ആത്മീയ വിശുദ്ധി ആവശ്യപ്പെടുന്ന ദൈവം

ബിജു കുന്നേല്‍

ബിജു കുന്നേല്‍

ഈശോ രക്തസ്രാവക്കാരി സ്ത്രീയെ സുഖപ്പെടുത്തിയത് ലൂക്കാ സുവിശേഷകൻ വിശുദ്ധ ഗ്രന്ഥത്തിൽ മനോഹരമായി രേഖപ്പെടുത്തിയിട്ടുണ്ട്. ലൂക്കാ 8: 40 -48.  പന്ത്രണ്ടു വർഷമായി രക്തസ്രാവമുണ്ടായിരുന്നവളും ആർക്കും സുഖപ്പെടുത്താൻ കഴിയാതിരുന്നവളുമായ സ്ത്രീ, ജായ്‌റോസിന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ ഈശോയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ തൊട്ടയുടനെ സുഖം പ്രാപിച്ചു. സമൂഹത്തിന്റെ കാഴ്ചപ്പാടിൽ അവൾ തീർത്തും അശുദ്ധയാണ് – എന്നാൽ ദൈവത്തിന് അവൾ പ്രിയപ്പെട്ടവളായിരുന്നു – അതുകൊണ്ടാണ് യേശു അവളോട് പറഞ്ഞത് – “മകളെ നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു, സമാധാനത്തോടെ പോവുക”. It is not a mythology, it is a TRUTH. സത്യ ദൈവമായ യേശുക്രിസ്തുവിന് എന്നോടും നിങ്ങളോടുമുള്ള സമീപനം അന്നും, ഇന്നും, എന്നും ഇത് തന്നെയാണ്.

കരുണാമയനായ നമ്മുടെ ദൈവം നമ്മോടു ആവശ്യപ്പെടുന്നത് നീ ശാരീരിക വിശുദ്ധിയുള്ളവനായിരിക്കുക എന്നല്ല – മറിച് – നീ പാപത്തിൽനിന്ന് അകന്ന് ആത്മീയ വിശുദ്ധിയുള്ളവനായിരിക്കുക എന്നാണ്. ഓരോ ക്രൈസ്തവന്റെയും ആത്മാവിന്റെ അന്തരാളങ്ങളിൽ കത്തിനിൽക്കുന്ന തീയാണ് ഈശോയോടുള്ള സ്നേഹം. ഇന്നിന്റെ കാലഘട്ടത്തിൽ ദൈവത്തെ കാണാൻ ശരീകിക വിശുദ്ധി തടസ്സമാണോ എന്ന ചിന്ത പലരുടെയും മനസ്സിൽ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. എന്നാൽ – ശുദ്ധനെയും അശുദ്ധനെയും ഒരുപോലെ സ്നേഹിക്കുന്ന ദൈവമാണ് എന്റെ ദിവ്യകാരുണ്യനാഥൻ എന്ന് ഉറക്കെ വിളിച്ചു പറയാൻ എനിക്ക് സാധിക്കും. കാരണം ഈശോ വഹിച്ചത് ഞാനും നിങ്ങളും ഉൾപ്പെടുന്ന ഈ ലോകത്തിന്റെ പാപം ആയിരുന്നു. ലോകത്തിന്റെ പാപങ്ങൾ നീക്കാനായി വന്ന ദൈവത്തിന്റെ കുഞ്ഞാടായിരുന്നു അവൻ എന്ന യാഥാർഥ്യം മനസിലാക്കുന്ന ആർക്കും അവനിലൂടെ യഥാർത്ഥ വിശുദ്ധി പ്രാപിക്കാൻ സാധിക്കും എന്നത് പരമമായ യാഥാർഥ്യമാണ്.

ഈ ദൈവത്തിന്റെ കരം പിടിച്ചു നടക്കാൻ, ഈ ദൈവത്തെ തൊടാൻ, ഒരുവന്റെയും ശാരീരിക വിശുദ്ധി തടസ്സമേയല്ല. മറിച്, ആത്മീയ വിശുദ്ധിയാണ് ദൈവം ഓരോരുത്തരോടും ആവശ്യപ്പെടുന്നത്. കേട്ടിട്ടില്ലേ – ദുഷ്ടൻറെയും ശിഷ്ടന്റെയും മേൽ അവിടെന്നു ഒരുപോലെ മഴ പെയ്യിക്കുന്നു. നീ ശാരീരികമായ ഏത് അവസ്ഥയിലുള്ളവനായിക്കോട്ടെ – ഈശോ എന്റെ വിളിപ്പുറത്തുതന്നെ, എന്റെ കൂടെത്തന്നെ ഉണ്ട് എന്ന പരമാര്ഥമാണ് ഓരോ ക്രൈസ്തവനെയും മുൻപോട്ടു നയിക്കുന്നത്. ക്രിസ്തു പീഡാനുഭവത്തിലൂടെ കടന്നുപോയത്, കുരിശുമരണം പ്രാപിച്ചത്, ഉയിർപ്പിക്കപ്പെട്ടത്, ഉദ്ധാനം ചെയ്തത് എനിക്കും നിനക്കും വേണ്ടിയാണെന്ന ബോദ്യം, നമ്മെ പാപ പങ്കിലമായ ജീവിത സാഹചര്യങ്ങളിൽനിന്നും അകന്നു നില്ക്കാൻ പ്രേരിപ്പിക്കുന്നു.

