കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് ഡോക്ടർ നൽകിയ മരുന്ന്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

1996-ലായിരുന്നു സോണിയയുടെയും ബാബുവിന്റെയും വിവാഹം. രണ്ടു വർഷം കഴിഞ്ഞ് സോണിയ ഗർഭിണിയായെങ്കിലും കുഞ്ഞിന് രണ്ടുമാസം പ്രായമുള്ളപ്പോൾ ജീവൻ നഷ്ടമായി. പിന്നീട് ചികിത്സകളോടു കൂടിയ നീണ്ട കാത്തിരിപ്പായിരുന്നു. ഇതിനിടയിൽ സോണിയയുടെ മൂന്ന് അനുജത്തിമാരുടെയും വിവാഹം കഴിഞ്ഞു. അവർക്കെല്ലാവർക്കും കുഞ്ഞുങ്ങളുമായി. ഭർത്താവിന്റെ അനുജന്റെ വിവാഹം കഴിഞ്ഞ്, അവർക്കും കുഞ്ഞുങ്ങളുണ്ടായി.

ഈ കുഞ്ഞുങ്ങളെയെല്ലാം പരിചരിക്കുമ്പോഴും സോണിയയെ മാത്രം ദൈവം കടാക്ഷിച്ചില്ല. തനിക്ക് മാത്രം ഒരു കുഞ്ഞില്ലല്ലോ എന്ന് കരുതി അവൾ ഏറെ നിരാശപ്പെട്ടു. ഇനിയെന്തിന് ജീവിക്കണം എന്നുവരെ കരുതിയ ദിവസങ്ങൾ ഉണ്ട്. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോയ ആ ദിവസങ്ങളിൽ അത്ഭുതകരമായി സോണിയ വീണ്ടും ഗർഭവതിയായി. അന്ന് അവൾക്ക് വയസ് 37. സന്തോഷത്താൽ മതിമറന്ന ദിവസങ്ങൾ. എന്നാൽ ആ സന്തോഷത്തിനും അധികം ആയുസില്ലായിരുന്നു. കുഞ്ഞ് വീണ്ടും അബോർഷനായി. അതോടെ അവർ നിലയില്ലാക്കയത്തിലെ ദു:ഖത്തിലേയ്ക്ക് താണുപോയി.

ആ ദിവസങ്ങളിൽ സോണിയയും ബാബുവും ഇങ്ങനെ തീരുമാനിച്ചു: “കുഞ്ഞിനു വേണ്ടിയുള്ള ചികിത്സകളെല്ലാം നമുക്ക് അവസാനിപ്പിക്കാം. ദൈവത്തിന് ഇഷ്ടമുണ്ടെങ്കിൽ നമുക്ക് ഒരു കുഞ്ഞിനെ നൽകട്ടെ.”

എല്ലാ ചികിത്സകളും നിർത്തിയശേഷം 39-ാം വയസിൽ സോണിയ ഒരിക്കൽക്കൂടി ഗർഭിണിയായി. മറ്റ് രണ്ട് അബോർഷനുകളെക്കുറിച്ചുള്ള ചിന്ത മനസിലുണ്ടായിരുന്നതുകൊണ്ട് സന്തോഷം, അമിതാഹ്ളാദമായി മാറിയില്ല. കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ആശുപത്രിയിലെ ഡോക്ടറായിരുന്ന ഫിൻ്റോയാണ് അവരെ ശുശ്രൂഷിച്ചത്. ഡോക്ടർ പറഞ്ഞു: “പ്ലസൻ്റ കുഞ്ഞിന്റെ മുകളിലാണ്. അതുകൊണ്ട് കോംപ്ലിക്കേഷനാകാൻ സാധ്യതയേറെയാണ്.”

പ്രത്യാശ നഷ്ടപ്പെട്ട മുഖത്തോടെ നിർവികാരയായി സോണിയ പറഞ്ഞു: “മുമ്പത്തേപ്പോലെ ഈ കുഞ്ഞും പോകും, അല്ലേ?”

