ഫുൾട്ടൺ ജെ. ഷീനിന്റെ ഭൗതികാവശിഷ്ടങ്ങൾ ന്യൂയോർക്കിൽ നിന്ന് മാറ്റുന്നു

ആർച്ച്ബിഷപ്പ് ഫുൾട്ടൺ ജെ. ഷീനിന്റെ ഭൗതികാവശിഷ്ടങ്ങൾ ന്യൂയോർക്കിൽ നിന്ന് ഇല്ലിനോയിസിലെ പിയോറിയ സെന്റ് മേരീസ് കത്തീഡ്രലിലേക്ക് മാറ്റാനുള്ള ന്യൂയോർക്ക് അപ്പീൽ കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ ഒരുങ്ങുന്നു.

ഫുൾട്ടൺ ജെ. ഷീനിന്റെ അന്ത്യവിശ്രമസ്ഥാനവുമായി ബന്ധപ്പെട്ട നീണ്ടകാലത്തെ വാദങ്ങൾക്കും വിവാദങ്ങൾക്കുമാണ് കോടതി ഉത്തരവിലൂടെ തീർപ്പാകുന്നത്. ന്യൂയോർക്ക് സെന്റ് പാട്രിക്സ് കത്തീഡ്രലിന്റെ അൾത്താരയ്ക്ക് കീഴിൽ അടക്കം ചെയ്ത (1979 ഡിസംബർ 09) ആർച്ച്ബിഷപ്പ് ഫുൾട്ടൺ ജെ. ഷീനിന്റെ ഭൗതികദേഹം അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ച പിയോറ രൂപതയിലേയ്ക്ക് മാറ്റാമെന്ന് ന്യൂയോർക്ക് സുപ്രീം കോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നു.

എന്നാൽ, അതിനെതിരെ നിരവധി അപ്പീലുകൾ സമർപ്പിക്കപ്പെട്ടു. ന്യൂയോർക്ക് അപ്പീൽ കോടതി ഇക്കഴിഞ്ഞ ദിവസം അവയെല്ലാം തള്ളുകയായിരുന്നു. ഫുൾട്ടൺ ജെ. ഷീനിന്റെ അടുത്ത ബന്ധുവായ ജോവാൻ കണ്ണിങ്ഹാമാണ് പിയോറിയിലേക്ക് ഭൗതികദേഹം മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. പിയോറിയിൽ അന്ത്യവിശ്രമസ്ഥാനം ഒരുക്കണമെന്ന അർച്ച്ബിഷപ്പ് ഫുൾട്ടൺ ജെ. ഷീനിന്റെ ആഗ്രഹമാണ് ഈ വിധി തീർപ്പിലൂടെ ഉണ്ടായിരിക്കുന്നത്.

സുവിശേഷപ്രഘോഷണത്തിലൂടെ ശ്രദ്ധേയനായ ഫുൾട്ടൻ ജെ. ഷീനിന്റെ ജനനം 1895-ൽ ഇല്ലിനോയി സംസ്ഥാനത്തെ എൽ പാസോയിലായിരുന്നു. ദൈവിശ്വാസത്തിൽ വളർന്ന ഷീൻ 24-ാം വയസിൽ തിരുപ്പട്ടം സ്വീകരിച്ചു. 1923-ൽ ബെൽജിയത്തിലെ ലൂവൈൻ സർവ്വകലാശാലയിൽ നിന്ന് ഗവേഷണബിരുദം നേടിയ ശേഷം ഇല്ലിനോയിസിലെ വിശുദ്ധ പാട്രിക്കിന്റെ ദൈവാലയത്തിൽ വികാരിയായി.

1951-ൽ ന്യൂയോർക്ക് അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 1966-ൽ റോച്ചസ്റ്റർ രൂപതാ ബിഷപ്പായി ഉയർത്തപ്പെട്ട അദ്ദേഹം 1969-ൽ വിരമിച്ചു. 1979 ഡിസംബർ ഒൻപതിന് ഇഹലോകവാസം വെടിഞ്ഞ അദ്ദേഹത്തെ 2012-ലാണ് വത്തിക്കാൻ, ധന്യരുടെ നിരയിലേക്ക് ഉയർത്തിയത്.