക്കാ 23:46).

കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ  ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.