പക്ഷേ, തികഞ്ഞ ആത്മവിശ്വാസത്തോടെ ഡോക്ടർ പറഞ്ഞു: “അങ്ങനെ പറയരുത്. ദൈവത്തിൽ വിശ്വസിക്കുക. ദൈവത്തിന് ഒന്നും അസാധ്യമല്ല. നിങ്ങൾക്ക് പ്രത്യേകിച്ച് മരുന്നൊന്നും ആവശ്യമില്ല. പകരം ഞാനൊരു ദൈവവചനം തരാം. അതു ഏറ്റുചൊല്ലി പ്രാർത്ഥിക്കുക.”

ഒരു വൈദ്യനിൽ നിന്നും അതുവരെ കേൾക്കാത്ത വാക്കുകൾ കേട്ടപ്പോൾ ആശ്ചര്യത്തോടെയാണ് ആ വചനം അവർ എറ്റുവാങ്ങിയത്. “അവരുടെ അദ്ധ്വാനം വൃഥാ ആവുകയില്ല. അവര്‍ക്കു ജനിക്കുന്ന ശിശുക്കള്‍ അത്യാഹിതത്തിന്‌ ഇരയാവുകയില്ല. അവര്‍ കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും; അവരുടെ സന്തതികളും അവരോടൊപ്പം അനുഗൃഹീതരാകും” (ഏശയ്യാ 65:23). ഇതായിരുന്നു ഡോക്ടർ എഴുതിക്കൊടുത്തത്.

അന്നുമുതൽ ആ വചനം അവർ ഏറ്റുചൊല്ലി പ്രാർത്ഥിച്ചു. പിന്നീട് അതൊരു ജീവതാളമായി മാറി. വചനം മാംസം ധരിച്ചു എന്ന് നാം വിശുദ്ധ ഗ്രന്ഥത്തിൽ വായിച്ചിട്ടുണ്ടല്ലോ? അക്ഷരാർത്ഥത്തിൽ അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. പതിനാറ് വർഷങ്ങൾക്കുശേഷം 40-ാം വയസിൽ സോണിയ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. നാടെങ്ങും അത്ഭുതത്തോടെയാണ് ഈ വാർത്ത കേട്ടത്. കുഞ്ഞിന് അവർ ആൻ്റണി എന്ന പേരു നൽകി. 43-ാം വയസിൽ സകലെരെയും അതിശയിപ്പിച്ചു കൊണ്ട് അവൾ ഒരു പെൺകുഞ്ഞിനും കൂടി ജന്മം നൽകി. ആൻ മേരി എന്ന് അവൾക്ക് പേരിട്ടു.

ഈ കുട്ടികളെക്കുറിച്ച് പറയുമ്പോൾ ഇരിങ്ങാലക്കുട രൂപതയിലുള്ള കാനംകൂടം കുടുംബാംഗങ്ങളായ ബാബുവിന്റെയും സോണിയായുടെയും മിഴികൾ ഇപ്പോഴും നിറഞ്ഞൊഴുകുന്നു. “മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാന്‍ കര്‍ത്താവ്‌ എന്നെ കടാക്ഷിച്ച്‌ എനിക്ക്‌ ഇതു ചെയ്‌തുതന്നിരിക്കുന്നു” (ലൂക്കാ 1:25) എന്ന എലിസബത്തിന്റെ വാക്കുകളാണ് അവർക്കും പറയാനുള്ളത്.

വീണ്ടും ഒരു ആഗമനകാലത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ ജീവിതത്തിലെ ഇരുണ്ട മേഘങ്ങൾക്കു മുകളിലും ഉദിക്കുന്ന ദൈവികതേജസിലേയ്ക്ക് ഉറ്റുനോക്കാൻ ദൈവം നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.