പുൽക്കൂട്ടിലേയ്ക്ക് 20: അത്യുന്നതങ്ങളിൽ ദൈവമഹത്വം

25 ആഗമനകാല പ്രാർത്ഥനകൾ: ഡിസംബർ 20 – അത്യുന്നതങ്ങളിൽ ദൈവമഹത്വം

വചനം

“അത്യുന്നതങ്ങളില് ദൈവത്തിനു മഹത്വം! ഭൂമിയില് ദൈവകൃപ ലഭിച്ചവര്ക്കു സമാധാനം!” (ലൂക്കാ 2:14).

വിചിന്തനം

ഈശോയുടെ മനുഷ്യാവതാരത്തിന്റെ രണ്ടു ലക്ഷ്യങ്ങളാണ് ഈ തിരുവചനം തുറന്നുകാണിക്കുക. അത്യുന്നതങ്ങളില് ദൈവത്തിനു മഹത്വം നൽകുക, ഭൂമിയിൽ എല്ലാവർക്കും സമാധാനം പകരുക. ദൈവത്തിലേയ്ക്ക് വിരിയുകയും മനുഷ്യരുടെ ഇടയിലേയ്ക്ക് സമാധാനമായി പടരുകയും ചെയ്യുക. സമാധാനം ഒന്നാമതായി സൃഷ്ടിക്കേണ്ടത് മാനവഹൃദയത്തിലാണ്. ഏതു യുദ്ധവും കലാപവും ആദ്യം മനുഷ്യഹൃദയത്തിലാണല്ലോ ആരംഭം കുറിക്കുന്നത്. മനുഷ്യഹൃദയം സമാധാനപൂര്ണ്ണമായാല് സമൂഹവും സമാധാനപൂര്ണ്ണമാകും. ഭൂമിയിൽ ദൈവമഹത്വം അംഗീകരിക്കുമ്പോൾ നാം സമാധാനത്തിൽ വളരുകയാണ്.

പ്രാർത്ഥന

സ്വർഗ്ഗീയപിതാവേ, അത്യുന്നതങ്ങളിൽ നിനക്ക് മഹത്വമുണ്ടായിരിക്കട്ടെ. ക്രിസ്തുമസിനായി തീക്ഷ്ണമായി ഒരുങ്ങുന്ന സമയത്ത് നിന്റെ മഹത്വം മാത്രമായിരിക്കട്ടെ ഞങ്ങളുടെ ഏകലക്ഷ്യം. ഞങ്ങളുടെ രക്ഷയ്ക്കായി മനുഷ്യവതാരം ചെയ്ത നിന്റെ പ്രിയപുത്രന്റെ മഹത്വം അംഗീകരിക്കുമ്പോൾ ഭൂമിയിൽ സമാധാനം സ്ഥാപിക്കുന്ന ദൈവപുത്രനും/ പുത്രിയുമായി ഞങ്ങൾ രൂപാന്തരപ്പെടുകയാണല്ലോ. അതിന് ആവശ്യമായ കൃപാവരത്താൽ ഞങ്ങളെ നിറയ്ക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും, ആമ്മേൻ.

സുകൃതജപം

ഉണ്ണീശോയേ, എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമേ!

ഫാ. ജയ്സൺ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.