50 നോമ്പ് ധ്യാനം 35: ഗാഗുല്‍ത്ത – വിശുദ്ധീകരണത്തിനുള്ള അവസരം

“തലയോട് എന്ന് വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ വന്നു. അവിടെ അവര്‍ അവനെ കുരിശില്‍ തറച്ചു” (ലൂക്കാ 23:33).

ക്രിസ്തു കാല്‍ തൊടുന്നതു വരെ ഗാഗുല്‍ത്താ എക്കാലവും ഒരു ശാപഭൂമികയായി ഗണിക്കപ്പെട്ടിരുന്ന മലയായിരുന്നു. ബൈബിളില്‍ നാം കണ്ടെത്തുന്ന മറ്റ് മലകളൊക്കെത്തന്നെ ദൈവസാന്നിധ്യത്തിന്റെ ഇരിപ്പിടങ്ങളായും വിശുദ്ധ യാഗങ്ങളുടെ ബലിപീഠങ്ങളായും നിയോഗ കൈമാറ്റത്തിന്റെ പുണ്യവേദികളുമായൊക്കെ കരുതപ്പെടുമ്പോഴാണ് ഗാഗുല്‍ത്താ ഒരു പൈശാചികതയുടെ പേരണിഞ്ഞു നിന്നിരുന്നത് – തലയോടിടം.

പണ്ടുകാലം മുതല്‍ക്കു തന്നെ കൊടിയ പാപത്തിന്റെയും ആ പാപത്തിന്റെ പ്രതിഫലമായി നല്‍കപ്പെട്ടിരുന്ന വധശിക്ഷകളുടെയും ചരിത്രം പറയുന്ന മണ്ണ്. ഒരുപക്ഷേ, ഭൂമിയുടെ ഏറ്റവും ക്രൗര്യവും മ്ലേച്ഛതയും നിറഞ്ഞ മുഖമായിരുന്നിരിക്കണം ഗാഗുല്‍ത്താ. വിശുദ്ധീകരണത്തിന്റെ ബലിപീഠമായി ഗാഗുല്‍ത്ത മാറുകയാണ്. പാപശാപങ്ങളുടെ ഇരിപ്പിടമായ ഗാഗുല്‍ത്തയ്ക്കു മുകളില്‍ എന്തുകൊണ്ട് ക്രിസ്തു തന്റെ ബലിപീഠമൊരുക്കി എന്നത് ചിന്തനീയമാണ്. അതിന്റെ ഉത്തരം നല്‍കുന്നത് ”നിന്റെ പാപങ്ങള്‍ എത്ര കടുംചുവപ്പാണെങ്കിലും ഞാന്‍ അവ മഞ്ഞുപോലെ വെണ്മയാക്കും. അവ രക്തവര്‍ണ്ണമെങ്കിലും കമ്പിളി പോലെ വെളുക്കും” (ഏശയ്യാ 1:18) എന്ന വചനമാണ്.

അനേകം പാപികളുടെ മരണംകൊണ്ട് കളങ്കിതമായ ഈ ഭൂമി ഒരു നിരപരാധിയുടെ മരണംകൊണ്ട് വിശുദ്ധീകരിക്കപ്പെട്ട അത്ഭുതത്തിന് നിമിത്തമാവാന്‍ ക്രിസ്തുവിന്റെ കരങ്ങളിലേക്ക്, അഞ്ചപ്പം കണക്കെ, വച്ചുനീട്ടപ്പെട്ട ഭൂമിയുടെ ഒരു തുണ്ടായിരുന്നു ഗാഗുല്‍ത്താ. ഈ മണ്ണിലെ ഏതു കൊടിയപാപിക്കും ഒരു വിശുദ്ധീകരണത്തിനുള്ള അവസരമുണ്ടെന്ന് വിളിച്ചറിയിക്കുകയാണ് ഗാഗുല്‍ത്തായുടെ നിയോഗം.
പാപപരിഹാരത്തിന്റെ മലയായിരുന്നു ഗാഗുല്‍ത്താ. മരണത്തെ മുഖാമുഖം കാണുമ്പോള്‍ അവസാന ശ്വാസത്തിലെങ്കിലും ‘കര്‍ത്താവേ’ എന്ന് അനുതാപത്തോടെ നിലവിളിക്കാന്‍ കഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ അപ്പോഴും നമുക്കുവേണ്ടി തുറന്നിരിക്കുമെന്ന് നമ്മെ ഓര്‍മ്മിപ്പിച്ച അലിവിന്റെ മലയാണ് ഗാഗുല്‍ത്താ.

അവസാനത്തെ നിലവിളിയില്‍ കുരിശിലെ നല്ല കള്ളന് പറുദീസാ നല്‍കിയ പാപപരിഹാരത്തിന്റെ അടയാളമായ മല. നമ്മുടെ ദൈവം ശിക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ദൈവമല്ല, രക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ദൈവമാണെന്ന് ലോകത്തോടു വിളിച്ചുപറഞ്ഞ മല. തിരിച്ചറിവിന്റെയും മാനസാന്തരത്തിന്റെയും മലയാണ് ഗാഗുല്‍ത്താ. ക്രിസ്തുവെന്ന ദൈവമനുഷ്യന്റെ അഭൗമമായ മരണം നേരിട്ടുകണ്ട ശതാധിപന്‍ അവനെ ദൈവപുത്രനായി തിരിച്ചറിഞ്ഞ മലയാണത്. പല്ലിറുമ്മുകയും ദുഷിക്കുകയും കാര്‍ക്കിച്ചുതുപ്പുകയും ചെയ്തവര്‍ തന്നെ അവനെ ദൈവപുത്രനെന്നു വാഴ്ത്തിയ മാനസാന്തരത്തിന്റെ മലയോരം.

ഈ മല കയറിച്ചെന്ന് എല്ലാം ഒന്നു നേരില്‍ കണ്ടാല്‍ അവനെ ആര്‍ക്കും ദൈവപുത്രനായി എറ്റുപറയാതിരിക്കാനാവില്ല. ഈ നോമ്പുകാലത്ത് ഗാഗുല്‍ത്തായിലേയ്ക്ക് നോക്കുമ്പോള്‍ എന്തുവില കൊടുത്തും ജീവിതത്തില്‍ പൂര്‍ത്തീകരിക്കാന്‍ കടപ്പെട്ട മൂന്ന് തീര്‍ത്ഥാടനങ്ങളെ അത് ഓര്‍മ്മിപ്പിക്കുന്നു. വിശുദ്ധിയിലേക്കും പാപപരിഹാരത്തിലേക്കും മാനസാന്തരത്തിലേയ്ക്കുമുള്ള തീര്‍ത്ഥാടനങ്ങള്‍. ഒരു തീര്‍ത്ഥാടകന്റെ മനസ്സോടെ കയറിച്ചെല്ലാന്‍ ഗാഗുല്‍ത്താ നമ്മെ വിളിക്കുന്നു. വരിക, ക്രൂശിക്കപ്പെടുക.

ഫാ. ഷീന്‍ പാലക്കുഴി