ദേശീയഗാനങ്ങളെ പ്രണയിക്കുന്ന ഗോൾഡൻ സിസ്റ്റേഴ്സ്

സി. സൗമ്യ DSHJ

‘ഗോൾഡൻ സിസ്റ്റേഴ്‌സ്’ എന്ന പേരിൽ അറിയപ്പെടുന്ന ആഗ്നസും തെരേസും എന്തുകൊണ്ടും ആ പേരിന് അനുയോജ്യരാണ്. എന്തുകൊണ്ടാണന്നല്ലേ? ലോകത്തെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയഗാനം ഇവർക്ക് മനഃപാഠമാണ്. ഇപ്പോൾ ഓസ്‌ട്രേലിയയിൽ താമസിക്കുന്ന എറണാകുളം – അങ്കമാലി അതിരൂപതയിലെ സ്രാമ്പിക്കൽ ഇടവകയിലെ കണിയാപറമ്പിൽ ജോയി കെ. മാത്യു – ജാക്വലിൻ ദമ്പതികളുടെ മക്കളായ ഇവരെ ‘നാഷണൽ ആന്തം സിസ്റ്റേഴ്സ്’ എന്നാണ് വിളിക്കുന്നത്. തികഞ്ഞ ദൈവ വിശ്വാസവും സാമൂഹിക അവബോധവുമുള്ള ഇവർ തീർച്ചയായും ഭാവിയുടെ വാഗ്ദാനമാണ്. ഓസ്‌ട്രേലിയൻ യുണൈറ്റഡ്നേഷന്‍സ്   അസോസിയേഷന്റെ ചരിത്രത്തിലാദ്യമായി ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി പദവി തെരേസ് സ്വന്തമാക്കി കഴിഞ്ഞു. ഇവരുടെ ജീവിതത്തെ നമുക്കൊന്ന് പരിചയപ്പെടാം.

ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയഗാനം ആലപിച്ച്

ലോകത്തിലെ മുഴുവൻ രാജ്യങ്ങളിലെയും ദേശീയഗാനം മനഃപാഠമാക്കി പാടുക എന്നത് അത്ര നിസാര കാര്യമല്ല. വ്യത്യസ്ത ഭാഷകൾ, സംസ്‌കാരങ്ങൾ, ദേശസ്നേഹം എന്നിവയൊക്കെ അറിയണം. കുട്ടിക്കാലം മുതൽ ജീവകാരുണ്യ, സാമൂഹ്യ പ്രവർത്തനങ്ങളുടെ അനിവാര്യത മനസിലാക്കി തന്നെയാണ് ഈ കുട്ടികൾ വളർന്ന് വന്നത്. മാനവികതയുടെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും മനുഷ്യ സാന്നിധ്യങ്ങളായി മാറുക. ഇതാണ് മാതാപിതാക്കൾ ഈ കുഞ്ഞുങ്ങൾക്ക് പകർന്ന് നൽകിയത്. സാഹോദര്യ സ്നേഹത്തിന്റെ അവബോധം ഈ കുഞ്ഞുങ്ങളിൽ ഊട്ടി ഉറപ്പിക്കാനായി എല്ലാ രാജ്യങ്ങളെ കുറിച്ചും ഓരോ രാജ്യത്തിന്റെയും ആത്മാവിഷ്ക്കാരമായ ദേശീയ ഗാനത്തെക്കുറിച്ചും ഗവേഷണം നടത്താനും അത് മക്കളെ പഠിപ്പിക്കാനുമാണ് ഇവരുടെ പിതാവ് ജോയി ശ്രമിച്ചത്.

