എന്റെ അന്തരാത്മാവിലേയ്ക്ക് ഒഴുകിയിറങ്ങിയ ദൈവകരുണ

ബ്ര. ഡൊമിനിക് മഠത്തില്‍പറമ്പില്‍

ദൈവകരുണയുടെ തിരുനാള്‍ മംഗളങ്ങള്‍! ദൈവകരുണയുടെ അപ്പസ്‌തോലയായി ഈശോ തിരഞ്ഞെടുത്ത വിശുദ്ധയാണ് വി. മരിയ ഫൗസ്റ്റീന കൊവാല്‍സ്‌ക്ക (1905-1938). വി. ഫൗസ്റ്റീനയിലൂടെ ഈശോ വെളിപ്പെടുത്തിയതും വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായിലൂടെ സഭയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതുമായ ദൈവകരുണയുടെ തിരുനാള്‍, ആഗോള കത്തോലിക്കാസഭ ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച ആഘോഷിക്കുന്നു.

“ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴ്ച കരുണയുടെ ഛായാചിത്രം സാഘോഷം വണങ്ങപ്പെടണമെന്നു ഞാന്‍ അഭിലഷിക്കുന്നു. ആ ഞായറാഴ്ച ദൈവകരുണയുടെ തിരുനാള്‍ ദിനമായിരിക്കും” (ഡയറി 49). അതിനായി ഈശോ തന്റെ കരുണയുടെ ഛായാചിത്രം വരയ്ക്കാനും നിര്‍ദ്ദേശിച്ചു. ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച ഈ ഛായാചിത്രം ആശീര്‍വദിക്കപ്പെടണമെന്നും പരസ്യവണക്കത്തിനായി ദൈവാലയത്തില്‍ വയ്ക്കണമെന്നും ഈശോ അരുളിചെയ്തു.

“ഈ ചിത്രം വഴിയായി വളരെയധികം അനുഗ്രഹങ്ങള്‍ ഞാന്‍ ആത്മാവില്‍ വര്‍ഷിക്കും. എല്ലാ ആത്മാക്കളും അവ വന്നു സ്വീകരിക്കട്ടെ” (ഡയറി 570). “ഈ ചിത്രം വണങ്ങുന്ന ആത്മാവ് ഒരിക്കലും നശിച്ചുപോവുകയില്ലെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഞാന്‍ ആ ആത്മാവിനെ ജീവിതകാലത്തും പ്രത്യേകിച്ച്, മരണസമയത്തുള്ള സര്‍വ്വശത്രുക്കളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.” വി. ഫൗസ്റ്റീനായിലൂടെ ഈശോ ആഗ്രഹിച്ചതും പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു. അതുവഴിയായി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളില്‍ ദൈവത്തിന്റെ കരുണ വര്‍ഷിക്കുകയും ചെയ്യുന്നു. ഈശോ വി. ഫൗസ്റ്റീനായ്ക്കു നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് 1934 ജനുവരി – ജൂണ്‍ മാസങ്ങളില്‍ വില്‍നൂസില്‍ യൂജീന്‍ കസിമിറോവ്‌സ്‌കി ചിത്രം വരച്ച് ആദ്യ ദൈവകരുണയുടെ ഛായാചിത്രം നല്‍കി.

ഈ ഛായാചിത്രത്തില്‍ കര്‍ത്താവീശോമിശിഹായെ ധവളവസ്ത്രധാരിയായി കാണപ്പെടുന്നു. ഒരു കരം ആശീര്‍വദിക്കുന്ന രൂപത്തില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. മറുകരം വസ്ത്രത്തില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ നെഞ്ചോടു ചേര്‍ത്താണ് പിടിച്ചിരിക്കുന്നത്. നെഞ്ചിന്റെ ഭാഗത്തെ ഉടുപ്പ് ഒരുവശത്തേയ്ക്ക് അല്‍പം മാറി അതിനുള്ളില്‍ നിന്നും ചുവപ്പും വെളുപ്പും നിറത്തില്‍ രണ്ടു വലിയ പ്രകാശകിരണങ്ങള്‍ പ്രസരിച്ചിരിക്കുന്നു. ഈ രണ്ടു കിരണങ്ങളും ഈശോയുടെ ഈ ചിത്രത്തിലെ വ്യതിരിക്തമായ പ്രത്യേകതകളാണ്. ഇതിന്റെ അര്‍ത്ഥത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, നമ്മുടെ കര്‍ത്താവീശോമിശിഹാ ഇങ്ങനെ ഉത്തരമരുളി: “വെളുത്ത കിരണം ആത്മാക്കളെ വിശുദ്ധീകരിക്കുന്ന തിരുജലവും, ചുവപ്പു കിരണം ആത്മാവിന്റെ ജീവനായ തിരുരക്തത്തെയും പ്രതിനിധീകരിക്കുന്നു.” ഇതിനെക്കുറിച്ച് വി. ഫൗസ്റ്റീനായുടെ ഡയറിയുടെ 47, 299 ഖണ്ഡികയില്‍ പറയുന്നു.

