ക്രിസ്തുമസ് കാലത്ത് കുമ്പസാരത്തിന് കൂടുതൽ പ്രാധാന്യം നൽകാനുള്ള ആഹ്വാനവുമായി കർദ്ദിനാൾ 

ഈ ക്രിസ്തുമസ് കാലത്ത് കുമ്പസാരത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും അനുരഞ്ജന കൂദാശ സൗഖ്യദായകമാണെന്ന് ഊന്നിപ്പറയാനുള്ള സമയമാണെന്നും കർദ്ദിനാൾ മൗറോ പിയാചെൻസ. 2021 -ലെ ക്രിസ്തുമസ് കുമ്പസാരക്കാർക്കുള്ള സന്ദേശത്തിലാണ് കർദ്ദിനാൾ ഇപ്രകാരം പറഞ്ഞത്.

“രണ്ടു വർഷത്തെ കൊറോണ വൈറസ് മഹാമാരിയിൽ തകർന്ന ലോകത്തിലേക്ക് ദൈവത്തിന്റെ സ്നേഹവും സാന്ത്വനവും എത്തിക്കാൻ കുമ്പസാരമെന്ന കൂദാശയിലൂടെ പുരോഹിതന്മാർക്ക് സാധിക്കും. ഓരോ പുരോഹിതനും സ്നാപകയോഹന്നാനെപ്പോലെ ഈശോയെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കേണ്ടവനാണ്” – കർദ്ദിനാൾ പിയാചെൻസ വ്യക്തമാക്കി.

“കുമ്പസാരക്കാരൻ തന്റെ എളിമയുള്ളതും വിശ്വസ്‌തവുമായ ശുശ്രൂഷയിലൂടെ ദൈവത്തെ മറ്റുമുള്ളവർക്ക് വെളിപ്പെടുത്തേണ്ടവനാണ്. ദൈവം കാരുണ്യവും സ്നേഹവും നീതിയും സത്യവും കൃപയും സാന്ത്വനവും ആർദ്രതയുമുള്ളവനായി ലോകത്തുണ്ടെന്ന് വെളിപ്പെടുത്തുക കുമ്പസാരക്കാരന്റെ കടമയാണ്” – കർദ്ദിനാൾ പറഞ്ഞു. ഏകരക്ഷകനെന്ന നിലയിൽ കർത്താവിന്റെ സാന്നിധ്യം ലോകത്തിൽ ഉണ്ടെന്ന് വ്യക്തതയോടെ കാണിക്കേണ്ടത് അനിവാര്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മഹാമാരിയുടെ കാലത്ത്, കരുണയുടേതുമായ ഈ കൂദാശ പരികർമ്മം ചെയ്യാൻ കൂടുതൽ കുമ്പസാരക്കാർ മുന്നോട്ടു വരണമെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു.

പേപ്പൽ ബസിലിക്കയിലെ എല്ലാ കുമ്പസാരക്കാർക്കും കർദ്ദിനാൾ തന്റെ അഗാധമായ കൃതജ്ഞത രേഖപ്പെടുത്തി. ക്രിസ്തുവിനും സഭയ്ക്കും ആത്മാക്കൾക്കും സമൂഹത്തിനും വേണ്ടിയുള്ള അവരുടെ സേവനങ്ങൾക്കാണ് കർദ്ദിനാൾ നന്ദി അറിയിച്ചത്. അവരെ കന്യാമറിയത്തിനു സമർപ്പിക്കുകയും അവർക്ക്  ക്രിസ്തുമസ് ആശംസകൾ നേരുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.