തടവറയില്‍ നിന്ന് വിശുദ്ധിയുടെ പടവുകളിലേയ്ക്ക് എത്തിയ യുവാവ്

ഒരാളെ നന്മയിലേയ്ക്കും തിന്മയിലേയ്ക്കും എത്തിക്കുവാന്‍ കുടുംബ സാഹചര്യങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും സാധിക്കും. അതുപോലെ തന്നെ ഒരാളെ,  അയാള്‍ എത്ര വലിയ പാപിയാണെങ്കിലും സ്വന്തമാക്കുവാന്‍ ദൈവത്തിന് കഴിയും. അതിന് ഉദാഹരണമാണ് ജാക്ക്സ് ഫെസ്ച്ച എന്ന ഇരുപത്തിയേഴുകാരന്റെ ജീവിതം.

ക്രിസ്തീയ കുടുംബത്തിലാണ് ജനിച്ചതെങ്കിലും മാതാപിതാക്കളുടെ അശ്രദ്ധയും അവഗണനയും ജാക്ക്സ് എന്ന യുവാവിനെ നയിച്ചത് തെറ്റായ ജീവിത സാഹചര്യങ്ങളിലേയ്ക്കാണ്. തെറ്റായ കൂട്ടുകെട്ടുകളും മറ്റുമായി നടന്ന സമയം. ജീവിതത്തിന്റെ സുഖങ്ങള്‍ തേടിയുള്ള ആ യാത്ര അവനെ മോഷണത്തിലേയ്ക്കും പിടിച്ചുപറിയിലേയ്ക്കും എത്തിച്ചു. അങ്ങനെ ബൈബിളിലെ മുടിയനായ പുത്രനെപ്പോലെ അവന്‍ ആയി. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും വേണ്ടാത്തവനായി.

അങ്ങനെ അലഞ്ഞുതിരിയുന്നതിനിടയിലാണ് ആ സംഭവം അരങ്ങേറുന്നത്. ഒരിക്കല്‍ മോഷണശ്രമം നടത്തുന്നതിനിടയില്‍ അവന്‍ ഒരു പോലീസുകാരനെ കൊല്ലാനിടയായി. തുടര്‍ന്ന് കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്ത അവനെ കോടതി ജീവപര്യന്തം ഏകാന്തതടവിന് വിധിച്ചു. ശിക്ഷയുടെ ആദ്യകാലങ്ങളില്‍ അവന്‍ വളരെ അസ്വസ്ഥനും ദേഷ്യക്കാരനും ആയിരുന്നു. എന്നാല്‍, ദൈവം അവനെ തന്റെ സ്‌നേഹത്തിലേയ്ക്ക് കൊണ്ടുവരുന്നതിന് തയ്യാറാക്കുകയായിരുന്നു.

അങ്ങനെ പ്രത്യാശകളെല്ലാം അസ്തമിച്ച സമയം. അവന്റെ മുന്നില്‍ ദൈവസ്‌നേഹത്തിന്റെ പ്രവാചകനാകുവാന്‍ ദൈവം അയച്ചത് ജയില്‍ ചാപ്ലിന്‍ ആയിരുന്ന വൈദികനെയാണ്. അദ്ദേഹം അവന്റെ മുറിയിലെത്തി അവനോട് ദീര്‍ഘനേരം സംസാരിച്ചു. ആദ്യമൊന്നും കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന ജാക്ക്സ്, പതിയെ വൈദികനെ കേള്‍ക്കുവാന്‍ തുടങ്ങി. അദ്ദേഹത്തിലൂടെ പാപിയായ തന്നെയും കാത്തിരിക്കുന്ന ഒരു ദൈവമുണ്ടെന്ന് അവന്‍ മനസിലാക്കി. ആ ബോധ്യം അവനെ ശാന്തനാക്കുകയായിരുന്നു. പതിയെ അവന്‍ പ്രാര്‍ത്ഥനയിലേയ്ക്ക് തിരിഞ്ഞു. ഒരു ശത്രുവിനെപ്പോലെ അവന്‍ കരുതിയിരുന്ന മാതാപിതാക്കളെ സ്‌നേഹിക്കുവാന്‍ തുടങ്ങി. അമ്മയും സഹോദരിയും അവനെ ജയിലില്‍ എത്തി സന്ദര്‍ശിച്ചപ്പോള്‍ അവന്റെ കണ്ണ് ആദ്യമായി നിറഞ്ഞൊഴുകി. അവരോടുള്ള സ്‌നേഹം അവന്‍ തിരിച്ചറിയുകയായിരുന്നു.

പിന്നീടുള്ള അവന്റെ ജീവിതം മുഴുവന്‍ അവന്‍ ദൈവസ്‌നേഹത്താല്‍ നിറയുന്നതിനായി പ്രാര്‍ത്ഥിച്ചു തുടങ്ങി. പിന്നെയുള്ള അവന്റെ ജീവിതത്തിന്റെ മാറ്റം മറ്റുള്ളവരും ശ്രദ്ധിച്ചു തുടങ്ങി. ജാക്ക്സിന്റെ മാറ്റം ജയില്‍ മുഴുവന്‍ പാട്ടായി. അവന്‍ എല്ലാവര്‍ക്കും മാതൃകയായ, എല്ലാവരെയും സ്‌നേഹിക്കുന്ന ഒരു വ്യക്തിയായി മാറി. ഇന്ന് അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

ഈ ജീവിതം ഒരു ഓര്‍മ്മപ്പെടുത്തലാണ്. പാപത്തിന്റെ പടുകുഴിയിലാണെങ്കിലും നിനക്കായി കാത്തിരിക്കുന്ന ഒരു ദൈവം ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍. മാറാന്‍ ഇനിയും വൈകിയിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍. ഒരു വിശുദ്ധവാരത്തിലേയ്ക്കു കൂടി നാം പ്രവേശിക്കുമ്പോള്‍ ഈ ജീവിതത്തെക്കുറിച്ച് നമുക്കും ചിന്തിക്കാം. എന്താണ് നമ്മുടെ മനോഭാവം? ദൈവത്തിലേയ്ക്ക് തിരികെ എത്തുന്നതിന് എത്രമാത്രം ഞാന്‍ ആഗ്രഹിക്കുന്നുണ്ട്? അതിന് ജാക്ക്സിന്റെ ജീവിതം നമ്മെ പ്രേരിപ്പിക്കട്ടെ.