ദൈവകരുണയുടെ അത്ഭുതമണിക്കൂറായ 3 pm ദൈവകരുണയുടെ കൊന്ത ചൊല്ലി ഈശോമിശിഹായുടെ പീഢാനുഭവം അനുസ്മരിച്ചുകൊണ്ട് പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കാം. “ഈ മണിക്കൂറില്‍ നിനക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും നീ അപേക്ഷിക്കുന്നതെല്ലാം നിനക്കു ലഭിക്കും. സര്‍വ്വലോകത്തിനും ഇത് കൃപയുടെ മണിക്കൂറാണ്. കരുണ നീതിയുടെമേല്‍ വിജയം വരിച്ച മണിക്കൂര്‍” (ഡയറി 1572).

നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സര്‍വ്വലോകത്തിനായും പ്രാര്‍ത്ഥിക്കുക. ഇപ്പോള്‍ നാം നേരിടുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ ഈ ഭൂമുഖത്തു നിന്നും ഈശോയുടെ തിരുരക്തത്താല്‍ നിര്‍വീര്യമാക്കുന്നതിനായും പ്രാര്‍ത്ഥിക്കാം. അതുപോലെ, തിരുസഭയുടെ മേല്‍ പല രീതിയില്‍ ആഞ്ഞടിക്കുന്ന പിശാചിന്റെ നാരകീയശക്തികളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനു വേണ്ടിയും പ്രാര്‍ത്ഥിക്കാം. വി. ഫൗസ്റ്റീനാ വഴിയായി ഈശോ അരുളിചെയ്തതുപോലെ ഈ കൃപയുടെ മണിക്കൂറില്‍ നമ്മുടെ സമൂഹത്തെ തിന്മയുടെ ബന്ധനത്തില്‍ നിന്നും, ചീത്ത കൂട്ടുകെട്ടില്‍ നിന്നും, മദ്യപാനത്തിനും മറ്റു ലഹരികളില്‍ നിന്നും, തെറ്റായ പ്രണയബന്ധത്തില്‍ നിന്നും, ആത്മഹത്യാ പ്രവണതയില്‍ നിന്നും, ജഡത്തിന്റെ പ്രവണതയില്‍ നിന്നും മോചിപ്പിക്കപ്പെടാനും മാമ്മോദീസാ വഴിയായി ഈശോ നല്‍കിയ വിശുദ്ധമായ ആത്മാവിനെ അശുദ്ധമാക്കി തന്റെ ശരീരത്തെ ദൈവത്തിന്റെ ആലയമാണെന്നു മനസ്സിലാക്കാതെ പിശാചിന്റെ ആലയമാക്കിത്തീര്‍ക്കുന്ന പ്രവര്‍ത്തികളായ വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗ്ഗഭോഗം ഇത്തരത്തിലുള്ള മാരകമായ പാപങ്ങള്‍ക്ക് അടിമകളായിത്തീരുന്ന ഓരോ ആത്മാവിനുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ നമ്മള്‍ കടപ്പെട്ടവരാണ്.

ഇന്നത്തെ യുവതലമുറ ഇത്തരം തിന്മകളില്‍ അടിമപ്പെടുന്നതായും പിന്നീട് അവര്‍ ചെറുപാപത്തില്‍ നിന്നും തിന്മയുടെ മാരകമായ പാപപ്രവര്‍ത്തനങ്ങളില്‍ എത്തപ്പെടുകയും ചെയ്യുന്നു. അങ്ങനെയുള്ള എല്ലാ യുവജനങ്ങള്‍ക്കുവേണ്ടിയും അവരുടെ ആത്മാവിന്റെ ശുദ്ധീകരണത്തിനായും ഈ മണിക്കൂറില്‍ വലിയ വിശ്വാസത്തോടെ ദൈവകരുണയുടെ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കാം.