ഭാഷയ്ക്കും സാമ്പത്തിക വ്യത്യാസങ്ങൾക്കും സംസ്ക്കാരങ്ങൾക്കും അപ്പുറം എല്ലാ രാജ്യങ്ങളുടെയും ദേശീയത മനസിലാക്കുവാനും അവിടുത്തെ ജനങ്ങളോട് അങ്ങനെ ഒരു സഹവർത്തിത്വം പുലർത്തുവാനും ദേശീയ ഗാനം പഠിക്കുന്നതിലൂടെ ഈ സഹോദരിമാർക്ക് സാധിച്ചു. ഒരു രാജ്യത്തിന്റെ ദേശീയ ഗാനം പാടുമ്പോൾ അവരിൽ ഒരാളായി നാം മാറുകയാണെന്ന് ഇവർ പറയുന്നു. ദേശീയഗാനത്തിലൂടെ ലോകത്തിലെ എല്ലാവരെയും ഒന്നിപ്പിക്കാൻ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഐക്യരാഷ്ട്ര സഭയുമായും മറ്റ് സംഘടനകളുമായും സഹകരിച്ചുകൊണ്ട് ലോകത്തെ മുഴുവൻ രാജ്യങ്ങളിലെയും ദേശീയ ഗാനങ്ങൾ ആലപിച്ചു കൊണ്ടുള്ള ഇന്റർനാഷണൽ ഇവന്റ് സംഘടിപ്പിക്കുക എന്നതാണ് ഈ സഹോദരിമാരുടെ ലക്‌ഷ്യം. ഈ ഇവന്റിലൂടെ ലഭിക്കുന്ന പണം വിവിധ രാജ്യങ്ങളിൽ ഐക്യരാഷ്ട സഭ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാനും മറ്റ് സാമൂഹിക സേവനങ്ങള്‍ക്കായി വിനിയോഗിക്കാനും ഇവർ ആഗ്രഹിക്കുന്നു.

വ്യത്യസ്തത ആഗ്രഹിക്കുന്ന പെൺകുട്ടികൾ

ദേശീയ ഗാനങ്ങൾ പഠിക്കാൻ തുടങ്ങുമ്പോൾ തെരേസ ഏഴാം ക്ലാസിലും ആഗ്നസ് മൂന്നാം ക്ലാസിലും ആയിരുന്നു. ആരുടേയും നിര്‍ബന്ധത്താൽ അല്ല ഈ പെൺകുട്ടികൾ ദേശീയഗാനം പഠിക്കുവാൻ തീരുമാനിച്ചത്. അച്ഛൻ കാര്യങ്ങൾ പറഞ്ഞപ്പോൾ അത് ശരിയാണെന്നു മനസിലാക്കിയ ശേഷം അവർതന്നെ എടുത്ത തീരുമാനമായിരുന്നു അത്. മക്കളെക്കൊണ്ട് വ്യത്യസ്തവും ഉപകാരപ്രദവുമായ എന്തെങ്കിലും ചെയ്യിക്കുക എന്ന പിതാവ് ജോയിയുടെ ആഗ്രഹത്തിൽ നിന്നുമാണ് ഈ ആശയം ഉരുത്തിരിഞ്ഞത്.  മൂന്ന് വർഷത്തെ അന്വേഷങ്ങൾക്കും ഗവേഷണങ്ങൾക്കും ഒടുവിലാണ് മുഴുവൻ ലോക രാജ്യങ്ങളുടെയും ദേശീയഗാനം സ്വായത്വമാക്കുക എന്ന ആശയം പ്രാവർത്തികമാക്കാൻ അദ്ദേഹം തീരുമാനിച്ചത്. അതിനായി, മക്കൾക്ക് കാര്യങ്ങൾ പറഞ്ഞുകൊടുത്ത് അവരെ ബോധ്യപ്പെടുത്തുകയാണ് ആദ്യം അദ്ദേഹം ചെയ്തത്. പിന്നീട് തെരേസും ആഗ്നസും സ്വയം മുന്നോട്ട് വന്നു ദേശീയഗാനം പഠിക്കുക എന്ന ലക്ഷ്യത്തിനായി പ്രയത്നിച്ചു.

