ബൊക്കോ ഹറാം തീവ്രവാദികളുടെ വെടിവയ്പ്പിൽ നിന്ന് രക്ഷപെട്ട ഒരു നൈജീരിയൻ കൗമാരക്കാരന്റെ കഥ

“പെട്ടന്ന് ഞങ്ങൾ വെടിയൊച്ച കേട്ടു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. പക്ഷേ, ഞങ്ങൾ എല്ലാവരും പെട്ടന്നു തന്നെ ക്ലാസ്സുകളിൽ നിന്നും ഇറങ്ങിയോടി” – നൈജീരിയയിലെ ഒരു കോളേജിൽ ബൊക്കോ ഹറാം തീവ്രവാദികൾ നടത്തിയ വെടിവയ്പ്പിൽ നിന്നും രക്ഷപെട്ട വിന്നർ ഒസെക്ക്ഹോം എന്ന യുവാവിന്റെ വാക്കുകളാണ്. 2016 -ൽ വെറും 17 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഈ കൗമാരക്കാരൻ അതിജീവനത്തിനായി പിന്നീട് ഒരുപാട് കാതങ്ങൾ താണ്ടേണ്ടിവന്നു. ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും ഒസെക്ക്ഹോമിനെ കാത്തിരുന്നത് മനുഷ്യക്കടത്തുകാരുടെ കറുത്ത കാരാഗൃഹമായിരുന്നു. മനുഷ്യരെ അടിമകളാക്കി മാറ്റിവിൽക്കുവാനും മറ്റു പ്രകൃതിവിരുദ്ധ ആവശ്യങ്ങൾക്കുപയോഗിക്കുന്ന മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിൽ നിന്നും അവൻ ഒരുവിധത്തിൽ രക്ഷപെട്ടു.

“ലിബിയൻ മരുഭൂമി കടന്നു രക്ഷപെടുന്നതിനിടയിൽ ജീവിതം അവസാനിച്ചു പോകുമോ എന്ന് പലതവണ ചിന്തിച്ചു. അത്ര കഷ്ടതകൾ നിറഞ്ഞ ഒരു യാത്രയായിരുന്നു അത്‌. ജീവിതത്തിലെ വലിയ പ്രതിസന്ധിയുടെ രണ്ടാം ഘട്ടമായിരുന്നു ആ മരുഭൂമി യാത്ര. പക്ഷേ, ദൈവത്തിന്റെ പദ്ധതി വളരെ വ്യത്യസ്തമായിരുന്നു” –  ഒസെക്‌ഹോം പറയുന്നു. യൂറോപ്പിലേക്കുള്ള കടൽ യാത്രയിൽ രണ്ടാം ശ്രമത്തിലാണ് അത്‌ വിജയം കണ്ടത്. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും അവിടെ വച്ച് വീണ്ടും ജയിലിൽ അകപ്പെടുകയുണ്ടായി. അങ്ങനെ അത്ഭുതകരമായി അടിതെറ്റാതെയുള്ള വിശ്വാസത്തിൽ, കഠിനമായ ഒരു യാത്രയിൽ ദൈവത്തെ കൂട്ടുപിടിച്ച് ആ കൗമാരക്കാരൻ. ജീവിതത്തിനും മരണത്തിനുമിടയിൽ അവനു ദൈവം മാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളൂ.

