ഉണ്ണീശോ എനിയ്ക്ക് തന്ന സ്വർണ്ണമെഡൽ

സി. സോണിയ തെരേസ് ഡി. എസ്സ്. ജെ.

സി. സോണിയാ കുരുവിള മാതിരപ്പള്ളിൽ

വീണ്ടും മഞ്ഞിന്റെ കുളിരണിഞ്ഞ് ഒരു ഡിസംമ്പർ മാസം കൂടി കടന്നു വന്നിരിയ്ക്കുന്നു. ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കാനായ് നാം ഓരോരുത്തരും ഒരുങ്ങുന്ന നിമിഷങ്ങൾ. എന്തെന്നറിയില്ല എന്റെ ഓർമ്മകൾ കുറെ വർഷങ്ങൾ പിന്നോട്ട് പോയി. ഉണ്ണീശോയോടുള്ള ഭക്തി ചെറുപ്പം മുതൽ കൂടെയുണ്ടായിരുന്നു. അതിനാൽ തന്നെ എന്റെ ഏത് പ്രതിസന്ധിഘട്ടങ്ങളിലും ഞാൻ ഉണ്ണീശോയോട് സഹായം ചോദിയ്ക്കുമായിരുന്നു. ഒത്തിരി അവസരങ്ങളിൽ ഉണ്ണീശോ എന്നെ സഹായിക്കാനും മനസ്സ്കാട്ടി. എന്റെ ജീവിതത്തിൽ ഉണ്ണീശോ വ്യക്തമായി ഇടപ്പെട്ട ഒരു അനുഭവം ഞാൻ ഇവിടെ പങ്കുവെയ്ക്കുന്നു.

ഞാൻ ഇടുക്കി ജില്ലയിലെ കാൽവരി മൗണ്ട് സ്കൂളിൽ പഠിയ്ക്കുന്നകാലം. 1995 – ൽ കട്ടപ്പനവിദ്യാഭ്യാസജില്ലയെ പ്രധിനിതികരിച്ച് ആലുവായിലെ FACT ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനായ് ഞാനും എന്റെ കൂട്ടുകാരും യാത്ര പുറപ്പെട്ടു. ദീർഘദൂരം മത്സരങ്ങൾ എനിയ്ക്ക് ഒത്തിരി ഇഷ്ടമായതിനാൽ പ്രായം കുറവായിരുന്നിട്ടും ഞാൻ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആയിരുന്നു മത്സരിക്കാൻ യോഗ്യത നേടിയത്. അതിന് മുമ്പുള്ള വർഷം കോഴിക്കോട് നടന്ന സംസ്ഥാന കായിക മേളയിൽ ഞാൻ മത്സരിച്ച മൂന്ന് ഇനങ്ങളിലും വെള്ളി മെഡൽ നേടിയത് റെക്കോർഡോടെ ആയതിനാൽ എന്റെ ഗുരുനാഥൻ ഡോമിനിക്ക് സാറിന് എന്റെമേൽ അല്പം ശുഭപ്രതീഷകൾ ഉണ്ടായിരുന്നു.

5000 മീറ്റർ ആയിരുന്നു എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഇനം. അതുകൊണ്ട് തന്നെ ഡോമിനിക്ക് സാർ എന്നെ ഒത്തിരി പ്രോത്സാഹിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്തു. എനിയ്ക്ക് എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം തോന്നി കാരണം കോഴിക്കോട് എന്റെ മുമ്പിൽ സ്വർണ്ണം നേടിയ ബിന്ദു മാത്യു എന്ന കുട്ടി ഈ പ്രാവശ്യം ഇല്ലാത്തതിനാൽ ഞാൻ പരിശ്രമിച്ചാൽ എനിയ്ക്ക് സ്വർണ്ണ മെഡൽ നേടാൻ സാധിയ്ക്കും എന്നചിന്ത എന്നെ അല്പം അഹങ്കാരത്തിൽ കൊണ്ടെത്തിച്ചു.

എന്തായാലും ആലുവായ്ക്ക് തിരിയ്ക്കുന്നതിന് മുമ്പ് പതിവുപോലെ കാമാക്ഷിയിലുള്ള എന്റെ വീട്ടിൽ നിന്നും നാലഞ്ച് കിലോമീറ്റർ അകലെയുള്ള നാലുമുക്കിലെ ഉണ്ണീശോയുടെ പള്ളിയിൽ പോയി എണ്ണയൊഴിച്ച് പ്രാർത്ഥിച്ചിട്ടാണ് ഞാൻ മത്സരത്തിനായ് പുറപ്പെട്ടത്.

