ടബ്ബിൽ കുഞ്ഞുങ്ങളോടൊപ്പം ബൈബിളും; അപകടത്തിൽ നിന്നും രക്ഷപെടുത്തിയ ദൈവകരം

“എന്റെ കുഞ്ഞുങ്ങളെ എനിക്ക് തിരികെ തരണമേ” – ക്ലാര ചങ്കു പൊട്ടി ദൈവത്തോട് നിലവിളിച്ചു പ്രാർത്ഥിച്ചു. ചുഴലിക്കാറ്റ് ഹോപ്കിൻസ് പ്രദേശത്തേക്കു നീങ്ങിയപ്പോൾ, ക്ലാര ലൂട്സ് തന്റെ രണ്ട് പേരക്കുട്ടികളെയും ഒരു ബാത്ത് ടബ്ബിൽ ഇരുത്തി ഒരു പുതപ്പും തലയിണയും കൊണ്ട് അവരെ മൂടിയതിനു ശേഷം ഒരു ബൈബിളും അവരോട് ചേർത്തുവച്ചു.

ചുഴലിക്കാറ്റ് വീടിനോടടുത്തു. വീടിന്റെ കുലുക്കം ക്ലാര ലൂട്സിന് അനുഭവപ്പെട്ടു. പെട്ടെന്നു തന്നെ ടബ്ബ് തന്റെ കൈയ്യിൽ നിന്ന് പിടിവിട്ടു പോയതായി ക്ലാര അറിഞ്ഞു. “എന്റെ ദൈവമേ” എന്നൊരു നിലവിളിയായിരുന്നു പിന്നീട് മുഴങ്ങിയത്. ടബ്ബ് അതിന്റെ അടിത്തറയിൽ നിന്ന് ഇളകിപ്പോയപ്പോൾ, താൻ അനുഭവിച്ച ഭയവും വേദനയും ക്ലാരക്ക് വിവരിക്കാനാവുന്നതല്ല. തന്റെ പേരക്കുട്ടികളെ എങ്ങനെയും കണ്ടെത്താൻ കഴിയണെ എന്നായിരുന്നു പിന്നീടുള്ള നിമിഷങ്ങളിൽ ക്ലാരയുടെ പ്രാർത്ഥന.

ടബ്ബ് എവിടെയായിരിക്കുമെന്ന് ക്ലാര എല്ലായിടത്തും നോക്കി. തന്റെ കുഞ്ഞുങ്ങൾ എവിടെയാണെന്ന് അവൾക്ക് ഒരു പിടിയും കിട്ടിയില്ല. “കർത്താവേ, എന്റെ കുഞ്ഞുങ്ങളെ സുരക്ഷിതമായി എന്നിലേക്ക് തിരികെ കൊണ്ടുവരേണമേ” – ക്ലാര ദൈവത്തോട് അപേക്ഷിച്ചു.

ചുഴലിക്കാറ്റ് കടന്നുപോയപ്പോൾ, രക്ഷാപ്രവർത്തകർ ടബ്ബ് കണ്ടെത്താനുള്ള ശ്രമമായി. അന്വേഷണത്തിനൊടുവിൽ അത് തലകീഴായി മറിഞ്ഞു കിടക്കുന്നതായി അവർ കണ്ടെത്തി. അതിനടിയിൽ രണ്ടു കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. 15 മാസം പ്രായമുള്ള കേഡനും 3 മാസം മാത്രം പ്രായമുള്ള ഡാളസും. രക്ഷാപ്രവർത്തകർ രണ്ട് കുഞ്ഞുങ്ങളെയും ക്ലാരയുടെ കൈകളിൽ ഏൽപിച്ചപ്പോൾ അവൾക്ക് സന്തോഷവും കണ്ണീരും അടക്കാനായില്ല. രണ്ടു പേരെയും മാറോടു ചേർത്തുപിടിച്ച് ക്ലാര ചുംബിച്ചു.

ഡിസംബർ 10, 11 തീയതികളിൽ കെന്റക്കി, അർക്കൻസാസ്, മിസോറി, ഇല്ലിനോയി, ടെന്നസി എന്നിവിടങ്ങളിലൂടെ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 89 പേരാണ് മരിച്ചത്. കെന്റക്കിയിൽ മാത്രം മരിച്ചത് 76 പേരാണ്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.