ദൈവകരുണയുടെ മാതാവായ പരിശുദ്ധ അമ്മയോടു ചേര്‍ന്ന് ലോകം മുഴുവന്‍ ദൈവകരുണ ഒഴുകാന്‍ പ്രാര്‍ത്ഥിക്കാം. അതുവഴിയായി കൊറോണ എന്ന മഹാമാരിയെ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാക്കുന്നതിനായും പ്രാര്‍ത്ഥിക്കാം. ലോകം മുഴുവന്‍ എല്ലാ സഹോദരങ്ങളും പാപം വെടിഞ്ഞ് നമ്മുടെ കര്‍ത്താവീശോമിശിഹായുടെ ദൈവകരുണയില്‍ നിറയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം.

ദൈവകരുണയുടെ തിരുനാള്‍ ദിനം ചെയ്യേണ്ടതായ കാര്യങ്ങള്‍ ഈശോ പറയുന്നു.

1. ദൈവകരുണയുടെ ചിത്രം ആശീര്‍വദിക്കുകയും പരസ്യവണക്കത്തിനായി വയ്ക്കുകയും ചെയ്യുക. (ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് നമ്മുടെ ഭവനങ്ങളില്‍ തന്നെ ദൈവകരുണയുടെ ചിത്രം വണങ്ങുകയും ദൈവകരുണയുടെ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്യാം).

2. വൈദികര്‍ അന്നേദിവസം ജനങ്ങളോട്, ‘പാപികളോടുള്ള എന്റെ അതിരറ്റ കരുണ’യെപ്പറ്റി പ്രസംഗിക്കണം.

3. ഉച്ചകഴിഞ്ഞ് മൂന്നുമണി ദൈവകരുണയുടെ മണിക്കൂര്‍ ആചരിക്കുക (കരുണയെപ്പറ്റി ധ്യാനിക്കുക, കരുണക്കൊന്ത അര്‍പ്പിക്കുക, സാധിക്കുമെങ്കില്‍ വിശുദ്ധ കുര്‍ബാനയ്ക്കു മുമ്പില്‍ പ്രാര്‍ത്ഥിക്കുക; ഭവനങ്ങളിലായിരുന്ന് ദൈവകരുണയുടെ ചിത്രത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കാം, കുരിശിന്റെ വഴി നടത്തുക; ഭവനങ്ങളിലിരുന്ന് കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുക).

4. കരുണയുടെ പ്രവര്‍ത്തികള്‍ ചെയ്യുക (ഭൗതീകമായും ആത്മീയമായും മറ്റുള്ളവരെ സഹായിക്കുക. ഇപ്പോള്‍ ഭവനങ്ങളില്‍ തന്നെ ആയിരുന്നുകൊണ്ട് ലോകം മുഴുവനായും പ്രാര്‍ത്ഥിക്കാം. ഇങ്ങനെ പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മള്‍ ഒരു കാരുണ്യപ്രവൃത്തി ചെയ്തതായി കരുതപ്പെടുന്നു).

കരുണയുടെ കവാടം മലര്‍ക്കെ തുറക്കപ്പെടുന്ന ഈ സമയത്ത് എന്റെ കരുണയെ ആരാധിച്ചു പുകഴ്ത്തിക്കൊണ്ട് നീ അതില്‍ പൂര്‍ണ്ണമായി നിമഗ്നയായി ലോകം മുഴുവനുംവേണ്ടി പ്രത്യേകിച്ച്, കഠിനപാപികളുടെ കരുണയ്ക്കായി കരുണയുടെ സര്‍വ്വശക്തി യാചിക്കുക (ഡയറി 1572).

നമ്മുടെ കര്‍ത്താവീശോമിശിഹാ ലോകം മുഴുവനെയും തന്റെ കരുണയാല്‍ നിറയ്ക്കട്ടെ. അതുവഴിയായി തിന്മയുടെ ശക്തികള്‍, മറ്റു മഹാമാരികള്‍ എല്ലാം ഭൂമുഖത്തു നിന്നും നിര്‍വീര്യമാക്കപ്പെടട്ടെ. കരുണാമയനായ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ദൈവകരുണയുടെ തിരുനാള്‍ മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട്…

ബ്ര. ഡൊമിനിക് മഠത്തില്‍പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.