ജുസേപ്പീന വന്നീനി! ഈ പുണ്യവതിയുടെ ജീവിതം അടുത്തറിയാം

കീര്‍ത്തി ജെയ്ക്കബ്

1859 ജൂലൈ ഏഴിനാണ് റോമില്‍ ആഞ്ചലോ വന്നീനിയുടെയും അന്നുസിയാറ്റയുടെയും രണ്ടാമത്തെ മകളായി ജുസേപ്പീന വന്നീനി ജനിച്ചത്. 1866-ല്‍ തന്റെ ഏഴാമത്തെ വയസില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ജുസേപ്പീനയും സഹോദരങ്ങളും അനാഥരായി. പിന്നീട് വിന്‍സെന്‍ഷ്യന്‍ സന്യാസിനിമാരുടെ സംരക്ഷണയിലാണ് അവര്‍ ജീവിച്ചത്. അധ്യാപികയാകണമെന്നായിരുന്നു ചെറുപ്പത്തിലെ മോഹം. പിന്നീടാണ് സന്യാസജീവിതം തിരഞ്ഞെടുത്തത്.

സമര്‍പ്പിത ജീവിതം

വിന്‍സെന്‍ഷ്യന്‍ സിസ്‌റ്റേഴ്‌സിന്റെ കോണ്‍ഗ്രിഗേഷനായ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയിലാണ് ജുസേപ്പീന ചേര്‍ന്നത്. 1887-ല്‍ അസുഖത്തെ തുടര്‍ന്ന് റോമിലേയ്ക്ക് തിരിച്ചുപോരേണ്ടി വന്നെങ്കിലും തൊട്ടടുത്ത വര്‍ഷം തന്നെ വീണ്ടും പരിശീലനം തുടര്‍ന്നു.

1891-ല്‍ ഒരു ധ്യാനകേന്ദ്രത്തില്‍ വച്ച് ഫാ. ലൂയി ടെസയെ കണ്ടുമുട്ടിയതാണ് സി. ജുസേപ്പീനയുടെ ജീവിതത്തില്‍ വീണ്ടും വഴിത്തിരിവായത്. രോഗികളെ ശുശ്രൂഷിക്കുന്നതിനു വേണ്ടി ഒരു സന്യാസിനീ സഭയ്ക്ക് തുടക്കം കുറിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു ഫാ. ടെസ ആ സമയത്ത്. ഏറെ ദിവസത്തെ ആലോചനകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷം അച്ചന്റെ ഓഫര്‍ സി. ജുസേപ്പീന സ്വീകരിച്ചു. 1895 ഡിസംബര്‍ എട്ടാം തീയതി, ഡോട്ടോഴ്‌സ് ഓഫ് കാമിലസ് എന്ന പേരില്‍ അവര്‍ സന്യാസ സഭ സ്ഥാപിക്കുകയും സി. ജുസേപ്പീന സുപ്പീരിയര്‍ ജനറലായി നിയമിതയാവുകയും ചെയ്തു.

പാവപ്പെട്ട സഭയായിരുന്നെങ്കിലും വളര്‍ച്ചയില്‍ മുന്‍പന്തിയിലായിരുന്നു ഡോട്ടേഴ്‌സ് ഓഫ് കാമിലസ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അനേകം സന്യാസ സമൂഹങ്ങള്‍ പലയിടങ്ങളിലായി പിറവികൊണ്ടു. പിന്നീട് ഫാ. ടെസ, പെറുവിലേയ്ക്ക് പോയതോടെ ഉത്തരവാദിത്വം മുഴുവന്‍ സി. ജുസേപ്പീനയ്ക്കായി. എങ്കിലും ധീരതയോടെ ക്രിസ്തുവിനുവേണ്ടി അവര്‍ ജീവിച്ചു.

സന്യാസ സമൂഹത്തിന് രാജ്യാന്തര തലത്തിലും ശാഖകള്‍ ആയതോടെ 1909-ല്‍ ഡോട്ടേഴ്‌സ് ഓഫ് കാമലിന് ഒദ്യോഗിക അംഗീകാരം ലഭിച്ചു. 1911 ഫെബ്രുവരിയില്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് സി. ജുസേപ്പീന മരിക്കുകയും ചെയ്തു. റോമിലാണ് മൃതദേഹം സംസ്‌കരിച്ചതെങ്കിലും 1976-ല്‍ ഗ്രോട്ടാഫെറാറ്റയിലെ ജനറല്‍ ഹൗസിലെ ചാപ്പലിലേയ്ക്ക് അവരുടെ ഭൗതികാവശിഷ്ടങ്ങള്‍ മാറ്റി സ്ഥാപിച്ചു.

അത്ഭുതങ്ങള്‍

ഡോട്ടേഴ്‌സ് ഓഫ് കാമലിന്‍ സന്യാസിനികള്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഓല്‍ഗ നുനെന്‍സ് എന്ന രോഗിയ്ക്ക് സി. ജുസേപ്പീനയുടെ നൊവേന ചൊല്ലി പ്രാര്‍ത്ഥിച്ചപ്പോള്‍ ഉണ്ടായ അത്ഭുതരോഗശാന്തിയാണ് ഒരു സാക്ഷ്യം.

മറ്റൊന്ന്, ബ്രസീലിലെ നിര്‍മ്മാണത്തൊഴിലാളിയായ ആര്‍നോ സെല്‍സണ്‍ ഒരിക്കല്‍ ജോലിയ്ക്കിടെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണു. വീഴുന്നതിനിടെ സി. ജുസേപ്പീനയുടെ സഹായം അദ്ദേഹം യാചിച്ചു. വീണെങ്കിലും നിസ്സാര പരിക്കുകളോടെയുള്ള അദ്ദേഹത്തിന്റെ രക്ഷപെടല്‍ സി. ജുസേപ്പീനയുടെ സഹായത്താലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

പ്രത്യേക മദ്ധ്യസ്ഥ

വാ. ജുസേപ്പീനയോടെ പ്രത്യേക മാദ്ധ്യസ്ഥം യാചിക്കാവുന്ന ചില മേഖലകള്‍ ഇതൊക്കെയാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, അനാഥര്‍, രോഗികള്‍, അധ്യാപകര്‍, ചെറിയ കുട്ടികള്‍, വനിതകള്‍ തുടങ്ങിയവര്‍. സഹായവുമായി ഇനി വിശുദ്ധരുടെ ഗണത്തില്‍ സി. ജുസേപ്പീനയും കാണും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.