ഐക്യരാഷ്ട്ര സഭ അസോസിയേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന പദവി  

ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യങ്ങളെയും ആശയങ്ങളെയും കൂടുതൽ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു സിവിൽ സൊസൈറ്റിയാണ് ഐക്യരാഷ്ട്ര സഭ അസോസിയേഷൻ. എല്ലാ രാജ്യങ്ങളിലും ഐക്യരാഷ്ട്ര സഭ അസോസിയേഷന്റെ പ്രവർത്തനങ്ങളുണ്ട്. ഈ പ്രവർത്തനങ്ങളിൽ നിന്നുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ സാഹചര്യങ്ങളിൽ ജീവിക്കുന്ന ആളുകളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും അവർ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചും കൂടുതൽ മനസിലാക്കുകയും പീഡിതരായ ഒരു സമൂഹത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന ആശയം ഈ കുട്ടികളുടെ മനസിലുദിക്കുകയും ചെയ്തത്.

ഇപ്രകാരം സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികളായി ചെറുപ്പത്തിൽ തന്നെ വളർന്നു വന്നതിന് ഈ കുട്ടികൾ കടപ്പെട്ടിരിക്കുന്നത് ഇവരുടെ മാതാപിതാക്കളോട് തന്നെയാണ്. യു എൻ എ (United Nations Association of Australia) യിൽ അംഗമായ പിതാവ് ജോയി മക്കൾക്ക് മൂല്യബോധമുള്ള കാര്യങ്ങൾ  പറഞ്ഞുകൊടുത്തുകൊണ്ടാണ് ചെറുപ്പത്തിൽ തന്നെ വളർത്തിയത്. ചെറുപ്പത്തിൽ തന്നെ യുഎൻഎയിൽ നടക്കുന്ന പരിപാടികളിലും മീറ്റിങ്ങുകളിലും എല്ലാം ഈ മക്കളെയും അദ്ദേഹം കൂടെ കൂട്ടി. അങ്ങനെ നല്ല കാര്യങ്ങൾ ചെറുപ്പത്തിൽ തന്നെ മനസ്സിൽ പതിയുവാനുള്ള സാഹചര്യം ഈ മാതാപിതാക്കൾ തന്നെ മക്കൾക്ക് ഒരുക്കി കൊടുത്തു. അങ്ങനെ യുഎൻഎയിൽ മെമ്പർ ആയിരുന്ന തെരേസ് ഇപ്പോൾ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു. യാതൊരു സ്ഥാനമാനങ്ങളും ആഗ്രഹിക്കാതെ സമൂഹ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാനാണ് തങ്ങളുടെ അപ്പ തങ്ങളെ പറഞ്ഞു പഠിപ്പിച്ചതെന്ന് ഈ മക്കൾ പറയുന്നു. അതിനാൽ പദവിയിലെത്തുക എന്നതിനേക്കാൾ സമൂഹത്തിൽ നന്മ പ്രവർത്തിക്കുക എന്നതാണ് ഈ രണ്ട് മക്കളുടെയും ലക്ഷ്യവും പ്രയത്‌നവും. “ഞാനും എന്റെ സഹോദരി ആഗ്നസും കഴിഞ്ഞ എട്ട് വർഷമായി ലോകനന്മയും സമൂഹ നന്മയും ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്നു. ഞങ്ങൾ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും ലോകനന്മയ്ക്ക് വേണ്ടി മാത്രമായിരിക്കും” – തെരേസ പറയുന്നു.

