വാദ്യോപകരണങ്ങളാൽ തീർത്തൊരു പ്രാർത്ഥനാഗീതം

ഗാഗുൽത്താ മലയിൽ നിന്നും
വിലാപത്തിൻ മാറ്റൊലി കേൾപ്പൂ…

ദുഃഖവെള്ളിയാഴ്ചകളിൽ ഹൃദയത്തെ ധ്യാനാത്മകമാക്കി, ക്രിസ്തുവിന്റെ വേദന മുഴുവൻ വിശ്വാസികളിലേയ്ക്ക് സ്വാംശീകരിപ്പിച്ച സംഗീതം. കൊറോണ കാലത്ത് ദൈവാലയങ്ങൾ അടഞ്ഞുകിടന്നപ്പോൾ ഈ പ്രാർത്ഥനാഗാനത്തിന്റെ ഈരടികൾ ഒരുതവണയെങ്കിലും പാടാത്ത അധരങ്ങളില്ല. മൂളാത്ത വിശ്വാസികളില്ല. ആ ഗാനം പാടുമ്പോഴൊക്കെയും വിശ്വാസികളാൽ നിറഞ്ഞ ദൈവാലയവും സ്ലീവാചുംബനവും കുന്തുരുക്കത്തിന്റെ സുഗന്ധവും കൈപ്പുനീരിന്റെ രുചിയും പലരുടെയും മനസിലേയ്ക്ക് ഓടിവന്നു. ദുഃഖവെള്ളിയുടെ അർത്ഥവും ആഴവും ഇത്രമേൽ ഉൾക്കൊണ്ട മറ്റൊരു ഗാനം കണ്ടെത്താൻ കഴിയില്ല. ഈ ഒരു ഗാനം തന്നെയാണ് ലോക്ക്‌ ഡൌൺ നാളുകളിൽ അനേകർക്കു‌ മുന്നിൽ പ്രാർത്ഥനയായി ഒരു സംഘം വാദ്യോപകരണ കലാകാരന്മാർ എത്തിച്ചിരിക്കുന്നത്. പ്രായവ്യത്യാസമില്ലാതെ, പ്രശസ്‌തിയുടെ പടവുകൾ കയറിയ, ക്രൈസ്തവരായ വാദ്യോപകരണ സംഗീതജ്ഞർ തയ്യാറാക്കിയ ആ സംഗീതത്തെക്കുറിച്ചും അത് അനേകർക്ക്‌ പ്രാർത്ഥനയായി മാറിയ അനുഭവത്തെക്കുറിച്ചും ലൈഫ് ഡേയോട് പങ്കുവയ്ക്കുകയാണ് ചങ്ങനാശേരി അതിരൂപതയിലെ വൈദികനായ ഫാ. ജിബിൻ കേഴപ്ലാക്കൽ.

പതിവിൽ നിന്നും വ്യത്യസ്തമായി ലോക്ക്‌ ഡൗണിന്റെ അകമ്പടിയോടെയാണ് ഈ വർഷത്തെ വിശുദ്ധവാരം കടന്നെത്തിയത്. ദൈവാലയങ്ങൾ വിശ്വാസികളാൽ നിറഞ്ഞിരിക്കേണ്ട സമയം ശൂന്യമായി കിടന്നതിനെ വന്യതയും ബലിയർപ്പിക്കുന്ന പുരോഹിതനും ബലിപീഠവും മാത്രമായ ദൈവാലയങ്ങളും. വിശുദ്ധവാരത്തിന്റെ ചൈതന്യത്തിൽ വിശ്വാസികളെ ഉറപ്പിച്ചുനിർത്തുവാൻ വൈദികരും തങ്ങളാലാവുംവിധം ശ്രമിച്ചുകൊണ്ടിരുന്നു. ഈ ഒരു സമയത്താണ് തിരുവല്ലം, വെള്ളായാനി പള്ളികളുടെ വികാരിയും തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ വിദ്യാർത്ഥിയുമായ ജിബിനച്ചൻ ഒരു സംഗീതം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചത്. ആലാപനം പൂർണ്ണമായും ഒഴിവാക്കി സംഗീതോപകരണങ്ങൾ മാത്രം ഉപയോഗിച്ചുള്ള ഒരു സംഗീതം. അത് ഒരു പ്രാർത്ഥനയായി മാറണം. ഒപ്പം ദുഃഖവെള്ളിയുടെ വിചിന്തനമായും.

