തീവ്രവാദികളുടെ കൊലക്കത്തിക്ക് മുന്നിൽ നിന്ന് ദൈവം രക്ഷിച്ച വൈദികൻ പാപ്പായ്‌ക്കൊപ്പം ബലിവേദിയിൽ

വർഷങ്ങൾക്ക് മുൻപ് ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കഴുത്തറക്കുവാൻ തുടങ്ങിയെങ്കിലും ദൈവം അത്ഭുതം പ്രവർത്തിച്ച് രക്ഷപെടുത്തിയ ഇറാഖി ഫ്രാൻസിസ്കൻ വൈദികനാണ് ഫാ. അബുനാ നിർവാൻ. എർബിലിലെ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് പാപ്പയോടൊപ്പം വിശുദ്ധ ബലിയർപ്പിക്കുവാന്‍ അദ്ദേഹവും ഉണ്ടായിരുന്നു. ഞായറാഴ്ച ഫ്രാസോ ഹരിരി സ്റ്റേഡിയത്തിൽ പതിനായിരത്തോളം വിശ്വാസികൾ പങ്കെടുത്ത വിശുദ്ധ ബലിയിലാണ് അദ്ദേഹം പാപ്പായോടൊപ്പം പങ്കെടുത്തത്.

2007 ജൂലൈ 14 -നാണ് മൊസൂളിലേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുകയായിരുന്ന ഫാ. നിർവാൻ, ജോർദാൻ- ഇറാക്ക് അതിർത്തിയിലെ ഒരു സുരക്ഷാ പോസ്റ്റ് മുറിച്ചു കടക്കുമ്പോൾ ആണ് അക്രമികളാൽ തട്ടിക്കൊണ്ടു പോകപ്പെട്ടത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ടാക്സി തീവ്രവാദികൾ തട്ടിയെടുക്കുകയായിരുന്നു. കൈകൾ ബന്ധിക്കപ്പെട്ട് ഒരു മുറിക്കുള്ളിലടച്ച വൈദികനെയും കൂടെയുള്ളവരെയും ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തുവാൻ തീരുമാനിച്ചു. സഹയാത്രികനെ കഠാരകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ അവർ പിന്നീട് തിരിഞ്ഞത് ഫാ. നിർവാന്റെ നേർക്കായിരുന്നു.

അൽ ജസീറയ്ക്കുവേണ്ടി ഇത് റിപ്പോർട്ട് ചെയ്യുകയാണെന്നും പറഞ്ഞ് ഒരാൾ വീഡിയോ എടുക്കുവാൻ ആരംഭിച്ചു. “നിങ്ങൾക്ക് എന്തെങ്കിലും പറയുവാനുണ്ടോ എന്ന് അവർ അദ്ദേഹത്തോട് ചോദിച്ചു. എന്തെങ്കിലും പറയുവാനുണ്ടെങ്കിൽ ഒരു മിനിറ്റിൽ കൂടുതൽ പാടില്ല എന്നും പറഞ്ഞു . പക്ഷെ അദ്ദേഹം പ്രാർത്ഥിക്കണമെന്ന് മാത്രമാണ് അവരോട് ആവശ്യപ്പെട്ടത്. പ്രാർത്ഥനയ്ക്ക് ശേഷം മുട്ടുകുത്തുമ്പോൾ തോളിൽ പിടിച്ചു താഴേക്ക് തള്ളിയിട്ടിട്ട് അവർ പറഞ്ഞു: ‘നിങ്ങൾ ഒരു പുരോഹിതനാണ്, നിങ്ങളുടെ രക്തം നിലത്തുവീഴുന്നത് വിലക്കപ്പെട്ടിരിക്കുന്നു. കാരണം അത് പവിത്രമാണ്’. അങ്ങനെ അവരിൽ ഒരാൾ അകത്തുപോയി ഒരു ബക്കറ്റ് എടുത്തുകൊണ്ടു വരികയും കഠാര കഴുത്തിലേക്ക് വെയ്ക്കുകയും ചെയ്തു. ആ നിമിഷം വൈദികൻ അവരോടാവശ്യപ്പെട്ടു, കർത്താവ് ഇത്ര ചെറുപ്പത്തിലേ എന്നെ വിളിക്കുന്നത് ആവശ്യമാണെങ്കിൽ ഞാൻ അതിനു തയാറാണ്. പക്ഷെ മറ്റാരെയും വധിക്കരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. ആ നിമിഷം അവർ കൈകൊണ്ട് തല പിടിച്ചു തോളിൽ മുറുകെ പിടിച്ച് കത്തി ഉയർത്തി. കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം ‘നിങ്ങൾ ആരാണ്?’ എന്ന് അയാൾ ചോദിച്ചു. ‘സന്യാസി’ എന്ന് മറുപടി നൽകിയപ്പോൾ വീണ്ടും അതെ ചോദ്യം ചോദിച്ചെങ്കിലും മറുപടി പറയുവാൻ അനുവദിക്കാതെ അദ്ദേഹത്തെയും കൂടെയുള്ളവരെയും വിട്ടയച്ചു.

“ആ നിമിഷം മുതൽ ഞാൻ മരണത്തെ ഭയപ്പെടുന്നത് അവസാനിപ്പിച്ചു. കുരിശു സ്വീകരിക്കുവാനുള്ള ശക്തി എനിക്ക് നൽകും. അതിനാൽ ദൈവം ആഗ്രഹിക്കുന്ന സമയത്തേ എന്നെ അവിടുന്ന് വിളിക്കുകയുള്ളൂ.” അദ്ദേഹം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.