വിശ്വാസത്തിൽ അടിയുറച്ച കുടുംബം

ഓസ്‌ട്രേലിയയിൽ ആയിരിക്കുമ്പോഴും എന്നും സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം നാട്ടിൽ ആയിരിക്കുന്ന വല്യപ്പനും വല്യമ്മയ്ക്കും ഇവർ സ്തുതി പറയും. വല്യമ്മച്ചി ഏഴ് വർഷം മുൻപ് മരിച്ചു പോയി. മരിക്കുന്നതിന്റെ തലേദിവസം വരെ അവർക്ക് ഈ കൊച്ചുമക്കൾ സ്തുതി കൊടുത്തിരുന്നു. ചാച്ചന് ഇവർ സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം ഇന്നും എല്ലാ ദിവസവും സ്തുതി കൊടുക്കുന്നു. ദൂരെയാണെങ്കിലും അവരോടൊപ്പം മക്കളും കൊച്ചുമക്കളും ഉള്ള ഒരു അനുഭവമാണ് പ്രായമായ ആ മാതാപിതാക്കൾക്ക് ഇതിലൂടെ ലഭിക്കുന്നത്. പണ്ട് മുതൽ ക്രൈസ്തവ കുടുംബങ്ങളിൽ നിലനിന്നിരുന്ന ഈ ആചാരം ഇന്നത്തെ തലമുറയ്ക്കും അന്യമായി പോയിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണമാണ്  ഈ സ്തുതി ചൊല്ലലിലൂടെ ഒളിമങ്ങാതെ നിൽക്കുന്നത്. മാതാപിതാക്കൾ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ ആണ് മക്കളെ നല്ലതും ചീത്തയുമായ കാര്യങ്ങളെ കുറിച്ചുള്ള അവബോധത്തിലേക്ക് വളർത്തുന്നത്.

‘ഇൻസ്പയറിങ് ജേർണി’ എന്ന പുസ്തകം

ഈശ്വര ചിന്തയോടെ, പ്രാർത്ഥനയോടെ ചെയ്‌താൽ ഏത് കാര്യവും ചെയ്യുവാൻ സാധിക്കുമെന്ന് ഇവരുടെ ഇതുവരെയുള്ള ജീവിതം ഓർമ്മപ്പെടുത്തുന്നു. കഴിഞ്ഞ എട്ട് വർഷത്തെ ഓസ്‌ട്രേലിയൻ ജീവിതാനുഭവങ്ങൾ, നേട്ടങ്ങൾ, പരാജയങ്ങൾ, നേരിടേണ്ടി വന്ന കഷ്ടപ്പാടുകൾ, ബുദ്ധിമുട്ടുകൾ ഇവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ‘ഇൻസ്പയറിങ് ജേർണി’ എന്ന പുസ്തകം പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഈ സഹോദരിമാർ. ഇംഗ്ലീഷിൽ പുറത്തിറങ്ങുന്ന ഈ പുസ്തകം മലയാളം ഉൾപ്പെടെ പല ഭാഷകളിൽ പ്രസദ്ധീകരിക്കാനാണ് ഈ സഹോദരിമാർ ആഗ്രഹിക്കുന്നത്. 2021 -ൽ ഈ പുസ്തകം പുറത്തിറക്കാൻ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഏഴോളം സ്‌കൂളുകളിൽ ഇവർ ഇതിനോടകം പഠിച്ചിട്ടുണ്ട്. അതിനാൽ തന്നെ വ്യത്യസ്ത രാജ്യക്കാരുമായും ഭാഷക്കാരുമായും സംസ്ക്കാരമുള്ളവരുമായും അടുത്തിടപഴകുവാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ വന്ന സമയങ്ങളിൽ പല കഷ്ടപ്പാടുകളും  ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഇവർക്ക് നേരിടേണ്ടി വന്നു. ഇവയൊക്കെ കൂടുതൽ ശക്തിയോടെയും ധൈര്യത്തോടെയും മുൻപോട്ട് പോകുവാനുള്ള അവസരവും അനുഭവവുമായിട്ടാണ് രണ്ടുപേരും സ്വീകരിച്ചിരിക്കുന്നത്. “വിമർശനങ്ങളെ അനുഗ്രഹമായി കാണുവാൻ ശ്രമിച്ചാൽ നാം രക്ഷപെടും. നമുക്ക് വിമർശകർ ഉണ്ടായാലേ വളരാൻ കഴിയൂ. വിമർശകരെ നാം ശത്രുക്കളായി കാണരുത്” – ഇവർ പറയുന്നു.

