മരണമുഖത്തു നിന്ന് പൗരോഹിത്യത്തിലേക്ക്; ഈ പുരോഹിതന്റെ ജീവിതം ദൈവത്തിനു സ്വന്തം

21 വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു വാഹനാപകടം. മരണത്തിൽ നിന്നും ഒരു തിരിച്ചുവരവ് നടത്താൻ ദൈവം നൽകിയ അവസരം. അന്ന് 25 വയസ്സുണ്ടായിരുന്ന ആ യുവാവിന് മരണക്കിടക്കയിൽ സ്വർഗത്തിന്റെ വെള്ളിവെളിച്ചം ദൃശ്യമായി. പിന്നീട് ജീവിതത്തിലേക്ക് തിരികെവന്നപ്പോൾ ദൈവം തന്ന ജീവനും ജീവിതവും അവിടുത്തേയ്ക്കായി സമർപ്പിച്ചു ഈ യുവാവ്. സ്വിറ്റസർലണ്ടിൽ നിന്നും ഫാ. വിൻസെന്റ് ലഫാർഗ് എന്ന വൈദികൻ ദൈവത്തോടു കൂടിയുള്ള തന്റെ രണ്ടാം ജന്മത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ്.

20 വർഷങ്ങൾക്കു മുൻപ് നടന്ന ഒരു മോട്ടോർ ബൈക്ക് ആക്സിഡന്റ്. അതായിരുന്നു തിരക്കേറിയ ലോകത്തിൽ ഓടിനടന്നിരുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തെ 180 ഡിഗ്രി മാറ്റിമറിച്ചത്. കൂട്ടുകാർ അവനെ തമാശയായി ‘ഫാസ്റ്റ്’ അഥവാ വേഗത എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. അവന് എല്ലാത്തിനും അതിയായ വേഗതയായിരുന്നു. ഒരു 25 -കാരന്റെ എല്ലാവിധ തിരക്കും ബഹളവുമെല്ലാം അവനുമുണ്ടായിരുന്നു. ഒരു ക്രൈസ്തവനായിരുന്നെങ്കിലും വിശ്വാസം നന്നേ കുറവായിരുന്നു അവന്. തന്റെ ജോലിയിലും തിരക്കുകളിലും മാത്രം മുഴുകിയായിരുന്നു അവന്റെ ജീവിതം. രാവിലെ റേഡിയോ ഹോസ്റ്റ് ആയും ഉച്ചയ്ക്ക് ഫ്രഞ്ച് അദ്ധ്യാപകനായും രാത്രിയിൽ നടനായും അവൻ ജോലി ചെയ്തു. “അവൻ എല്ലാം വളരെ വേഗത്തിൽ ചെയ്യാറുണ്ടായിരുന്നു. ആ പ്രായത്തിലുള്ള ആളുകളെപ്പോലെ അവൻ അമർത്യനാണെന്നു അവൻ കരുതി” – ഫാ. വിൻസെന്റ് ഓർമ്മിക്കുകയാണ്.

ഒരു ദിവസം തന്റെ മോട്ടോർ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അവൻ ട്രാഫിക് സിഗ്നലിൽ പെട്ട് കുറച്ചു സമയം വഴിയിൽ കുടുങ്ങി. തുടർന്ന് പോകാനുള്ള പച്ച ലൈറ്റ് പ്രകാശിച്ചപ്പോൾ ഒരു 100 മീറ്റർ മുൻപോട്ട് സഞ്ചരിച്ചു. എന്നാൽ പെട്ടന്നു തന്നെ പ്രകാശം കണ്ണിൽ വന്നു തട്ടി ഒരു കാറുമായി കൂട്ടിയിടിച്ചു. “അര സെക്കന്റിനുള്ളിലാണ് എല്ലാം സംഭവിച്ചത്. മണിക്കൂറിൽ 80 കിലോ മീറ്ററിലായിരുന്നെങ്കിലും 160 കിലോമീറ്ററിൽ സഞ്ചരിച്ചതു പോലെയായിരുന്നു കാർ വന്നിടിച്ചത്. ഇടിയുടെ ആഘാതം അത്ര വലുതായിരുന്നു.

കാറിലുണ്ടായിരുന്ന വ്യക്തി പിന്നീട് എന്റെ സുഹൃത്തായി മാറി. അവർ വളരെ നാളുകൾ ചികിത്സയിലായിരുന്നു. എന്നാലും ദൈവത്തിന്റെ അദൃശ്യകരങ്ങൾ എല്ലാത്തിന്റെയും പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നതിന്റെ തെളിവായിരുന്നു അത്.

