ദൈവമേ… ഇവര്‍ കത്തോലിക്കാ സഭയെ പൂട്ടിക്കളയുമോ?

ഫാ. ബോവസ് മാത്യു

അടുത്ത നാളുകളില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു വിശുദ്ധ കുമ്പസാരം. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്നു നാലു വൈദികരുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ഒരു സംഭവത്തെ തുടര്‍ന്നാണ് ചര്‍ച്ച ശക്തിപ്പെട്ടത്. അടുത്ത നാളുകളിലായി കത്തോലിക്കാ സഭയുടെ വിശ്വാസ കാര്യങ്ങളും നൂറ്റാണ്ടുകളായി സഭ പിന്‍തുടരുന്ന പാരമ്പര്യങ്ങളും എല്ലാം ഇപ്പോള്‍ നിര്‍ത്തിക്കളയാം എന്ന മട്ടിലാണ് നമ്മുടെ നാട്ടിലെ മാധ്യമങ്ങളില്‍ ചിലര്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. അവര്‍ കൊട്ടുന്ന ചെണ്ടയ്ക്ക് മേളക്കൊഴുപ്പു കൂട്ടാന്‍ ചില അവതാരങ്ങളും, അവര്‍ അറിയപ്പെടുന്നത് സാമൂഹിക നിരീക്ഷകരെന്നും, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെന്നും. സ്വന്തം മതിലിനപ്പുറത്തെ കാര്യങ്ങള്‍ നിരീക്ഷിച്ചിട്ടില്ലാത്തവര്‍, അന്തസുള്ള ഒരു മാധ്യമത്തില്‍ നാലക്ഷരം എഴുതി പരിചയമില്ലാത്തവര്‍.

കത്തോലിക്കാ സഭയെ പരമാവധി ആക്ഷേപിക്കുന്നവര്‍ക്കാണ് ചില മാധ്യമ സ്ഥാപനങ്ങള്‍ സാമൂഹിക നിരീക്ഷകരുടെയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെയും പട്ടം ചാര്‍ത്തി നല്‍കിയിരിക്കുന്നത്. സന്ധ്യ കഴിഞ്ഞാല്‍ ആകാശത്തിന്റെ കീഴിലുള്ള ഏതുവിഷയത്തെക്കുറിച്ചും ഇവര്‍ അഭിപ്രായം പറയും. ഇവര്‍ക്കറിവില്ലാത്ത വിഷയങ്ങളില്ല, കാര്യങ്ങളില്ല, മാര്‍പ്പാപ്പാമാരെക്കുറിച്ച് കടിച്ചാല്‍ പൊട്ടാത്ത നുണകളും വ്യാജരേഖകളും എഴുതിയും പറഞ്ഞും പ്രചരിപ്പിക്കും. നാണം, മാനം, വിവരം,ബോധം ഇവയൊന്നും ഇക്കൂട്ടരുടെ നിഘണ്ടുവില്‍ ഇല്ല. ആകെയുള്ളത് വിദ്വേഷവും, വെറുപ്പും മാത്രം. സ്വന്തം വീട് നന്നാക്കാന്‍ അറിയാത്ത ഇക്കൂട്ടര്‍ യാതൊരു ഉളുപ്പുമില്ലാതെ നാടു നന്നാക്കാനും സഭയെ നിര്‍ത്തലാക്കാനും ഇറങ്ങിയിരിക്കുകയാണ്.

എല്ലാ കാലഘട്ടത്തിലും ഇതുപോലുള്ള ഹാസ്യകോമരങ്ങളും, വലിയ ചക്രവര്‍ത്തിമാരും, സാഹിത്യ പുങ്കവന്മാരും, സാമ്രാജ്യങ്ങളും, പ്രത്യയ ശാസ്ത്രങ്ങളും, വാളും, വന്യമൃഗങ്ങളും സഭയ്ക്കുനേരെ, സഭ ഉയര്‍ത്തിപ്പിടിച്ച വിശ്വാസ സത്യങ്ങള്‍ക്കു നേരെ ചീറിപ്പാഞ്ഞു വന്നിട്ടുണ്ട്. പക്ഷേ ചരിത്രം നമ്മുടെ കണ്‍മുമ്പിലിപ്പോഴും ഉണ്ട്. ഈ സാമ്രാജ്യങ്ങളുടെയും, ചക്രവര്‍ത്തിമാരുടെയും പൊടിപോലും ഇപ്പോഴില്ല. പ്രത്യയശാസ്ത്രങ്ങളും അതുയര്‍ത്തി കൊണ്ടുവന്ന വെറുപ്പിന്റെ, പകയുടെ കോട്ടകളും ചീട്ടുകൊട്ടാരം പോലെ നമ്മുടെ കണ്‍മുമ്പില്‍ തകര്‍ന്നടിഞ്ഞു. കത്തോലിക്കാ വിശ്വാസവും സഭയും ദൈവത്താല്‍ സ്ഥാപിതമാണ്. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. യേശുവിന്റെ വാഗ്ദാനമാണിത്. ഈ സഭ പണിയപ്പെട്ടിരിക്കുന്നത് പാറമേലാണ്.

ആര്‍ജ്ജവമില്ലാത്ത, നേരും നെറിയും ഇല്ലാത്ത ഇക്കൂട്ടരോട് അനുവാദം വാങ്ങി സഭയുടെ വിശ്വാസം തുടരേണ്ട ഗതികേട് കത്തോലിക്കാ സഭയ്ക്ക് വരുമ്പോള്‍ കത്ത് മുഖേനെ അറിയിക്കാം. അതിന് വേഷം കെട്ടി ഒരുങ്ങിയിരിക്കണമെന്നില്ല. കത്തോലിക്കാ സഭയെ ഇപ്പം നിര്‍ത്തിക്കളയാം എന്ന മോഹങ്ങളൊന്നും ഇവിടെ ചിലവാകില്ല.

ഫാ. ബോവസ് മാത്യു
(തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ മുഖപത്രമായ ക്രൈസ്തവകാഹളം എഡിറ്റോറിയല്‍)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.