ആലുവായിൽ എത്തിയ എനിയ്ക്ക് രണ്ടാം ദിവസം രാവിലെ സീനിയർ പെൺകുട്ടികളുടെ 5000 മീറ്റർ മത്സരത്തിൽ പങ്കെടുക്കണം. ഞാൻ മത്സരത്തിനായ് തയ്യാറെടുത്തു തുടങ്ങിയപ്പോൾ ഡോമിനിക്ക് സാർ എന്റെ അടുത്തുവന്ന് പതിവ് ഡയലോഗ് തട്ടിവിട്ടു.

“താൻ റെക്കേർഡ് ഇല്ലാണ്ട് ഇങ്ങോട്ട് വരണ്ട… തനിയ്ക്കതിന് കഴിയും…” എന്തായാലും ഞാൻ എല്ലാം തല കുലുക്കി സമ്മതിച്ചു.

പക്ഷെ ചെറിയ ഒരു പ്രശ്നം എന്നെ അലട്ടുന്നുണ്ടായിരുന്നു. സാധാരണ സംസ്ഥാന തലത്തിൽ മത്സരങ്ങൾ നടത്തുമ്പോൾ സ്റ്റാർട്ടിങ്ങിനായ് വെടിയുതിർക്കുകയാണ് ചെയ്യുന്നത്. എനിയ്ക്കാണെങ്കിൽ വെടിപെട്ടുന്ന ശബ്ദം കേൾക്കുന്നത് പേടിയാണുതാനും. എന്നാൽ ആ സത്യം ഡോമിനിക്ക് സാറിനോട് പറയാതെ ഞാൻ മറച്ചു വച്ചു. കാരണം ആരെങ്കിലും അറിഞ്ഞാൽ എന്നെ കളിയാക്കിയാൽ എന്ത് ചെയ്യും എന്നോർത്ത് ഞാൻ ആ സത്യം ആരോടും പറയാതെയിരുന്നു.

5000 മീറ്റർ തുടങ്ങുവാനുള്ള അവസാന വിളി അറിയിച്ചു കൊണ്ടുള്ള വിസിൽ മുഴങ്ങി. ഞാൻ സ്വയം ധൈര്യം സംഭരിച്ച് സ്റ്റാർട്ടിങ്ങ് പോയിന്റിൽ വന്നു നിന്നു. ഞങ്ങൾ ഏകദേശം ഒരു 50 ഓളം പെൺകുട്ടികൾ ഒരുമിച്ച് രണ്ട് ലൈനിൽ ആണ് നിൽക്കുന്നത്. വെടിപെട്ടുന്ന ശബ്ദം കേൾക്കുമ്പോൾ വളരെ വേഗത്തിൽ കുതിച്ച് ഒന്നാം ട്രാക്കിൽ എത്തണം. സ്റ്റാർട്ടിങ്ങിൽ പിഴച്ചാൽ പ്രശ്നമാകും. കാരണം ഉന്തിലും തള്ളലിലും പെട്ട് വീഴാൻ സാധ്യത വളരെ കൂടുതൽ ആണ്. അതിനാൽ തന്നെ ഞാൻ വളരെ കരുതലോടെ നിന്നു.

എന്നാൽ സ്റ്റാർട്ടർ ഓൺ യുവർ മാർക്ക് പറഞ്ഞ് വെടി പൊട്ടിച്ചതും ഒരു നിമിഷം ഞാൻ ഭയന്നു പോയതും ആരുടെയോ ഉന്തുകൊണ്ട് നിലത്തു വീണതും എനിയ്ക്ക് ഓർമ്മയുണ്ട്. പിന്നെ നിരവധി കാലുകൾ എന്നെ ചവിട്ടിമെതിച്ച് കടന്നു പോയി. ഭാഗ്യത്തിന് അക്കാലത്ത് ദീർഘദൂരഓട്ടത്തിന് ആരും സപൈക്സ് ഉപയോഗിക്കാറില്ലയിരുന്നു. എന്റെ കൂടെ ഓടിയിരുന്ന എല്ലാവരും അകന്നു കഴിഞ്ഞപ്പോൾ ഞാൻ കാണുന്ന കാഴ്ച്ച എന്റെ ഗുരുനാഥൻ ഡോമിനിക്ക് സാർ കൈയിൽ പിടിച്ചിരുന്ന സ്റ്റേപ്പുവാച്ച് നിരാശയോടെ താഴെയ്ക്കിടുന്നതാണ്.