“ഈ യാത്രയിലുടനീളം ദൈവം എന്നെ ഒരുപാട് സഹായിച്ചു. അല്ലാതെ ഒരിക്കലും എനിക്കിവിടെ എത്തിച്ചേരുവാൻ സാധിക്കുമായിരുന്നില്ല. എന്നെ സംബന്ധിച്ച് വിശ്വാസം അടിസ്ഥാനപരമായ ഒന്നാണ്. അത്ര സുരക്ഷിതമല്ലാത്ത ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തിലേക്കുള്ള അപകടങ്ങൾ നിറഞ്ഞ എന്റെ യാത്രയിലുടനീളം ആ വിശ്വാസമായിരുന്നു എന്നെ വഴിനടത്തിയതും. അല്ലെങ്കിൽ എനിക്കൊരിക്കലും പഠിക്കുവാനോ ജോലി ചെയ്യുവാനോ ഭാവിയെക്കുറിച്ച് ചിന്തിക്കുവാൻ പോലുമോ കഴിയില്ലായിരുന്നു.” കഴിഞ്ഞ അഞ്ചു വർഷമായി ഒസെക്‌ഹോം ഇറ്റലിയിലെ റെഗ്ഗിയോ കലാബ്രിയയിലെ കന്നവോ – റിപ്പറോ ഇടവകയിലാണ്. അഭയാർത്ഥികളായി പല നാടുകളിൽ നിന്നും എത്തിച്ചേർന്ന അനേകം കുട്ടികളെ സ്വീകരിക്കുവാൻ സ്നേഹപൂർവ്വം കരങ്ങൾ വിരിച്ചുപിടിച്ചിരിക്കുകയാണ് ഈ ഇടവക സമൂഹം. എന്നാൽ ഇവിടെ ഒരു സുരക്ഷിതസ്ഥാനത്ത് എത്തിച്ചേർന്നെങ്കിലും കഷ്ടതകൾ അവസാനിച്ചിരുന്നില്ല എന്ന് വിന്നർ പറയുകയാണ്. കാരണം ഭാഷ ഒരു വലിയ പ്രശ്നമായിരുന്നു. ഇറ്റാലിയൻ ഭാഷ എഴുതുവാനും വായിക്കുവാനും പഠിച്ചതിനു ശേഷമാണു അവന് തന്റെ പഠനം പൂർത്തിയാക്കുവാൻ സാധിച്ചത്. ഇവിടെ കൂടെയുണ്ടായിരുന്ന ഓരോരുത്തർക്കും പറയുവാൻ വ്യത്യസ്തമല്ലാത്ത ഒരോ കഥകളുണ്ടായിരുന്നു. ആംഗ്യത്തിലൂടെയും കണ്ണുകളിലൂടെയും മുഖഭാവത്തിലൂടെയുമെല്ലാം അവർ സംസാരിച്ചു.

ഇന്ന് 22 വയസ്സുള്ള വിന്നർ മെഡിറ്ററേനിയൻ യൂണിവേഴ്സിറ്റിയിൽ ഇൻഫർമേഷൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. അതോടൊപ്പം തന്നെ ഒരു ഐ. ടി. കമ്പനിയിൽ ജോലിചെയ്യുന്നുമുണ്ട്. കാരിത്താസ് ചാരിറ്റി സംഘടനയുടെ സന്നദ്ധ പ്രവർത്തകനാണ് ഇപ്പോൾ ഈ യുവാവ്. നിശ്ചിത ഇടവേളകളിൽ രക്തം ദാനം ചെയ്യുകയും ഇടവകയിലെ കുട്ടികൾക്ക് സ്കൗട്ട് പ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്തു വരുന്നു. “നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കുവാൻ സാധിക്കുകയില്ല. എന്നാൽ ഇന്ന് ഞാൻ വളരെ സന്തോഷവാനാണ്. ഞാൻ കടന്നു വന്ന വഴികളിൽ എന്നെ സഹായിച്ചവർക്കും ഇന്നും എന്നെ സഹായിച്ചുകൊണ്ടിരിക്കുന്നവർക്കും നന്ദിയുണ്ട്. എന്റെ പ്രവർത്തനങ്ങളിലൂടെ, ഞാൻ ഏറ്റുവാങ്ങിയതിൽ ഒരു ഭാഗം തിരികെ കൊടുക്കുവാൻ ശ്രമിക്കുകയാണ്. എന്നെപോലെ ഒരുപാട് പേർ മെസ്സി മെഡിറ്ററേനിയൻ കടലിലോ മണലാരണ്യങ്ങളിലോ പെട്ട് പോകുന്നുണ്ട്. എല്ലാവർക്കും ഓരോ അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഞാൻ എന്റെ വിളി ഏറ്റെടുത്തു. എനിക്ക് ലഭിച്ചത് നന്ദിയോടുകൂടി മറ്റുള്ളവർക്ക് തിരികെ നൽകുവാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് രക്തം ദാനം ചെയ്യുന്നതിലൂടെ.” -വിന്നർ കൂട്ടിച്ചേർത്തു.

ഒസക്ഹോമിനെ സംബന്ധിച്ചു ഈസ്റ്റർ ഒരു അവബോധമാണ്. പ്രത്യാശയും പുനർജന്മവും നൽകുന്ന വലിയൊരു അവബോധം. തന്റെ വിശ്വാസത്തിനു എക്കാലവും നന്ദിയുള്ളവനാണ് അവൻ. പ്രത്യാശയുടെയും പുതിയ ജന്മ്മത്തിന്റെയും അർഥം ഏറ്റവും നന്നായി തന്റെ ജീവിതാനുഭവങ്ങളിലൂടെ നേടിയെടുത്തവനാണ് വിന്നർ ഒസെക്‌ഹോം എന്ന യുവാവ്!

സുനീഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.