സംസ്‌കാരം ഇന്ന് – ഔസേഫ് മാഷ് ദാര്‍ശനികപ്രതിഭ: ആര്‍ച്ച്ബിഷപ്

തൃശൂര്‍: കത്തോലിക്ക അല്‍മായ നേതാവായ ഷെവ. പ്രഫ. എന്‍.എ. ഔസേഫിന് അന്ത്യാഞ്ജലികളുമായി മതമേലധ്യക്ഷരും പൗരപ്രമുഖരും വൈദികരും സന്യസ്തരും വിദ്യാര്‍ഥികളും അടക്കം അനേകംപേര്‍ എത്തി.

തൃശൂര്‍ അതിരൂപതയ്ക്കും സമൂഹത്തിനും വലിയ സംഭാവനകള്‍ നല്‍കിയ അതുല്യ ദാര്‍ശനികപ്രതിഭയായിരുന്നു ഷെവ. പ്രഫ. എന്‍.എ. ഔസേഫ് എന്ന് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദേശീയതലത്തില്‍ അറിയപ്പെടുന്ന അത്മായ നേതാവായിരുന്നു. വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്‌കാരികരംഗത്ത് ദാര്‍ശനികമായ നേതൃത്വം നല്‍കി. കാത്തലിക് യൂണിയന് തൃശൂരില്‍ രൂപകല്‍പന ചെയ്തു. അത്മായ നേതൃത്വത്തെ എങ്ങനെ വളര്‍ത്തണമെന്ന് ജീവിതം കൊണ്ട് തെളിയിച്ചു. എതു പ്രതിസന്ധിഘട്ടത്തിലും പതറാതെ പരിഹാരമാര്‍ഗ്ഗം കണ്ടെത്തിയിരുന്നു. ലോകമെങ്ങുമുള്ള അത്മയാര്‍ക്ക് അദ്ദേഹം മാതൃകയായി. ആര്‍ച്ച്ബിഷപ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സംസ്‌കാരശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30-ന് തൃശൂര്‍ ബിഷപ്സ് ഹൗസിനു സമീപമുള്ള വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് 3.15-ന് ലൂര്‍ദ്ദ് കത്ത്രീഡലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 3.45-ന്  അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുസ്മരണപ്രഭാഷണം നടത്തും. വൈകീട്ട് നാലിന് മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കര്‍മ്മികനാകും. തുടര്‍ന്ന് 4.30-ന് ലൂര്‍ദ്ദ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടക്കും.

ഇന്നലെ ബിഷപ്പുമാരായ മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് ചക്യാത്ത്, മാര്‍ ജോസഫ് പാസറ്റര്‍ നീലങ്കാവില്‍, മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, മാര്‍ സെബാസ്റ്റ്യന്‍ വാണിപുരയ്ക്കല്‍, യോഹന്നന്‍ മാര്‍ തെയോഡഷ്യസ്, ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി അംഗങ്ങള്‍, കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, മുന്‍ മേയര്‍ രാജന്‍ പല്ലന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികള്‍, സന്യസ്തര്‍, വൈദികര്‍, അത്മായര്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലികളര്‍പ്പിച്ചെന്ന് തൃശ്ശൂര്‍ അതിരൂപത പി. ആര്‍. ഒ. ഫാ. നൈസണ്‍ ഏലന്താനത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.