പെട്ടെന്ന് തന്നെ ഞാൻ നീലത്തു നിന്ന് ചാടി എഴുനേൽക്കുകയും ഒപ്പം എന്റെ ഉള്ളിൽ ഇങ്ങനെ പ്രാർത്ഥിക്കുകയും ചെയ്തു “എന്റെ ഉണ്ണീശോയെ എനിയ്ക്ക് ശക്തി തരണമെ”… പിന്നെ ഞാൻ എന്റെ സർവ്വശക്തിയും എടുത്ത് ഓടാൻ തുടങ്ങി. എന്നാൽ ഏറ്റവും പിന്നിലുള്ള കുട്ടിപോലും 100 മീറ്റർ എങ്കിലും ആകലത്തിൽ ആയിരുന്നു. ഞാൻ പ്രതീക്ഷ കൈവെടിഞ്ഞില്ല. എന്റെ ഉള്ളിൽ ഒരു ശക്തി നിറഞ്ഞിരിയ്ക്കുന്നതു പോലെ. പതിയെ പതിയെ ഞാൻ ഓരോരുത്തരെയായി പിന്നിലാക്കാൻ തുടങ്ങി.

പന്ത്രണ്ടര റൗണ്ട് ആണ് ആകെയുള്ളത്. നാല് റൗണ്ട് പന്നിട്ടപ്പോഴേയ്ക്കും ഒന്നാമതായി നിന്നിരുന്ന പ്രീജ ശ്രീധരനെ പിന്നിലാക്കി ഞാൻ ഒന്നാമതായി. പിന്നീടങ്ങോട്ട് ഞാനും പ്രീജയും തമ്മിലായി മത്സരം. ഓടുന്നതിനിടയിൽ എന്റെ ശ്രദ്ധിയിൽപ്പെട്ട ഒരു കാര്യം ഇടയ്ക്കിടെ ഫോട്ടോഗ്രാഫർമാർ ഇരുന്നും കിടന്നും ഒക്കെ ഞങ്ങളുടെ രണ്ടുപേരുടെയും ഫോട്ടോ എടുക്കുന്നതാണ്. എന്നാൽ എനിയ്ക്ക് ഒന്നും തന്നെ മനസ്സിലായില്ല. ഏകദേശം 10 റൗണ്ട് പിന്നിട്ടപ്പോൾ ഞാൻ അല്പം കൂടി വേഗത്തിൽ മുന്നോട്ട് കുതിച്ചു.

അങ്ങനെ പതിയെ പ്രീജയെ പിന്നിലാക്കി ഞാൻ ഒന്നാം സ്ഥാനത്തോടെ ഫിനിഷിങ്ങ് പോയിന്റ് തെട്ടതും തളർന്നുവീണതും ഒരുമിച്ചായിരുന്നു. കാരണം എന്റെ രണ്ട് കാലുകളും പൊട്ടി രക്തം വാർന്നു പോകുന്നുണ്ടായിരുന്നു. എന്നാൽ ഞാൻ അത് അറിഞ്ഞതുപോലും ഇല്ല. പെട്ടെന്നു തന്നെ എന്റെ കൂട്ടുകാർ എന്നെ എടുത്തു കൊണ്ട് പ്രഥമ ശുശ്രൂഷയ്ക്കായ് കൊണ്ടുപോയി. റെക്കോർഡ് നേടാൻ ആയില്ലെങ്കിലും വീണിടത്തു നിന്ന് എഴുന്നേറ്റോടി സ്വർണ്ണ മെഡൽ നേടാൻ എന്നെ സഹായിച്ചത് എനിയ്ക്ക് ഉണ്ണീശോയിൽ ഉണ്ടായിരുന്ന വിശ്വാസവും ആശ്രയവും ഒപ്പം ഉണ്ണീശോയുടെ അനുഗ്രഹവുമാണ്.

പിന്നീട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആ സ്വർണ്ണ മെഡൽ നാലുമുക്ക് പള്ളിയിലെ ഉണ്ണീശോയുടെ കരങ്ങളിൽ തന്നെ കൊണ്ട് സമർപ്പിച്ചു ഞാൻ സംത്യപ്തയായി. ഒരുപക്ഷെ, ആ ആത്മാർത്ഥത കണ്ടിട്ടാണാവോ ‘ലോകത്തിലെ നേട്ടങ്ങൾക്കൊന്നും വില കല്പിയ്ക്കേണ്ട… നീ എന്റെ പിന്നാലെ വരുവാൻ അവൻ എന്നെ ക്ഷണിച്ചത്…’

എല്ലാവർക്കും ഉണ്ണീയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കാനായ് നല്ല ഒരു നേമ്പുകാലം നേരുന്നു.

സി. സോണിയ തെരേസ് ഡി. എസ്സ്. ജെ (സോണിയ കുരുവിള)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.