മാർ ചേന്നോത്തിനു‌ വിട നൽകി ജന്മനാട്

കാലം ചെയ്ത ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതി മാർ ജോസഫ് ചേന്നോത്തിനു വിട നൽകി ജന്മനാട്. മാതൃ ഇടവകയായ കോക്കമംഗലം സെന്റ് തോമസ് പള്ളിയിൽ മദ്‌ബഹായ്ക്കു സമീപം ഒരുക്കിയ കല്ലറയിൽ മൃതദേഹം സംസ്കരിച്ചു. മേജർ ആർച്ചു ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിൽ, പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവരുടെ കാർമ്മികത്വത്തിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

11.30 നു ഭൗതികദേഹം ചേര്‍ത്തല കോക്കമംഗലത്തുള്ള മാര്‍ ചേന്നോത്തിന്റെ വസതിയിലെത്തിച്ചു. 12.30നു മാതൃ ഇടവകയായ കോക്കമംഗലം സെന്റ് തോമസ് പള്ളിയിൽ പൊതുദർശനത്തിനു വച്ചിരുന്നു. തുടർന്ന് ഉച്ചകഴിഞ്ഞ് 2.30നു ദിവ്യബലിയോടു കൂടി സംസ്കാരശുശ്രൂഷകള്‍ ആരംഭിച്ചു. നയതന്ത്രജ്ഞരിൽ ആത്മീയത ഉൾച്ചേർത്ത് ക്രൈസ്തവ സാക്ഷ്യം നൽകിയ വ്യക്തിയായിരുന്നു മാർ ചേന്നോത്ത്‌ എന്ന് മാർ ജോർജ്ജ് ആലഞ്ചേരി സന്ദേശത്തിൽ ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.