ക്രൈസ്തവർക്കു നേരെ ഫുലാനി തീവ്രവാദികളുടെ ആക്രമണം: പത്തു പേർ കൊല്ലപ്പെട്ടു; നൂറിലധികം വീടുകൾ കത്തിച്ചു

നവംബർ 26 -ന് പുലർച്ചെ ഒരു മണിയോടെ ജിഹാദിസ്റ്റ് ഫുലാനി തീവ്രവാദികൾ നൈജീരിയയിലെ ടാഗ്ബെ ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിൽ പത്ത് ക്രൈസ്തവരെ കൊലപ്പെടുത്തുകയും നൂറോളം വീടുകൾക്ക് തീയിടുകയും ചെയ്തു.

ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, കറുത്ത വസ്ത്രം ധരിച്ച അക്രമികൾ ആയുധങ്ങളും പിടിച്ച് ‘അല്ലാഹു അക്ബർ’ എന്ന് ആക്രോശിച്ചുകൊണ്ടാണ് താഗ്‌ബെയിലേക്ക് പ്രവേശിച്ചത്. ഇറിഗ്‌വേ യൂത്ത് മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് സംഭവം പ്ലേറ്റോയിലെ ഒരു ഐസിസി ലേഖകനോട് സ്ഥിരീകരിച്ചു. ഈ പ്രദേശത്തു നിന്ന് ക്രൈസ്തവരെ തുടച്ചുനീക്കാനാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ക്രിസ്തുവിനു വേണ്ടി എന്റെ കൊച്ചുമക്കളെ നഷ്ടപ്പെട്ടു” – ആക്രമണത്തെ അതിജീവിച്ച സിബി ഗാര, മിയാംഗോ ജില്ലയിലെ ആശുപത്രിയില്‍ കിടന്ന് കണ്ണീരോടെ പറഞ്ഞു. മറ്റൊരാൾക്ക് തന്റെ കുടുബത്തിലെ ആറ് പേരെയാണ് ഒറ്റ രാത്രി കൊണ്ട് നഷ്ടപ്പെട്ടത്. സംഭവത്തെ തുടർന്ന് 690 പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു.

ആക്രമണം രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നതായി മിയാംഗോ യൂത്ത് ഡെവലപ്‌മെന്റ് അസോസിയേഷന്റെ ദേശീയവക്താവ് നുഹു എൻഗാഹ് പത്രക്കുറിപ്പിൽ പറഞ്ഞു. കടുന പീഠഭൂമിയുടെ അതിർത്തിയിൽ നിന്ന് നുഴഞ്ഞുകയറിയ ഫുലാനി തീവ്രവാദികളാണ് ഈ ആക്രമണം നടത്തിയത്.

“ഞാൻ അഞ്ച് മാസത്തിലേറെയായി മിയാംഗോ ജില്ലയിൽ താമസിച്ചുവരുന്നു. കൗണ്ടിയിലെ ഫുലാനി തീവ്രവാദികളുടെ ആക്രമണത്തിനിരയായ 40-50 പേർക്ക് ഇതുവരെ ചികിത്സ നൽകി. ഇവരിൽ ഭൂരിഭാഗവും ഇറിഗ്വെയിലെ ക്രൈസ്തവര്‍ ആണ്. ദരിദ്രരായ അവർക്ക് ആശുപത്രി ബില്ലുകൾ അടയ്ക്കാൻ പോലും കഴിയാറില്ല. കമ്മ്യൂണിറ്റിയും എൻ‌ജി‌ഒകളും പണം നൽകി സഹായിക്കാറുണ്ട്” – മിയാംഗോ, ക്വാൾ ജില്ലകളിലെ ഏക ആശുപത്രിയിലെ ഡോക്ടറായ ഡോ. ഇബ്രാഹിം അമുർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.