ദൈവം നമ്മെ വ്യക്തിപരമായി അറിയുന്നു: ഫ്രാൻസിസ് പാപ്പാ

യേശുനാഥന്‍ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി ശ്രദ്ധിക്കുകയും സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നു എന്ന് ഫ്രാൻസിസ് പാപ്പാ. നല്ലയിടയന്റെ സുവിശേഷഭാഗം വ്യാഖ്യാനിക്കവെയാണ് പാപ്പാ ഈ കാര്യം വ്യക്തമാക്കിയത്.

ഈശോ നാം ആയിരിക്കുന്നതുപോലെ നമ്മുടെ കഴിവുകളോടും കുറവുകളോടും കൂടെ നമ്മെ സ്വാഗതം ചെയ്യുകയും സ്നേഹിക്കുകയും ചില സമയങ്ങളില്‍ ജീവിതത്തിലുണ്ടാകുന്ന ദുർഘടകമായ വഴികളെ മറികടക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. അവിടുത്തെ സ്വരം ശ്രവിക്കുകയും തിരിച്ചറിയുകയും ചെയ്യുകയെന്നത് സത്യത്തിൽ ദൈവത്തോടുള്ള ആഴമായ സ്നേഹബന്ധത്തെയാണ് കാണിക്കുന്നത്.

നമ്മുടെ സ്വർഗ്ഗീയഗുരുവും ആത്മാവിന്‍റെ ഇടയനുമായി നാം കണ്ടുമുട്ടുകയും പ്രാർത്ഥനയിൽ ആ ബന്ധം ദൃഢപ്പെടുകയും ചെയ്യുന്നു. ഈ സൗഹൃദം ദൈവത്തെ അനുകരിക്കാനുള്ള ആഗ്രഹത്തെ നമ്മിൽ ശക്തമാക്കുകയും, തെറ്റായ വഴികളിൽ നിന്ന് പിൻതിരിയാൻ ഇടയാക്കുകയും, സ്വാർത്ഥമായ പെരുമാറ്റങ്ങളെ ഒഴിവാക്കി സാഹോദര്യത്തിന്‍റെ പുത്തൻവഴികളിലൂടെ നമ്മെത്തന്നെ സമര്‍പ്പണം ചെയ്യാനും അവിടുത്തെ അനുകരിക്കാനും ഇടയാക്കുകയും ചെയ്യും. പാപ്പാ ചൂണ്ടിക്കാട്ടി.

നമ്മോട് സംസാരിക്കുകയും നമ്മെ അറിയുകയും നമുക്ക് നിത്യജീവൻ നൽകുകയും ചെയ്യുന്ന ഏക ഇടയൻ യേശുവാണെന്ന് നമുക്ക് മറക്കാതിരിക്കാം. നാം അവിടുത്തെ ആട്ടിന്‍പറ്റമായതുകൊണ്ട് അവിടുത്തെ സ്വരം നാം ശ്രവിക്കണം. ദൈവം നമ്മുടെ ആത്മാർത്ഥമായ ഹൃദയത്തെ സ്നേഹപൂർവ്വം നിരീക്ഷിക്കുന്നു. ദൈവവുമായുള്ള ആഴമായ സൗഹൃദത്തിൽ നിന്ന് അവനെ അനുഗമിക്കാനുള്ള സന്തോഷം പൊട്ടിപ്പുറപ്പെട്ട് നിത്യജീവന്‍റെ നിറവിലേക്ക് നമ്മെ നയിക്കുന്നു. പാപ്പാ വിശ്വാസികളെ ഓർമ്മിപ്പിച്ചു.