തിരുഹൃദയത്തില്‍ നിന്ന് വിമലഹൃദയത്തിലേക്ക്

ഈശോയുടെ ഹൃദയത്തെ തിരുഹൃദയമാക്കിയ അവിടുത്തെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന്റെ ആര്‍ദ്രതയുള്ള സ്‌നേഹത്തിലേക്ക് നമ്മെ കരം പിടിച്ചു നടത്താന്‍ ഈ തിരുഹൃദയ മാസം നമ്മെ സഹായിക്കുന്നു.പരിശുദ്ധ അമ്മയുടെ കരുതലും സ്‌നേഹവും മനുഷ്യനെന്നല്ല, ഈ ഭൂമിയിലെ ഏതു ജീവജാലങ്ങള്‍ക്കും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു സംരക്ഷണവലയവും സുരക്ഷിതത്വവും നല്‍കുന്നുണ്ട്. കാരണം അവന്റെ വ്യക്തിബന്ധങ്ങളുടെ അളവുകോല്‍ പോലും നിര്‍ണ്ണയിക്കപ്പെടുന്നത് അമ്മയോടൊപ്പമുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. പരിശുദ്ധ അമ്മയുടെ സാന്നിധ്യം ക്രിസ്തുവിന് വലിയൊരു കരുത്തായിരുന്നു. അവന്റെ ജനനം മുതല്‍ മരണം വരെ ബലം പകരുന്നവളായിരുന്നു പരിശുദ്ധ അമ്മ. ആ അമ്മയുടെ സാന്നിധ്യവും കരുതലുമാണ് ക്രിസ്തുവിന്റെ ഹൃദയത്തെ തിരുഹൃദയമാക്കി മാറ്റിയത് എന്ന് നിസ്സംശയം നമുക്ക് പറയാം.

ക്രിസ്തുവിന്റെ ആദ്യപാഠശാല പരിശുദ്ധ അമ്മ തന്നെയാണ്. മനുഷ്യര്‍ അനുഭവിക്കുന്നതും അനുഭവിക്കാത്തതുമായ ഒത്തിരി വേദനകളിലൂടെ അവിടുന്ന് കടന്നുപോയിട്ടുണ്ടെങ്കിലും അമ്മയില്ലാത്തതിന്റെ ഒരു നൊമ്പരം അവന്‍ അനുഭവിച്ചിട്ടില്ല. ക്രിസ്തുവിന്റെ രക്ഷാകരദൗത്യത്തിന്റെ നിര്‍വ്വണത്തിനായി അവിടുത്തെ മരണം വരെ പരിശുദ്ധ അമ്മ കൂടെയുണ്ടാവണം എന്നത് ഒരു ദൈവഹിതമായിരുന്നു.

സഹരക്ഷകയായ മാതൃഹൃദയം

ബെത്‌ലഹേം മുതല്‍ കാല്‍വരി വരെ പരിശുദ്ധ അമ്മ ക്രിസ്തുവിനൊപ്പം രക്ഷാകരദൗത്യത്തില്‍ പങ്കുചേര്‍ന്നവളാണ്. അതുകൊണ്ടാണ് സഭ അവളെ സഹരക്ഷക എന്ന ഓമനപ്പേരില്‍ വിളിക്കുന്നത്. തന്റെ സ്വന്തമായിരുന്നിട്ടും അവന്‍ തനിക്കു മാത്രമല്ല, ഈ ലോകം മുഴുവന്റെയും രക്ഷകനാണ് എന്ന അവബോധം പരിശുദ്ധ അമ്മയ്ക്ക് എപ്പോഴും ഉണ്ടായിരുന്നു. അതിനാലാണ് ക്രിസ്തുവിന് പ്രവര്‍ത്തിക്കാനുള്ള സമയമായെന്ന് കാനായില്‍ വച്ച് പരിശുദ്ധ അമ്മ ഓര്‍മ്മിപ്പിച്ചത്. ആ നിമിഷം മുതല്‍ ക്രിസ്തു ലോകത്തിന്റെ സ്വന്തമായിത്തീരാന്‍ ആരംഭിക്കുകയായിരുന്നു.