പെസഹാ വ്യാഴാഴ്ചയാണ് ഇങ്ങനെ ഒരു ആഗ്രഹം അച്ചന്റെ മനസ്സിൽ തോന്നിത്തുടങ്ങിയത്. ആ നിമിഷമൊക്കെയും ദുഃഖവെള്ളിയാഴ്ച ദൈവാലയത്തിൽ പോകാൻ കഴിയാതെ വിഷമിക്കുന്ന ഒരുപറ്റം വിശ്വാസികളായിരുന്നു അദ്ദേഹത്തിന്റെ മുന്നിൽ. അവർക്ക് ദുഃഖവെള്ളിയുടെ ചൈതന്യം പകരുന്ന ഒരു സംഗീതത്തിനായുള്ള അന്വേഷണം അവസാനിച്ചത് ‘ഗാഗുൽത്താ മലയിൽ…’ എന്നുള്ള ഗാനത്തിലായിരുന്നു. സംഗീതം തിരഞ്ഞെടുത്തതിനുശേഷം അതിനു ഉപകരണങ്ങൾ വായിക്കുന്നതിനായി തിരഞ്ഞെടുത്തത് കേരളത്തിലെ സിനിമ- ചാനൽ മേഖലകളിലും മറ്റും പ്രവർത്തിക്കുന്ന പ്രശസ്തരായ വാദ്യോപകരണ സംഗീതജ്ഞരെ.

അച്ചൻ ഈയൊരു പാട്ടു ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ എല്ലാവരും ഓക്കേ പറഞ്ഞു. പിന്നീട് ഓരോ ഉപകരണങ്ങൾ വായിച്ചവർക്കും അത് ഒരു പ്രാർത്ഥനയായി മാറുകയായിരുന്നു. ഇതിൽ വിവിധ പ്രായക്കാരുണ്ട്. മുതിർന്ന തലമുറ മുതൽ ഇളംതലമുറ വരെയുണ്ട്. എല്ലാവരും ഒന്നേ ആഗ്രഹിച്ചുള്ളൂ. കേൾക്കുന്നവരിൽ ദൈവം പ്രവർത്തിക്കണം. അവർ മറ്റേതു ലോകത്തായാലും ഇത് കേൾക്കുന്ന നിമിഷം കുരിശിൽ നിന്ന് തന്നോട് വിട ചോദിക്കുന്ന ദൈവപുത്രന്റെ സ്നേഹം തിരിച്ചറിയണം. അത് വിജയിക്കുക തന്നെ ചെയ്തു.

പല സ്ഥലങ്ങളിലായിരുന്നവർ തങ്ങൾ ആയിരുന്ന ഇടങ്ങളിൽ ഇരുന്നുകൊണ്ട് സംഗീതോപകരണങ്ങൾ വായിച്ചു. വീഡിയോ ജിബിൻ അച്ചന് അയച്ചുകൊടുത്തു.

ശ്രീ. റാൽഫിൻ സ്റ്റീഫൻ (പിയാനോ), ശ്രീ. ജോസി ആലപ്പുഴ (കീ ഫ്ലൂട്ട്), ശ്രീ. ഫ്രാൻസിസ് സേവ്യർ (വയലിൻ), ശ്രീ. ജെർസൺ ആന്റണി (ഗിറ്റാർ), ശ്രീ. നെൽസൺ പീറ്റർ (പിയാനോ), ശ്രീ. സുബിൻ ജെർസൺ (ഓടക്കുഴൽ), ശ്രീ. ജോബി വെമ്പാല (വയലിൻ), ശ്രീ. വിൻവി വർഗ്ഗീസ് (പ്രോഗ്രാമർ), ശ്രീ. ഗൗതം വിൻസന്റ് (മെലോഡിക്ക), ശ്രീ. ഷിബി മോസസ് (വീണ), ശ്രീ. സോബിൻ മുട്ടാർ (മെലോഡിക്ക), ശ്രീ. ബാപ്പൂട്ടി അതിരമ്പുഴ (വയലിൻ) എന്നിവരാണ് ഈ സംഗീതത്തിന്റെ ഭാഗമായത്.

ശ്രീ.വിൻവി വർഗീസ് ഓഡിയോ എഡിറ്റിംഗും ജിബിൻ അച്ചന്റെ സഹോദരൻ കൂടിയായ ജിജോ കേഴപ്ലാക്കൽ വീഡിയോ എഡിറ്റിംഗും നിർവ്വഹിച്ചു. അങ്ങനെ ഒറ്റദിവസം കൊണ്ട് 13 ക്രിസ്ത്യൻ വാദ്യോപകരണ സംഗീതജ്ഞരുടെ കൂട്ടായ്മയിൽ നിന്ന് ആ മനോഹരസംഗീതം പിറന്നു. അനേകർക്ക്‌ ആത്മീയപിൻബലം നൽകാനായി…

ഈ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. നിരവധി വൈദികരും പിതാക്കന്മാരും ഈ സംഗീതത്തിനു പിന്നിലുള്ളവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. എല്ലാവർക്കും പറയാനുള്ളത് ഒന്നുമാത്രം. എവിടെക്കെയോ ഒരു വിങ്ങൽ. ഈ വർഷം പങ്കെടുക്കാൻ പറ്റാതെപോയ ഈശോയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആ വിലാപയാത്ര കണ്മുമ്പിൽ തെളിയുന്നതുപോലെ. നമുക്കും കാതോർക്കാം… കണ്ണുകളടയ്ക്കാം… ഈ സംഗീതത്തിലൂടെ നിനക്കായി കുരിശേറിയവൻ നൽകുന്ന പ്രതീക്ഷയിലേയ്ക്ക് സഞ്ചാരിക്കാം…

മരിയ ജോസ്