ഇനി- നീ പാപ പങ്കിലമായ ജീവിത സാഹചര്യങ്ങളിൽ ഇപ്പോളും തുടരുകയാണെങ്കിലും, എന്റെ മകനെ എന്റെ മകളെ എന്ന് വിളിച്ചുകൊണ്ടു കരുണാർദ്രമായ ഹൃദയത്തോടെ ഈശോ നിന്റെ ചാരെ ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്.

ദൈവകരുണയുടെ അപ്പസ്തോലയായ പോളണ്ടിലെ വിശുദ്ധ സിസ്റ്റർ മരിയ ഫൗസ്തീനക്ക് ദൈവം വെളുപ്പെടുത്തിയത് ഇപ്രകാരമാണ് – “ഒരു പാപിയുടെ ഏറ്റം നികൃഷ്ടാവസ്ഥ എന്റെ കോപം ജ്വലിപ്പിക്കുകയല്ല, മറിച്, അനന്ത കരുണയാൽ എന്റെ ഹൃദയം അവരിലേക്ക്‌ അടുക്കുകയാണ് ചെയ്യുന്നത്”.

ഓരോ പുനർജന്മവും എനിക്കും നിങ്ങൾക്കും പകർന്നു തരുന്നത് ദൈവത്തിന്റെ ഈ കരുണാർദ്രമായ സ്നേഹമാണ്. കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ എന്റെ ദൈവം, തളർവാത രോഗിയെ സുഗമാക്കിയ എന്റെ ദൈവം, അന്ധന് കാഴ്ച നൽകിയ എന്റെ ദൈവം, മുടന്തന് സൗഖ്യ ധായകനായ എന്റെ ദൈവം, കുരുടന് കേൾവി ശക്തി തിരിച്ചു നൽകിയ എന്റെ ദൈവം, രക്ത സ്രവക്കാരി സ്ത്രീയെ സൗഖ്യമാക്കിയ എന്റെ ദൈവം, കുഷ്ഠ രോഗിയെ സുഖപ്പെടുത്തിയ എന്റെ ദൈവം, പിശാച് ബാധിതനെ സുഖപ്പെടുത്തിയ എന്റെ ദൈവം, ജായ്‌റോസിന്റെ മകളെ ഉയിർപ്പിച്ച എന്റെ ദൈവം, ലാസറിനെ ഉയിർപ്പിച്ച എന്റെ ദൈവം – എന്റെയും നിങ്ങളുടെയും കൂടെത്തന്നെയുണ്ട്. “എന്റെ ഈശോയെ” എന്ന ഒരു വിളിക്കായി കാതോർക്കിരിക്കുന്ന ദൈവം നമ്മുടെ ബലഹീനതകളെ അറിയുന്നവനാണ്. ആ ഈശോയുടെ കരം പിടിക്കാൻ, എന്റെയും നിങ്ങളുടെയും ശാരീരിക അവസ്ഥകൾ ഒരു പ്രശ്‌നമേയല്ല. എളിമയുള്ള ഹൃദയത്തോടെ ഈശോയെ സമീപിക്കുന്ന ആർക്കും ആ സ്നേഹം ആവോളം ആസ്വദിക്കാൻ സാധിക്കും.

അതുകൊണ്ട്, നമ്മുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം – എന്റെ നല്ല ഈശോയെ എന്റെ കണ്ണിലെ വിശുദ്ധി മങ്ങാതെ കാക്കണമേ, എന്റെ ആത്മാവിലെ സ്നേഹത്തിന്റെ നാളങ്ങൾ അണയാതെ കാക്കണമേ, എന്റെ ശരീരത്തിന്റെ പവിത്രത മനസ്സിലാക്കിക്കൊണ്ട് ജീവിക്കാൻ എന്നെ സഹായിക്കണമേ. പരിശുദ്ധ കാതോലിക്ക സഭയെയും, സഭയുടെ തൂണുകളായ വിശുദ്ധ കൂദാശകളെയും, പുരോഹിതരെയും, സമർപ്പിതരെയും, അൽമായരെയും, ഈ ലോകത്തെ മുഴുവനും –
പ്രത്യേകിച്ച് പരിശുദ്ധ പിതാവിനെ – അങ്ങയുടെ ചങ്കോട് ചേർത്ത് വയ്ക്കുന്നു. അങ്ങയുടെ കാരുണ്യത്തിൽ, സ്നേഹത്തിൽ പൊതിയണമേ. ആമേൻ.

ബിജു കുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.