ദൈവം കരുതി വച്ചിരിക്കുന്ന സമ്മാനം

ദൈവം തന്റെ നിശ്ചിത പദ്ധതിയനുസരിച്ച് നമ്മുടെ ജീവിതത്തില്‍ അനുവദിക്കുന്ന ഒരു ഒഴുക്കുണ്ട്. അത് നമുക്ക് ചിലപ്പോള്‍ പ്രീതികരമാകണമെന്നില്ല. അതിനാല്‍ അതിനെതിരെ നീന്താനാണ് നമുക്ക് തോന്നുക. കൈകാലുകളിട്ട് കൂടുതല്‍  അടിക്കുന്നതിനാല്‍ നാം എളുപ്പം തളര്‍ന്നുപോവുകയും ചെയ്യും. എന്നാല്‍, ദൈവം അനുവദിക്കുന്ന ഗതിക്ക് നമ്മെത്തന്നെ ശാന്തമായി വിട്ടുകൊടുത്താല്‍ നമുക്ക് ശാന്തമായി ഒഴുകാന്‍ സാധിക്കും. ദൈവം ആഗ്രഹിക്കുന്ന സുരക്ഷിത തീരത്ത് നാം എത്തിച്ചേരുകയും ചെയ്യും.

വിശുദ്ധ ഗ്രന്ഥം അങ്ങനെ ജീവിക്കുന്ന വ്യക്തിയെക്കുറിച്ച് ഇപ്രകാരം പറയുന്നു: “കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴി അവിടുന്ന് കാണിച്ചുകൊടുക്കും. അവന്‍ ഐശ്വര്യത്തില്‍ കഴിയും. അവന്റെ മക്കള്‍ ദേശം അവകാശമാക്കും” (സങ്കീ. 25:12-13).

ദുഃഖത്തിന്റെ നാളുകള്‍ നമ്മുടെ നിസ്സഹായത വെളിപ്പെടുന്ന നാളുകളാണ്. എന്നാല്‍ ഓര്‍ക്കുക, അവ ദൈവത്തിന്റെ ശക്തിയും സാന്നിധ്യവും വെളിപ്പെടുന്ന അവസരങ്ങളാണ്. യേശുവിന്റെ ഈ വാക്കുകള്‍ ധ്യാനിക്കുക: ‘അതുപോലെ, ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്. എന്നാല്‍, ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ഈ സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തുകളയുകയുമില്ല’ (യോഹ. 16:22).

അതുകൊണ്ട്, ഈ പുതുവത്സരത്തില്‍ നമുക്ക് ഇപ്രകാരം പ്രാര്‍ത്ഥിക്കാം… ‘ദുഃഖത്തിലായിരിക്കുന്ന എന്നെ കണ്ടുകൊണ്ടിരിക്കുന്ന യേശുവേ, ഞാന്‍ അങ്ങയെ ആരാധിക്കുന്നു. അങ്ങയുടെ സാന്നിധ്യം എനിക്കിപ്പോള്‍ കഴിഞ്ഞ നാളുകളിലേതിനെക്കാള്‍ കൂടുതലായി വെളിപ്പെടുത്തിത്തരുവാന്‍ തിരുമനസാകണമേ. അങ്ങ് അനുവദിക്കുന്ന ജീവിതഗതിക്കൊത്ത് നീങ്ങാന്‍ എന്റെ മനസിനെ ക്രമീകരിച്ചാലും. മറുതലിക്കുന്ന എന്റെ മനോഭാവത്തെ എടുത്തുമാറ്റണമേ. അങ്ങയുടെ മാറ്റമില്ലാത്ത സ്‌നേഹത്താല്‍ എന്റെ മനസിനെ നിറയ്ക്കാന്‍ തിരുമനസായാലും. പരിശുദ്ധാത്മാവിനാല്‍ എന്നെ നിറയ്ക്കണമേ. ദൈവിക ആനന്ദത്താല്‍ ഞാന്‍ പൂരിതനാകട്ടെ. സാഹചര്യങ്ങള്‍ക്കുമേല്‍ ഉയര്‍ന്നുനിൽക്കാൻ എന്നെ അനുഗ്രഹിച്ചാലും. കുരിശിന്റെ വഴിയില്‍ നടന്നപ്പോഴും യേശുവിനെ മാത്രം ധ്യാനിച്ച പരിശുദ്ധ അമ്മേ, വി. യൗസേപ്പിതാവേ, നിങ്ങളുടെ മനോഭാവം എന്നിലും രൂപപ്പെടാന്‍ എനിക്കായി ഇപ്പോള്‍ പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.’