പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ ഒമ്പതോ പന്ത്രണ്ടോ

വി. പൗലോസ് ശ്ലീഹാ, ഗലാത്തിയർക്കെഴുതിയ ലേഖനത്തിൽ പരിശുദ്ധാത്മാവിന്റെ ഫലങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവയാണവ. സ്വർഗ്ഗീയമഹത്വത്തിന്റെ പൂർണ്ണതയുടെ അടയാളമായി പരിശുദ്ധാത്മാവ് നൽകുന്ന സമ്മാനമാണ് ഇവയെന്നാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഈ ഫലങ്ങളെ നിർവ്വചിച്ചിരിക്കുന്നത്.

എല്ലാ പരിഭാഷകളിലും ഒമ്പത് ഫലങ്ങളെക്കുറിച്ചാണ് സൂചന നൽകുന്നതെങ്കിലും ലത്തീൻ വിവർത്തനത്തിൽ പന്ത്രണ്ട് ഫലങ്ങളെക്കുറിച്ചാണ് പറയുന്നത്. അടക്കം, മഹാമനസ്കത, പരിശുദ്ധി എന്നിവയാണ് ബാക്കി മൂന്നെണ്ണം. പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ ഒമ്പതാണെന്നും പന്ത്രണ്ടാണെന്നും വാദങ്ങളും പ്രതിവാദങ്ങളും നടക്കുന്നുണ്ടെങ്കിലും കത്തോലിക്കാവിശ്വാസികളെ സംബന്ധിച്ച് അവയുടെ പാലനമാണ് പ്രധാനവിഷയം.

പ്രത്യേകമായുള്ള മൂന്ന് ഫലങ്ങളും ഒരു വിശ്വാസി, ജീവിതത്തിൽ പാലിക്കേണ്ടതു തന്നെയാണ്. കാരണം ഈശോ തന്നെ പറഞ്ഞിട്ടുണ്ട്. “ഫലങ്ങളില്‍ നിന്ന്‌ അവരെ മനസിലാക്കാം. മുള്‍ച്ചെടിയില്‍ നിന്ന് മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന്‌ അത്തിപ്പഴമോ പറിക്കാറുണ്ടോ?” (മത്തായി 7: 16) എന്ന്.