അവളുടെ കാറിൽ ഒരു സെൽ ഫോൺ ഉണ്ടായിരുന്നു. ആ സമയത്ത് മൊബൈൽ ഫോൺ അത്ര പ്രചാരത്തിലില്ലായിരുന്നു. ആംബുലൻസ് വിളിക്കുന്നതിനു പകരം അവൾ പോലീസിനെയായിരുന്നു വിളിച്ചത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന ഞാൻ മരിച്ചുവെന്നാണ് അവൾ വിചാരിച്ചത്. അതുകൊണ്ടായിരുന്നു അവൾ ആദ്യം പോലീസിനെ വിളിച്ചത്. രണ്ടു മിനിറ്റ് ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ പോലീസും ഞങ്ങളും തമ്മിൽ. എന്തെങ്കിലും ജീവൻ ബാക്കിയുണ്ടെങ്കിൽ അതാണ് ഏറ്റവും നല്ല വഴി എന്ന് അവൾക്ക് തോന്നിയിരിക്കണം.”

പെട്ടന്ന് പോലീസ് എത്തിച്ചേരുകയും ആ യുവാവിനെ ജനീവ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. ഡ്യൂട്ടി ഡോക്ടർ ജോലി കഴിഞ്ഞു തിരികെ പോകാൻ തയ്യാറെടുക്കുകയായിരുന്നു അപ്പോൾ. പെട്ടന്നു തന്നെ എക്സ് റേ എടുക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടെന്നു കണ്ടെത്തുകയും ചെയ്തു. അടിയന്തിരമായി ഒരു ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞു.

“എങ്കിലും ഓപ്പറേഷൻ തീയേറ്ററിനുള്ളിലെത്തിയപ്പോഴേക്കും എന്റെ ഹൃദയം നിലച്ചിരുന്നു. ഇതേ സമയം എന്റെ കണ്മുന്നിലൂടെ മറ്റൊരു സംഭവം നടക്കുന്നുണ്ടായിരുന്നു. അപകടം പറ്റിയ ഒരു മനുഷ്യൻ ബെഡിൽ കിടക്കുന്നത് ഞാൻ കണ്ടു. അയാൾക്കു ചുറ്റും ആളുകൾ ഉണ്ട്. ഹൃദയം നിലക്കുന്നതിന്റെ ഒരു ബീപ്പ് ശബ്ദം ഞാൻ കേട്ടു. എന്നാൽ അത് ഞാൻ തന്നെയാണെന്നറിയാതെ ഞാൻ ആ മനുഷ്യനെക്കുറിച്ച് വല്ലാതെ പരിഭ്രാന്തനായി. അത് നൈമിഷികമായിരുന്നെകിൽ കൂടിയും കുറെ സമയം നീണ്ടുനിൽക്കുന്ന ഒരു കാഴ്ചയായാണ് എനിക്ക് തോന്നിയത്.

പെട്ടന്ന് എന്നെ ആരോ പുറകിൽ നിന്ന് തള്ളുന്നതു പോലെ തോന്നി. പക്ഷേ, സീലിങ്ങിലേയ്ക്ക് നോക്കുന്നതിനു പകരം ഞാനൊരു തീവ്രമായ പ്രകാശം കണ്ടു. സൂര്യനേക്കാൾ ശക്തമായിരുന്നു ആ പ്രകാശം. എന്നാൽ അതിന് പൊള്ളൽ ഇല്ലായിരുന്നു. ഞാൻ അതിൽ ആകൃഷ്ടനായി. കുറച്ചു സമയത്തേക്ക് ഞാൻ ആ വെളിച്ചത്തിൽ പൊന്തിക്കിടന്നു” – ഫാ. വിൻസെന്റ് തുടർന്നു.

“മരണമുഖത്തു നിന്ന് തിരികെ വന്ന മറ്റുള്ളവർ പറയുന്നതുപോലെ അല്ലായിരുന്നു അത്. ചിലരൊക്കെ യേശുവിനെ കണ്ടു എന്നൊക്കെ പറയാറുണ്ട്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഈ വെളിച്ചത്തിൽ വസിച്ചിരുന്നത് ദൃശ്യമായ ഒരു വ്യക്തിയല്ലായിരുന്നു. മറിച്ച്, വ്യക്തമായ ഒരു സാന്നിധ്യമായിരുന്നു. അത് സ്നേഹമായിരുന്നു. നിരുപാധികമായ സ്നേഹം. അത് ദൈവമാണെന്ന് എനിക്കുറപ്പാണ്” – അച്ചൻ പറഞ്ഞു.

