വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്ക് മേയ് 12-ന് വീണ്ടും തുടക്കമാകും

കോവിഡ് മഹാമാരിയുടെ വ്യാപനം മൂലം നിര്‍ത്തിവച്ചിരുന്ന വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്ക് മേയ് 12-ന് വീണ്ടും തുടക്കമാകും. വത്തിക്കാന്‍ പ്രസ്സ് ഓഫീസാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതോടെ മേയ് 12 ബുധനാഴ്ച മുതല്‍ പാപ്പാ അനുവദിക്കുന്ന പൊതുദര്‍ശന പരിപാടിയില്‍ ജനങ്ങള്‍ക്ക് നേരിട്ടു പങ്കെടുക്കാന്‍ സാധിക്കും.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രതിവാര കൂടിക്കാഴ്ച അപ്പസ്‌തോലിക കൊട്ടാരത്തിലെ ലൈബ്രറിയില്‍ നിന്നാണ് വിര്‍ച്ച്വലായി പാപ്പാ നടത്തിക്കൊണ്ടിരുന്നത്. മഹാമാരിയുടെ ആദ്യതരംഗം ശമിച്ചപ്പോള്‍, 2020 സെപ്റ്റംബര്‍ രണ്ട് മുതല്‍ പൊതുജന പങ്കാളിത്തം അനുവദിച്ചിരുന്നെങ്കിലും വീണ്ടും രണ്ടാം തരംഗമുണ്ടായപ്പോള്‍ നവംബര്‍ നാലിന് വീണ്ടും കൂടിക്കാഴ്ച ഓണ്‍ലൈനാക്കി. ഇപ്പോള്‍ ഇറ്റലിയില്‍ കൊറോണ വൈറസ് വ്യാപനം കുറഞ്ഞിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

സെന്റ് പീറ്റേഴ്‌സ് സ്വകയറിലെ ബ്രോണ്‍സ് ഗേറ്റ് വഴിയാണ് പൊതുകൂടിക്കാഴ്ചയ്ക്കായി എത്തുന്ന വിശ്വാസികള്‍ക്ക് പ്രവേശനാനുമതി. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കര്‍ശന പരിശോധന ഉണ്ടാവുമെങ്കിലും പ്രവേശന ടിക്കറ്റ് നിര്‍ബന്ധമല്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.