വൈദികരുടെ വിശുദ്ധീകരണം: ‘ഗ്ലോബല്‍ റോസറി റിലേ ഫോര്‍ പ്രീസ്റ്റ്’ ജൂണ്‍ പതിനൊന്നിന്

പൗരോഹിത്യ നിയോഗത്തോടുള്ള ആദരസൂചകമായി ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് വൈദികര്‍ക്കുവേണ്ടി പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചുകൊണ്ട് നടത്തുന്ന ‘ഗ്ലോബല്‍ റോസറി റിലേ ഫോര്‍ പ്രീസ്റ്റ്’ ജൂണ്‍ 11-ന്. വര്‍ഷംതോറും നടത്തിവരാറുള്ള ‘ഗ്ലോബല്‍ റോസറി റിലേ’യുടെ 12-ാമത്തെ ജപമാല റിലേയാണ് ഇത്തവണത്തേത്. റിലേയ്ക്ക് ‘വേള്‍ഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്.

ലോകമെമ്പാടുമുള്ള വൈദികര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ വിശ്വാസീസമൂഹം അണിചേരുന്ന, വൈദികര്‍ക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അര്‍പ്പിക്കുക എന്നീ ലക്ഷ്യത്തോടെ നടത്തുന്ന റിലേയുടെ ഇത്തവണത്തെ ആപ്തവാക്യം ‘വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ്.

വിവിധ രാജ്യങ്ങളിലെ ഓരോ ദേവാലയവും തങ്ങള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള അര മണിക്കൂര്‍ നേരം ജപമാലയിലെ നിശ്ചയിച്ചിട്ടുള്ള രഹസ്യങ്ങള്‍ ചൊല്ലി ദൈവത്തിനു നന്ദി പ്രകാശിപ്പിച്ച് സകല പുരോഹിതര്‍ക്കുമായി ദൈവമാതാവിന്റെ സംരക്ഷണം അപേക്ഷിക്കും. നിരവധി മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളും പ്രാര്‍ത്ഥനയില്‍ അണിചേരുന്നുണ്ട്. ഈ ജപമാലയജ്ഞത്തില്‍ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം പങ്കെടുക്കണമെന്നും ‘വേള്‍ഡ് പ്രീസ്റ്റ്’ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തില്‍, കഴിഞ്ഞ വര്‍ഷത്തേതുപോലെ തത്സമയ സംപ്രേഷണത്തിലൂടെയും നിരവധി സംഘങ്ങള്‍ ജപമാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദികര്‍ക്കുവേണ്ടി ആഗോളവ്യാപകമായി നടത്തുന്ന റോസറി റിലേയ്ക്ക് ഓരോ വര്‍ഷവും ഫ്രാന്‍സിസ് പാപ്പ അപ്പസ്തോലിക ആശീര്‍വാദം നല്‍കാറുമുണ്ട്. 2003-ല്‍ സ്ഥാപിതമായ ‘വേള്‍ഡ് പ്രീസ്റ്റ്’ എന്ന അപ്പസ്‌തോലിക സംഘടനയാണ് 9 വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘ഗ്ലോബല്‍ റോസറി റിലേ’ ആരംഭിച്ചത്. ‘പൗരോഹിത്യത്തിന്റെ വിശുദ്ധിക്കായുള്ള ലോക പ്രാര്‍ത്ഥനാദിനം’ എന്ന വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പുരോഹിതരേയും അത്മായരേയും പ്രാര്‍ത്ഥനയിലൂടെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാരിയോണ്‍ മുല്‍ഹാള്‍ എന്ന അത്മായ വനിതയാണ് ‘വേള്‍ഡ് പ്രീസ്റ്റ്’ സംഘടന സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.