കരുണ കാണിക്കൂ, കരുണ സ്വീകരിക്കൂ

helping

നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചുകൊണ്ട് നമ്മോട് കരുണ കാണിച്ച ദൈവത്തെ അനുകരിക്കുന്നവര്‍ മറ്റുള്ളവരുടെ അകൃത്യങ്ങളും പാപങ്ങളും ക്ഷമിക്കുന്നവരാകണം. ദൈവം മാനവരാശിയോട് കരുണ കാട്ടിയത് തന്റെ എകജാതനെ നല്‍കിക്കൊണ്ടാണ്. അതുകൊണ്ടു തന്നെ, ഈശോ അനുഭവിച്ച പീഡകള്‍ പിതാവായ ദൈവത്തിന് ഒട്ടേറെ വേദനാജനകമായിരുന്നു. ഇതുപോലെ തന്നെ, മറ്റുള്ളവരോട് യഥാര്‍ത്ഥത്തില്‍ കരുണ കാണിക്കുമ്പോള്‍ നമുക്കും വേദനിക്കും. യാതൊരു വ്യവസ്ഥകളുമില്ലാതെ മറ്റുള്ളവരോട് ക്ഷമിക്കുന്നതും, മറ്റുള്ളവരുടെ അയോഗ്യതകള്‍ പരിഗണിക്കാതെ അവരെ സഹായിക്കുന്നതും, നിസ്സംഗത വെടിഞ്ഞ് മറ്റുള്ളവരുടെ കഷ്ടതകളില്‍ അവരെ ആശ്വസിപ്പിക്കുന്നതുമെല്ലാം നമുക്ക് വേദനയും ക്ലേശവും സാമ്പത്തിക ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടാക്കുന്ന പ്രവര്‍ത്തികളാണ്.

മറ്റുള്ളവര്‍ക്കു വേണ്ടി അനുഭവിക്കുന്ന വേദനകളെ നമ്മുടെ കര്‍ത്താവിന്റെ കുരിശിനോട് ചേര്‍ത്തുനിര്‍ത്തുമ്പോഴാണ് നമ്മുടെ ജീവിതം പരിശുദ്ധാത്മാവിനാല്‍ നിറയുന്നത്. “അതിനാല്‍, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിന്‍” (കൊളോ 3:12).

നമ്മുടെ കുറവുകള്‍ ഏറ്റുപറഞ്ഞ് ദൈവസന്നിധിയില്‍ വിലപിക്കുകയും ശാന്തനായി ദൈവസന്നിധിയെ ശരണം വയ്ക്കുകയും ദൈവത്തിന്റെ നീതിയില്‍ അഭയം തേടുകയും ചെയ്യുന്ന ഒരു വ്യക്തിക്കു മാത്രമേ കരുണയുള്ളവനായി ഈ ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. സ്വര്‍ഗ്ഗീയഭാഗ്യത്തിലേയ്ക്ക് നമ്മെ നയിക്കുന്ന പ്രവര്‍ത്തിയാണ് ദൈവത്തിന്റെ കരുണ സ്വീകരിച്ച് മറ്റുള്ളവരോട് കരുണ കാണിക്കുക എന്നത്. സഹതാപം പ്രകടിപ്പിച്ച് മറ്റുള്ളവരുടെ വേദനകളില്‍ നിന്നും തലയൂരുവാനുള്ള നമ്മുടെ സ്വാഭാവിക പ്രവണത അവസാനിപ്പിച്ച്, കാരുണ്യപൂര്‍വ്വം മറ്റുള്ളവരോട് ക്ഷമിക്കുകയും സഹായിക്കുകയും ചെയ്യുന്നവരാകാനുള്ള കൃപക്കായി പ്രാര്‍ത്ഥിക്കാം.