പഠനത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ ദേശീയ ഗാനം, ഭാഷ, സംസ്ക്കാരം എന്നിവയെ കുറിച്ചുള്ള ഗവേഷണവും ഈ സഹോദരിമാർ ചെയ്യുന്നു. ഒപ്പം ജീവകാരുണ്യ പ്രവർത്തനവും സാമൂഹിക പ്രവർത്തനവും ഐക്യരാഷ്ട സഭ അസോസിയേഷന്റെ പ്രവർത്തനങ്ങളിലും ഇവർ മുൻപന്തിയിൽ തന്നെയുണ്ട്. ആഴ്ചയിൽ നാല് ദിവസം വീട്ടിൽ ഭക്ഷണം ഉണ്ടാക്കാൻ സഹായിക്കുന്നു. മൂത്തയാളായ തെരേസ പഠനത്തോടൊപ്പം ഒരു നേഴ്‌സിങ് ഹോമിൽ ജോലിയും ചെയ്യുന്നുണ്ട്.

വളരെയേറെ കഷ്ടപ്പാടുകൾക്കിടയിൽ നിന്നാണ് ഈ കുടുംബം മുന്നേറിയത്. അതിനാൽ തന്നെ മക്കൾക്കും ആ കഷ്ടപ്പാടുകളെ കുറിച്ചെല്ലാം അറിയാം. അവർ അത് കണ്ടും മനസിലാക്കിയുമാണ് വളരുന്നത്. “മക്കൾ ജനിക്കുന്നതിന് മുൻപ് തന്നെ അവരെ എങ്ങനെ വളർത്തണം എന്നുള്ള കാര്യത്തിൽ വളരെയേറെ താത്പര്യവും തീരുമാനങ്ങളും ഞാൻ എടുത്തിരുന്നു. അതിനാൽ തന്നെ ചെറുപ്പം മുതൽ തന്നെ ഞങ്ങൾക്ക് അവരെ നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരുവാൻ കഴിഞ്ഞു. ഒറ്റ ദിവസം കൊണ്ട് സാധ്യമാകുന്ന കാര്യമൊന്നും അല്ല ഇവയൊന്നും” – പിതാവ് ജോയി പറയുന്നു.

ആഗ്നസ് ഓസ്‌ട്രേലിയയിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്നു. പന്ത്രണ്ടാം ക്ലാസിന് ശേഷം കമ്പ്യൂട്ടർ സയൻസും സൈബർ സെക്യൂരിറ്റിയും ചെയ്യാനാണ് താത്പര്യം. തെരേസ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയാണ്. രണ്ടാം വർഷ സൈക്കോളജിയും ക്രിമിനോളജിയും പഠിക്കുന്നു. മാസ്റ്റർ ഡിഗ്രിക്ക് ശേഷം തെരേസയും ലക്ഷ്യം വയ്ക്കുന്നത് സാമൂഹിക സേവനം തന്നെ. ലോകത്തിൽ വര്‍ദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ആ മേഖലയിൽ സമൂഹത്തിനാവശ്യമായ ഇടപെടലുകൾ നടത്തുകയാണ് ഇവരുടെ ലക്ഷ്യം. ലോകത്തിൽ ദുരിതമനുഭവിക്കുന്ന അനേകർക്ക് ആവശ്യമായ മാനസിക പരിചരണവും സപ്പോർട്ടും നൽകി, മാനസിക ആരോഗ്യമുള്ള യുവതലമുറയെ സൃഷ്ടിക്കുകയെന്നതാണ് ഇവരുടെ ആഗ്രഹം.

ജീവിതത്തിൽ എന്തൊക്കെ സ്ഥാനമാനങ്ങൾ നേടിയാലും ഈ മക്കൾ രണ്ടുപേരും നന്ദി പറയുന്നത് ദൈവത്തോടും ഒപ്പം മാതാപിതാക്കളോടും ആണ്. ഈ ‘ഗോൾഡൻ സിസ്റ്റേഴ്സ്’ ഇന്നത്തെ തലമുറയ്ക്ക് ഒരു പ്രചോദനമാണ്.

സി. സൗമ്യ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.