ഓരോ ദിവസവും വിജയപ്രദമാക്കുന്നതിനുള്ള രഹസ്യം! ഫുള്‍ട്ടെന്‍ ജെ ഷീന്‍ പഠിപ്പിക്കുന്നത് 

ജീവിതവിജയം നേടുന്നതിനുതകുന്ന ആത്മീയോപദേശങ്ങള്‍ നല്‍കുന്നതില്‍ അതീവ പ്രാഗത്ഭ്യമുണ്ടായിരുന്ന വ്യക്തിയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് പ്രവേശിക്കാനിരിക്കുന്ന ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടന്‍ ജെ. ഷീന്‍. തന്റെ പ്രബോധനങ്ങളിലും ലേഖനങ്ങളിലുമെല്ലാം അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്ന ഒരു കാര്യമുണ്ട്. ഓരോ ദിവസവും വിജയപ്രദവും അനുഗ്രഹപൂര്‍ണ്ണവുമാക്കുന്നതിന് തന്നെ സഹായിക്കുന്ന കാര്യമെന്തെന്നത്.

‘കളിമണ്ണിലെ നിധി’ എന്ന തന്റെ ആത്മകഥയില്‍ ഫുള്‍ട്ടെന്‍ ജെ. ഷീന്‍ അതേക്കുറിച്ച് വിവരിക്കുന്നുണ്ട്. വൈദികനായതിനു ശേഷം എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പായി ഒരു മണിക്കൂര്‍ സമയം അദ്ദേഹം വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി മാറ്റിവച്ചിരുന്നു. സെമിനാരിയില്‍ പഠിച്ചിരുന്ന കാലത്തു തോന്നിയ ആ നല്ല ശീലം മരണം വരെയും അദ്ദേഹം പാലിച്ചിരുന്നു. എന്നാല്‍, ദിവസവും ഇപ്രകാരം ഒരു മണിക്കൂര്‍ പ്രാര്‍ത്ഥനയ്ക്കായി മാറ്റിവയ്ക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല എന്നും വളരെയേറെ ത്യാഗങ്ങള്‍ സഹിച്ചാണ് ആ ശീലം താന്‍ തുടര്‍ന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍, ആ വിശുദ്ധ മണിക്കൂര്‍ തനിക്ക് ഗുണം മാത്രമേ നല്‍കിയിട്ടുള്ളൂ എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

പലപ്പോഴും പ്രാര്‍ത്ഥനയ്ക്കിടെ താന്‍ ഉറക്കം തൂങ്ങിയിരുന്നെന്നും എന്നാല്‍ ആഗ്രഹത്തോടെ ദൈവത്തിനു മുമ്പില്‍ ആയിരിക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് ദൈവവുമായി വ്യക്തിപരമായ അടുപ്പം നേടിയെടുക്കാന്‍ അത് സഹായിച്ചെന്നും അദ്ദേഹം പറയുന്നു. ഈ ലോകത്തിലെ എല്ലാ ആകുലതകളിലും അസ്വസ്ഥതകളിലും നിന്ന് മോചനം നേടി ദൈവത്തിന്റെ സ്വരത്തിന് കാതോര്‍ക്കാന്‍ അത് തന്നെ സഹായിച്ചെന്ന് മാത്രമല്ല, ദൈവവിളിയോട് പൂര്‍ണ്ണവിശ്വസ്തത പുലര്‍ത്താനുള്ള കൃപ ലഭിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.

ഉടനടി നേടാനുള്ള എന്തെങ്കിലും അനുഗ്രഹത്തിനു വേണ്ടിയല്ല മറിച്ച്, അനുദിനം നാം അറിയാതെ തന്നെ നമ്മിലേക്ക് ചൊരിയപ്പെടുന്ന, ഭാവിയില്‍ നാം ഏര്‍പ്പെടാനിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും നന്മയുണ്ടാവാനും സര്‍വ്വോപരി ഓരോ ദിവസത്തെയും അനുഗ്രഹപൂര്‍ണ്ണമാക്കുവാനുമായാണ് ഇത്തരമൊരു വിശുദ്ധ മണിക്കൂര്‍ ആചരിക്കണമെന്ന് ഫുള്‍ട്ടെന്‍ ജെ. ഷീന്‍ ഉപദേശിക്കുന്നത്.