ഇടവകാംഗമല്ലാത്ത വ്യക്തിയുടെ മൃതസംസ്ക്കാരം; സൗകര്യമൊരുക്കി കടുവാക്കുളം ലിറ്റിൽ ഫ്ലവർ ദൈവാലയം

കോവിഡ് ബാധിച്ചു മരിച്ച ഇടവകാംഗമല്ലാത്ത വ്യക്തിയുടെ സംസ്ക്കാരത്തിന് സൗകര്യമൊരുക്കി കടുവാക്കുളം ലിറ്റിൽ ഫ്ലവർ ദൈവാലയം. മലങ്കര ഓർത്തഡോക്സ് സഭാവിശ്വാസിയുടെ മൃതദേഹം ദഹിപ്പിക്കാനാണ് ചങ്ങനാശ്ശേരി അതിരൂപതയിലെ കടുവാക്കുളം ലിറ്റിൽ ഫ്ലവർ ദൈവാലയ അധികൃതർ സൗകര്യമൊരുക്കിയത്.

പൂവന്തുരുത്ത് അറയ്ക്കാത്തോപ്പിൽ ജോർജ് വർഗീസിന്റെ മൃതദേഹം ദഹിപ്പിക്കാൻ ഇടവകയായ കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സൗകര്യം ലഭിക്കാതെ വന്നതോടെയാണ് സമീപത്തെ ലിറ്റിൽ ഫ്ലവർ ഇടവകയെ ബന്ധുക്കൾ സമീപിച്ചത്. അസൗകര്യങ്ങൾ മൂലം കോവിഡ് ബാധിതരെ പുറത്തെവിടെയെങ്കിലും ദഹിപ്പിച്ചതിനുശേഷം സംസ്ക്കാരം നടത്താമെന്ന് കൊല്ലാട് പള്ളി അധികൃതർ വ്യക്തമാക്കി. ഈ രീതിയാണ് ഇവിടെ സ്വീകരിക്കുന്നത്. ഇതേ തുടർന്ന് പാപ്പച്ചന്റെ ബന്ധുക്കൾ സമീപത്തെ കത്തോലിക്കാ പള്ളി അധികൃതരെ സമീപിക്കുകയായിരുന്നു.

ഇടവക വികാരി ഫാ. വിവേക് കളരിത്തറ MCBS, കൈക്കാരന്മാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സെമിത്തേരിയിൽ മൃതദേഹം ദഹിപ്പിക്കാൻ ക്രമീകരണം ഒരുക്കി നൽകി. കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്ക്കാര ശുശ്രൂഷ ഇടവകയിലെ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ നേരത്തെയും നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.