ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി ഗ്രാമ പഠനശിബിരത്തിനു തുടക്കമായി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ പ്രവർത്തനഗ്രാമങ്ങളിലെ പഞ്ചായത്തുകൾ ഉൾക്കൊള്ളിച്ചു നടപ്പിലാക്കുന്ന ഗ്രാമജ്യോതി, ഗ്രാമ പഠനശിബിരത്തിന് ചക്കുപള്ളം ഗ്രാമത്തിൽ തുടക്കമായി. ഇടുക്കി ജില്ലയിലെ 14 പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി, ഗ്രാമ പഠനശിബിരം നടത്തി ശാസ്ത്രീയ അടിസ്ഥാനത്തിൽ ആശയങ്ങൾ രൂപീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിവിധ പഞ്ചായത്തുകളിലെ പ്രവർത്തനഗ്രാമങ്ങളിൽ ഗ്രാമ പഠനശിബിരം സംഘടിപ്പിക്കുന്നത്.

ഗ്രാമത്തിലെ ജനപ്രതിനിധികൾ, ഗ്രാമതല പ്രവർത്തകർ, സ്വാശ്രയസംഘ ഭാരവാഹികൾ, സ്വാശ്രയസംഘ പ്രവർത്തകർ എന്നിവരുമായി ആശയവിനിമയം നടത്തി സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ, മാനസിക മേഖലകളിൽ കുടുംബങ്ങൾക്കും വ്യക്തികൾക്കുമുണ്ടാകുന്ന വളർച്ചകളെക്കുറിച്ചുള്ള പഠനങ്ങളാണ് ഗ്രാമതല പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ഗ്രാമത്തിലും ലഭ്യമാകുന്ന വിവരങ്ങൾ വച്ചുകൊണ്ട് ഗ്രാമവികസന സമിതികളിൽ വിഷയാവതരണം നടത്തി, കണ്ടെത്തലുകൾ അവതരിപ്പിച്ച് അടുത്ത മൂന്നു വർഷത്തേക്കുള്ള കർമ്മപരിപാടികൾക്കു രൂപം നൽകുക എന്നതാണ് ഗ്രാമജ്യോതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഗ്രാമ പഠനശിബിരത്തിന്റെ കേന്ദ്രതല ഉദ്‌ഘാടനം ചക്കുപള്ളം ഔർ ലേഡി ഓഫ് റോസറി ചർച്ച് പാരിഷ് ഹാളിൽ വച്ച് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ്‌ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവ്വഹിച്ചു. യോഗത്തിൽ ജിഡിഎസ് വൈസ് പ്രസിഡന്റ്‌ ഫാ. ജോബി പൂച്ചുകണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജിഡിഎസ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പിആർഒ സിസ്റ്റർ ജിജി വെളിഞ്ചായിൽ, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, സിസ്റ്റർ മനീഷ, അനിമെറ്റർ എൽസമ്മ തോമസ്, കോട്ടയം ബിസിഎം കോളേജ് സാമൂഹ്യസേവന വിഭാഗം വിദ്യാർത്ഥിനികളായ അഞ്ചു മെറിൻ ഷാജി, ശ്രീലക്ഷ്മി രാജു, അമ്പിളി പി. നായർ, ഗ്രാമതല ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

കാരിത്താസ്  സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ബിസിഎം കോളേജിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഗ്രാമജ്യോതി ഗ്രാമ പഠനശിബിരം വരുംദിനങ്ങളിൽ മറ്റു ഗ്രാമങ്ങളിലും നടപ്പിലാക്കുമെന്ന് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.