ഗോകുലം കപ്പ് ഉയർത്തിയപ്പോൾ അവർ പള്ളിയിൽ പ്രാർത്ഥിക്കുകയായിരുന്നു 

സി. സൗമ്യ DSHJ

ഗോകുലം കേരള എഫ്.സി, ഗ്രൂപ്പ് മത്സരങ്ങൾ എല്ലാം ജയിച്ച് ഫൈനലിൽ ഡ്യൂറൻഡ് കപ്പ് നേടി. മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച ഗോകുലം എഫ്.സി, യഥാർത്ഥത്തിൽ ചരിത്രം തന്നെ തിരുത്തി എഴുതുകയായിരുന്നു. ടീം അംഗങ്ങൾ എല്ലാവരും ചേർന്ന് പൊരുതി നേടിയ വിജയം! ഈ വിജയ ടീമിലെ ഡിഫെൻഡർ ആയ കുടമാളൂർ സ്വദേശി ജസ്റ്റിൻ ജോർജ്ജിന് പറയാനുള്ളത്, തന്റെ മാതാപിതാക്കളുടെ പ്രാർത്ഥനയുടെയും അനുഗ്രഹത്തിന്റയും കൂടി ഫലമാണ് തങ്ങളുടെ വിജയമെന്നാണ്. ഒപ്പം ജസ്റ്റിൻ, താൻ കടന്നുവന്ന കഷ്ടപ്പാടുകളുടെ വഴികളെക്കുറിച്ചും സംസാരിക്കുന്നു.

കോട്ടയം കുടമാളൂരിൽ പ്ലാത്താനം ജോർജ്ജുകുട്ടി – ജെസ്സി ദമ്പതികളുടെ ഇളയ മകനാണ് ജസ്റ്റിൻ ജോർജ്ജ്. കൂലിപ്പണിയെടുത്ത് വളരെ കഷ്ടപ്പെട്ടാണ് ഈ മാതാപിതാക്കൾ മക്കളെ വളർത്തിയത്. അവൻ്റെ ഫുട്ബോൾ കളിക്കാനുള്ള കഴിവ് തിരിച്ചറിഞ്ഞപ്പോൾ കഷ്ടപ്പാടുകൾക്കിടയിലും മകന്റെയൊപ്പം നിന്നു. എന്നാൽ അവൻ്റെ വളർച്ചയോടൊപ്പം ദൈവത്തെയും അവർ അവനു പകർന്നു കൊടുത്തു. നാലു മണിക്ക് എഴുന്നേറ്റ് എന്നും ജപമാലയോടെയാണ് ഈ മാതാപിതാക്കൾ അവരുടെ ദിവസം ആരംഭിക്കുന്നത്. തുടർന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് മക്കളെ സമർപ്പിക്കും. ഈശോയുടെയും മാതാവിന്റെയും സംരക്ഷണത്തിനേൽപ്പിക്കും.

ജസ്റ്റിൻ കളിക്കിറങ്ങുമ്പോൾ ഭക്ഷണം പോലും കഴിക്കാതെ ഉപവസിച്ച് ഈ മാതാപിതാക്കൾ പ്രാർത്ഥിക്കും. കളിക്കു ശേഷം അവൻ വിളിക്കാതെ അവർ ഭക്ഷണം കഴിക്കാറില്ല. അവനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടുള്ള കാത്തിരിപ്പാണ്. അടുത്തുള്ള തിരുഹൃദയ ഭവനിലെ നിത്യാരാധന ചാപ്പലിൽ ആ മാതാപിതാക്കൾ ഉണ്ടായിരിക്കും. “ഞാൻ കളിക്കുന്ന ആ 90 മിനിറ്റും മുട്ടുകുത്തി നിന്ന് എൻ്റെ മാതാപിതാക്കൾ പ്രാർത്ഥിച്ചതിന്റെ ഫലമാണ് ഈ വിജയം. ഒപ്പം കുടമാളൂർ പള്ളിയിലെ പരിശുദ്ധ അമ്മയുടെ അനുഗ്രഹവും” – ജസ്റ്റിൻ പറയുന്നു.

