ഫുള്‍ ഓഫ് ഗ്രേസ് – മറിയത്തെക്കുറിച്ചുള്ള സിനിമ

ക്രിസ്തുവിന്റെ കുരിശുമരണത്തിന് ശേഷം മറിയത്തിന് എന്ത് സംഭവിച്ചു?  ഈ വിഷയത്തെ ആധാരമാക്കിയാണ് 2015-ല്‍ ഫുള്‍ ഓഫ് ഗ്രേസ് എന്ന ചലച്ചിത്രം ഒരുങ്ങിയത്. എഴുത്തുകാരനും സംവിധായകനുമായ ആന്‍ഡ്രു ഹയാത്താണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ് പരിശുദ്ധ അമ്മയുടെ ഭൂമിയിലെ അവസാന മണിക്കൂറുകളാണ് ഈ ചലച്ചിത്രത്തിന്റെ കാതല്‍. ഒപ്പം ക്രിസ്തു തന്റെ പിന്‍ഗാമിയായി മറിയത്തിന് നല്‍കിയ പീറ്ററിനെക്കുറിച്ചും പരാമര്‍ശിക്കുന്നു.

സാധാരണ ക്രിസ്തീയ സിനിമകളില്‍ നിന്നും വേറിട്ട ഒരു  കാഴ്ചാനുഭവമാണ് ഹയാത്തിന്റെ ഈ ചലച്ചിത്രം നല്‍കുന്നത്. ‘സിനിമാറ്റിക് പ്രെയര്‍’ എന്നാണ് സംവിധായകന്‍ തന്റെ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ പതിനഞ്ച് മിനിറ്റുകള്‍ കാണികളെ സിനിമയ്ക്കായി ഒരുക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതായത് മന്ദഗതിയില്‍ ആരംഭിച്ച് കഥ വേഗതയില്‍ പുരോഗമിക്കുന്നു.

ബൈബിളിലെ സംഭവങ്ങള്‍ അതേപടി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. സാങ്കല്‍പിക കഥകളോ സംഭവങ്ങളോ കൂട്ടിച്ചേര്‍ത്തിട്ടില്ല. അത് തന്നെയാണ് ഈ ചലച്ചിത്രത്തിന്റെ  വിജയവും. മാനുഷികമായും ബൈബിളിനെ ആസ്പദമാക്കിയുമാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ ഓരോന്നും രൂപപ്പെടുത്തിയിരിക്കുന്നത്. സിനിമ കാണുന്ന പ്രേക്ഷകന് മുന്നില്‍ ബൈബിളില്‍ വായിച്ച കഥാപാത്രങ്ങളെ തന്നെയാണ് സംവിധായകന്‍ കാണിച്ചു തരുന്നത്.

ബഹിയ ഹൈഫി എന്ന ഹോളിവുഡ് നടിയാണ് മേരിയായി വേഷമിടുന്നത്. നോം ജെന്‍കിന്‍സ് ആണ് പീറ്ററിന്റെ വേഷത്തിലെത്തുന്നത്. ഹൈഫിയാണ് ഈ ചിത്രത്തിലെ ഏറ്റവും പ്രധാന കഥാപാത്രം. ഈ നടിയുടെ അഭിയനയവും പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. സ്ഥിരം ക്രിസ്ത്യന്‍ സിനിമകളില്‍ നിന്ന് വേറിട്ട ചിത്രം ചെയ്യണമെന്ന ആഗ്രഹമാണ് പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ചലച്ചിത്രത്തിന് ആധാരമായതെന്ന ഹയാത്ത് പറയുന്നു. ദൈവാനുഗ്രഹത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമാണ് ഈ ചിത്രത്തിന്റെ വിജയമെന്നും ഹയാത്ത് കൂട്ടിച്ചേര്‍ക്കുന്നു. ടി. ജെ. ബര്‍ദന്‍, എറിക് ഗ്രോത്ത് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.