പെട്ടന്നു തന്നെ അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വന്നു. വേദന അതിന്റെ പാരമ്യത്തിലായിരുന്നു. “എന്റെ ജീവിതത്തിലെ ഏറ്റവും മോശം നിമിഷമായിരുന്നു അത്.” മാസങ്ങൾക്കു ശേഷം ശസ്ത്രക്രിയ നടത്തിയ ഡോക്ടറോട് തന്റെ കിടക്കയ്ക്കടുത്തുണ്ടായിരുന്ന ഒരു പരിചാരകന്റെ പേരുൾപ്പെടെയുള്ള നടന്ന എല്ലാ കാര്യങ്ങളും അദ്ദേഹം പറഞ്ഞു. “എന്റെ ഓർമ്മകൾ ശരിയായണെന്നു ഡോക്ടർ പറഞ്ഞു. എന്നാൽ എന്റെ ഹൃദയം ഇപ്പോഴും മിടിക്കുന്നതിനാൽ ശാസ്ത്രത്തിനു കൂടുതലൊന്നും വിശദമാക്കാൻ കഴിഞ്ഞില്ല.”

മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ വരുന്നവർക്കുള്ള മൂന്ന് അനുഭവങ്ങൾ എനിക്കുമുണ്ടായി. ഒന്ന്, പിന്നീട് ഞാൻ മരണത്തെ ഭയപ്പെട്ടിട്ടില്ല. രണ്ടാമത്തേത്, എന്റെ ജീവിതത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഇച്ഛാശക്തിയുണ്ടായി. മൂന്നാമത്തേത് എന്റെ എല്ലാ തിരക്കുകളിൽ നിന്നും വിടുതൽ നേടി ഒരു പുരോഹിതനാകാനുള്ള വിളി സ്വീകരിച്ചു.

ആശുപത്രിയിലായിരുന്നപ്പോൾ അദ്ദേഹത്തെ ഒരു ചാപ്ലെയിൻ സന്ദർശിക്കാറുണ്ടായിരുന്നു. “എനിക്കുണ്ടായ അനുഭവങ്ങൾ എന്റെ ഹൃദയത്തെ സ്പർശിക്കാനാണെന്ന് അദ്ദേഹം എനിക്ക് വിവരിച്ചുതന്നു. ഈ വാക്കുകൾ എന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതിൽ പ്രധാനപങ്കു വഹിച്ചു.”

അപകടത്തിനു ശേഷം രണ്ടു വർഷം ലോകത്തിലെ വിവിധ മതങ്ങളെക്കുറിച്ച് അദ്ദേഹം പഠിച്ചു. അതിനു ശേഷം തന്റെ ജീവിതം പൂർണ്ണമായി ക്രിസ്തുവിനു വേണ്ടി സമർപ്പിക്കാൻ തീരുമാനിച്ചു. പൗരോഹിത്യത്തിലേക്കുള്ള വഴിയിൽ ഒരു റേഡിയോ നാടകം അവതരിപ്പിച്ച പുരോഹിതനും തന്നെ സ്വാധീനിച്ചിരുന്നു എന്ന് അദ്ദേഹം ഓർമ്മിച്ചു. കുറച്ചു ദിവസത്തിനു ശേഷം അദ്ദേഹം ഫ്രീബേർഗിലെ സെമിനാരിയിൽ പ്രവേശിക്കുകയും ചെയ്തു. ഈ സമയം തന്നെ ഒരു കോൺഫറൻസിൽ പങ്കെടുക്കുകയും ആശുപത്രിജീവിതം പുതിയ കാഴ്ചപ്പാടുകൾ നൽകിയ ഒരു പുരോഹിതനെ കണ്ടുമുട്ടുകയും ചെയ്തു. ഫാ. വിൻസെന്റ് ഇപ്പോൾ എമിരറ്റസ് റെന്നാസിലെ പുതിയ ആശുപത്രിയുടെ ചാപ്ലെയിൻ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

“ഇന്ന് ഞാൻ ഒരു അശ്രാന്തപ്രവർത്തകനാണ്. ഇന്നലത്തേതിനേക്കാൾ കൂടുതലായി തിരക്കിൽ ജീവിക്കാനുള്ള ശ്രമത്തിലാണ്. കാരണം എനിക്ക് നഷ്ടപ്പെട്ട എന്റെ വർഷങ്ങളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. ദിവസങ്ങൾ ഒരിക്കലും മതിയാകില്ല. കാരണം ഈ ഭൂമിയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തുതീർക്കുന്നതു വരെയും എനിക്ക് ഉറങ്ങാൻ പോലും ആഗ്രഹമില്ല. ദൈവം ആരെയെങ്കിലും വിളിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അവിടുന്ന് ആഗ്രഹിക്കുന്നതു പോലെ അവരെ ആക്കിത്തീർത്തിരിക്കും” – ഫാ. വിൻസെന്റ് പുഞ്ചിരി തൂകുന്നു.

മരണമുഖത്തു നിന്നു ദൈവം തിരികെ നൽകിയ ജീവിതം ദൈവത്തിനായി മാറ്റിവച്ചിരിക്കുകയാണ് ഈ പുരോഹിതൻ.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.