ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന ശ്രവിക്കാന്‍ കാത്തിരിക്കുകയാണ്: ഫ്രാന്‍സിസ് പാപ്പാ

പിതാവായ ദൈവം തന്റെ മക്കളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുവാനായി കാത്തിരിക്കുകയാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ. ബുധനാഴ്ച നടന്ന ജനറല്‍ ഓഡിയന്‍സിലാണ് പാപ്പാ ഈ കാര്യം വിശ്വാസികളെ ഓര്‍മിപ്പിച്ചത്.

യേശു നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നത് നമുക്ക് ആശ്വാസം നല്‍കുന്നു. അവിടുന്ന് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, നമ്മുടെ വിശ്വാസം ക്ഷയിക്കാതിരിക്കുന്നതിനായി നമുക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഇതു സത്യമാണ്. എന്നാല്‍ പിതാവേ യേശു ഇപ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍, ഉണ്ട്. അവിടുന്ന് പിതാവിന്റെ  സന്നിധിയില്‍ നമുക്കായി പ്രാര്‍ത്ഥിക്കുന്നു. ആകയാല്‍ ഓരോ വ്യക്തിക്കും യേശുവിനോട് ഇങ്ങനെ പറയാന്‍ സാധിക്കും: “അങ്ങ് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആ പ്രാര്‍ത്ഥന എനിക്ക് ആവശ്യമാകയാല്‍ അങ്ങ് അത് തുടരണമേ” അങ്ങനെ പറയാന്‍ ധൈര്യമുള്ളവരായിരിക്കുക. പാപ്പാ പറഞ്ഞു.

പ്രാര്‍ത്ഥനയില്‍ സ്ഥൈര്യവും നമ്മുടെ പിതാവ് നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്കുമെന്ന അചഞ്ചലവിശ്വാസവും നമുക്ക് ഉണ്ടായിരിക്കണമെന്ന് പഠിപ്പിക്കുന്നതിന്  യേശു രണ്ട് ഉപമകളും പറയുന്നുണ്ട്. നല്ലവനായ പിതാവെന്ന നിലയില്‍ ദൈവം അവിടത്തെ രക്ഷാകര പദ്ധതിയ്ക്കനുസൃതം തക്കസമയത്ത് എല്ലാ പ്രാര്‍ത്ഥനകള്‍ക്കും  ഉത്തരമരുളും.

പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥന, യാഥാര്‍ത്ഥ്യത്തെ മാറ്റിമറിക്കും എന്നത് നാം മറക്കരുത്. വസ്തുക്കളെയാകാം, നമ്മുടെ ഹൃദയങ്ങളെയാകാം പ്രാര്‍ത്ഥന പരിവര്‍ത്തനം ചെയ്യുന്നത്. എന്തു തന്നെയായാലും പ്രാര്‍ത്ഥന എന്നും മാറ്റങ്ങള്‍ വരുത്തുന്നു. ഏകാന്തതയെയും നിരാശയെയും ജയിക്കുന്നതിനായി ഇപ്പോള്‍ മുതല്‍ തന്നെ പ്രാര്‍ത്ഥിക്കുക. സകലവും പ്രതീക്ഷിച്ചിരിക്കുന്ന, കൈകള്‍ വിരിച്ചുപിടിച്ച്  നമ്മെ കാത്തിരിക്കുന്ന ഒരു പിതാവുണ്ട്. ആ പിതാവിങ്കലേക്ക് നമ്മുടെ നയനങ്ങള്‍ തിരിക്കാം എന്ന് ഓര്‍മിപ്പിച്ചു കൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.