ഈശോയുടെ ഹൃദയത്തിനേറ്റ മുറിപ്പാടുകള്‍ക്കു മുമ്പ് പരിശുദ്ധ അമ്മയുടെ ഹൃദയം മുറിപ്പെടാന്‍ തുടങ്ങിയതാണ്. ദൈവമാതാവായിരുന്നിട്ടും സാധാരണക്കാരിയായിട്ടാണ് അവള്‍ ജീവിച്ചത്. നിഷ്‌കളങ്കതയുടെയും ലാളിത്യത്തിന്റെറെയും വാത്സല്യത്തിന്റെയും ഭാവവ്യത്യാസങ്ങള്‍ പരിശുദ്ധ അമ്മയുടെ ഹൃദയത്തില്‍ വിളങ്ങിയതിനാലാണ് ഈശോയുടെ ഹൃദയത്തിലും കരുണയും സ്‌നേഹവും വാത്സല്യവും പ്രതിഫലിപ്പിച്ചത്. കാരണം, പരിശുദ്ധ അമ്മയുടെ കരം പിടിച്ചുകൊണ്ടാണ് ബാലനായ ഈശോ ജീവിതസാഹചര്യങ്ങളെ അനുഭവിച്ചറിഞ്ഞത്. ദൈവഹിതം നിറവേറ്റാനായി പരിശുദ്ധ അമ്മ ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്നു പറഞ്ഞതിനാലാണ് അവിടുന്ന് ഗത്സമേനിയില്‍ ‘പിതാവേ, എന്റെ ഹിതമല്ല അങ്ങയുടെ ഹിതം നിറവേറട്ടെ’ എന്നു പറഞ്ഞത്.

നിന്റെ ഹൃദയത്തില്‍ ഒരു വാള്‍ തുളച്ചുകയറും എന്ന ശിമയോന്റെ പ്രവചനം കേട്ട നാള്‍ മുതല്‍ അവള്‍ ഹൃദയത്തില്‍ പലതും സംഗ്രഹിക്കാന്‍ പരിശ്രമിച്ചിരുന്നു. തന്റെ മകന്‍ നേരിട്ട കുറ്റപ്പെടുത്തലുകളും അവന്റെ പീഡാസഹനങ്ങളുമെല്ലാം അവള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചിരുന്നു. അത് മറ്റൊന്നിനും വേണ്ടിയല്ല. തന്റെ പുത്രന്റെ ഹൃദയം തിരുഹൃദയമാകാനും അതോടൊപ്പം പടയാളികളുടെ കുന്തത്താല്‍ അത് കുത്തിത്തുറക്കപ്പെടാനും വേണ്ടിയായിരുന്നു.

അതെ, പ്രിയസഹോദരങ്ങളേ, പരിശുദ്ധ അമ്മയെപ്പോലെ നമ്മെ വഴിനടത്താന്‍ ഒരമ്മ കൂടെയുള്ളപ്പോള്‍ ഭയത്തിന് നമ്മുടെ ഇടയില്‍ സ്ഥാനമില്ല. ഏതു കുരിശും മടി കൂടാതെ ചുമക്കാന്‍ നമുക്ക് കഴിയും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം ഈശോയുടെ ഹൃദയത്തിന് ബലവും കരുത്തും നല്‍കിയതുപോലെ നമ്മുടെ ജീവിതത്തെ ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് വഴി നടത്താന്‍ പരിശുദ്ധ അമ്മ നമ്മെ സഹായിക്കും. കാരണം, അവള്‍ ക്രിസ്തുവിന്റെ മാത്രമല്ല, ലോകത്തിന്റെയും അമ്മയാണ്. അമ്മയെപ്പോലെ നിസ്വാര്‍ത്ഥമായി മറ്റുള്ളവരെ ക്രിസ്തുവിലേയ്ക്ക് അടുപ്പിക്കാന്‍ നമുക്കും സാധിക്കണം. അതിനാല്‍ നാമെല്ലാവരും അമ്മയെപ്പോലെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കപ്പെടണം. ഹൃദയത്തില്‍ പലതും സംഗ്രഹിക്കണം. അത് വേറൊന്നിനും വേണ്ടിയല്ല. മറ്റുള്ളവരുടെ മുറിവുണക്കാനും അവനെ മനസ്സിലാക്കാനും വേണ്ടിയായിരിക്കണം. അമ്മയെപ്പോലെ ഒരു അലിവുള്ള മനസ്സിനായി നമുക്കും പ്രാര്‍ത്ഥിക്കാം. അമ്മയുടെ വിമലഹൃദയം നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

സി. ജോസ്ന DSHJ പാലമറ്റം 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.