ഒരുപാട് പേരുടെ പ്രോത്സാഹനവും പ്രാർത്ഥനയുമാണ് തൻ്റെ മകന്റെ വിജയങ്ങൾക്ക് പിന്നിലുള്ളതെന്ന് ഈ മാതാപിതാക്കൾ വിശ്വസിക്കുന്നു. ഏഴാം ക്ലാസ്സു മുതൽ ജസ്റ്റിൻ ഫുട്ബോൾ കളിക്കാൻ തുടങ്ങിയതാണ്. എന്നാൽ അഞ്ച് വർഷക്കാലം ഒരു റിസൾട്ടും അവന് ലഭിച്ചില്ല. ഈ അവസരത്തിലെല്ലാം ആ മാതാപിതാക്കൾ പ്രോത്സാഹനമായി അവൻ്റെ കൂടെ നിന്നു. ആ കഠിനദ്ധ്വാനവും പ്രാർത്ഥനയുമാണ് ഇന്ന് നാളുകൾക്കു ശേഷം ഒരു മികച്ച ഫുട്‍ബോളർ എന്ന നിലയിലേയ്ക്ക് ജസ്റ്റിനെ വളർത്തിയത്. “ദിവ്യകാരുണ്യ ഈശോയുടെ അനുഗ്രഹവും നിരന്തരമായി ചൊല്ലുന്ന ജപമാലയുമാണ് എൻ്റെ മകന്റെ ഈ വിജയങ്ങൾക്കെല്ലാം പിന്നിലുള്ളത്” – പിതാവ് ജോർജ്ജുകുട്ടി പറയുന്നു.

ജസ്റ്റിൻ ക്ളബ്ബിൽ പോകുമ്പോൾ മുടങ്ങാതെ കൊന്ത ചൊല്ലും. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ മുതലാണ് പ്രാർത്ഥനയിലേയ്ക്കു തിരിഞ്ഞത്. “കൊന്ത ധരിച്ച് കളിക്കളത്തിൽ ഇറങ്ങുമ്പോൾ പ്രത്യേക ആത്മവിശ്വാസമാണ്. മാതാപിതാക്കൾ എനിക്കുവേണ്ടി വീട്ടിൽ പ്രാർത്ഥിക്കുന്നുണ്ട് എന്നത് കളിക്കുമ്പോൾ വല്ലാത്തൊരു ശക്തിയും ധൈര്യവും നൽകുന്നു” – ജസ്റ്റിൻ പറയുന്നു.

22 വർഷങ്ങൾക്കു ശേഷം ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കുമ്പോൾ കോഴിക്കോടു നിന്നുള്ള പ്രഫഷണൽ ഫുട്ബോൾ ക്ലബ്ബായ ഗോകുലം കേരള എഫ്.സി-യ്ക്കും അഭിമാനത്തിന് ഏറെ വകയുണ്ട്. കൊൽക്കത്ത സാൾട്ടലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മികച്ച പോരാട്ടമാണ് ടീം പുറത്തെടുത്തത്. ഗോകുലം ഗോപാലനാണ് ഗോകുലം കേരള എഫ്.സി-യുടെ ചെയർമാൻ.

ഈ മാതാപിതാക്കൾ മക്കൾക്കു വേണ്ടി സമ്പാദിച്ചിരിക്കുന്നത് സമ്പത്തല്ല, മറിച്ച് ദൈവത്തെയാണ്. ഏത് അവസ്ഥയിലും ദൈവത്തെ കൂട്ടു പിടിക്കാൻ ഈ മാതാപിതാക്കൾ മക്കളെ പഠിപ്പിക്കുന്നു. മക്കൾക്കു വേണ്ടി കൈ വിരിച്ചു പിടിച്ച് പ്രാർത്ഥിക്കുന്ന മാതാപിതാക്കളാണ് ഇന്നിന്റെ വലിയ ആവശ്യം. അതാണ് മക്കൾക്കു കൊടുക്കാവുന്ന ഏറ്റവും വലിയ സമ്പത്തും. വിശ്വാസവും പ്രാർത്ഥനയും ഭക്തിയും പകർന്നു കൊടുക്കുന്നവരാകുക. മക്കൾക്ക് നല്ല മാതൃകകൾ ആകുക. പ്രാത്ഥനയാകുന്ന സമ്പത്തിനെ മുറുകെപ്പിടിച്ചു കൊണ്ട് ജസ്റ്റിന് ഇനിയും ഉയരങ്ങൾ കീഴടക്കാനാവട്ടെ.

സി. സൗമ്യ DSHJ