പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 6 – വി. അലക്സാണ്ടർ I (75-115)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 107 മുതൽ 115 വരെ സഭയ്ക്ക് നേതൃത്വം കൊടുത്ത മാർപാപ്പ വി. അലക്സാണ്ടർ ഒന്നാമൻ ഇറ്റലിയിലെ റോമിലാണ് ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ (ഏതാണ്ട് 29 വയസ്സുള്ളപ്പോൾ) റോമൻ സഭയ്ക്ക് നേതൃത്വം നൽകാനായി തിരഞ്ഞെടുക്കപ്പെട്ട ആളാണ് ഇദ്ദേഹം. ആദ്യകാല മാർപാപ്പമാരുടെ ചരിത്രം വിവരിക്കുന്ന ‘ലീബർ പൊന്തിഫിക്കാലീസിൽ’ വിശുദ്ധ കുർബാന അനുഷ്ഠാനത്തിൽ അന്ത്യഅത്താഴ വിവരണം കൂട്ടിച്ചേര്‍ത്തത് അലക്സാണ്ടർ മാർപാപ്പ ആണെന്ന് പറയുന്നു. അദ്ദേഹത്തിന് ഒരിക്കൽ ഉണ്ണിയീശോയുടെ ദർശനം ഉണ്ടായെന്നും അത് ജീവിതത്തിൽ വലിയ മാറ്റത്തിന് കരണമായിത്തീർന്നുവെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ക്രിസ്തീയഭവനങ്ങൾ പ്രാർത്ഥിച്ച് ആശീർവദിക്കുന്ന പതിവ് ആരംഭിച്ചത് അലക്സാണ്ടർ മാർപാപ്പയാണ്. വെള്ളത്തിൽ ഉപ്പോ വീഞ്ഞോ ചേർത്ത് ദൈവനാമത്തിൽ ഭവനം ആശീർവദിച്ചാൽ ദുഷ്ടശക്തികളുടെ സ്വാധീനത്തിൽ നിന്നും രക്ഷപ്രാപിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പഠിപ്പിച്ചു. ഇത്തരം കാര്യങ്ങൾ വെളിവാക്കുന്നത് റോമിലെ സഭയുടെ ആരാധനപരവും ഭരണപരവുമായ കാര്യങ്ങളിൽ അദ്ദേഹം നിരന്തരം ഇടപെടുകയും കാലാനുസൃതമാറ്റങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു എന്നാണ്. ഹേഡ്രിയൻ (76-138) ചക്രവർത്തിയുടെ ഭരണകാലത്ത് റോമിലെ ഗവർണറായിരുന്ന ഹേർമ്മസിനെയും അദ്ദേഹത്തിന്റെ കുടുംബത്തിൽപെട്ട അനേകരെയും മാർപാപ്പ മാനസാന്തരപ്പെടുത്തി എന്ന ഒരു പാരമ്പര്യം നിലവിലുണ്ട്.

എന്നാൽ ഇദ്ദേഹം ക്രിസ്തീയവിശ്വസത്തിലേക്ക് നയിച്ചവരിൽ ചിലർ പിന്നീട് വിശ്വാസം ഉപേക്ഷിക്കുകയും സഭയുടെ ശത്രുക്കളാവുകയും ചെയ്തു. അവരിൽ ചിലർ ഇദ്ദേഹം റോമിനടുത്തുള്ള ഇറ്റലിയിലെ പ്രസിദ്ധമായ ‘വിയ നൊമന്താന’ എന്ന വഴിയിലൂടെ പോകുമ്പോൾ പിടികൂടുകയും വിവിധ കുറ്റങ്ങൾ ആരോപിച്ച് തടവിലാക്കുകയും ചെയ്തു. തടവറയുടെ ചുമതല ഉണ്ടായിരുന്ന നൂസിലെ കിരിനോസിനെയും മകൾ റോമിലെ ബൽബീനയേയും ഇദ്ദേഹം ഈ കാലയളവിൽ ക്രിസ്തീയവിശ്വാസത്തിലേക്ക് നയിച്ചു. പിന്നീട് വിശ്വാസത്തിന് വലിയ സാക്ഷ്യം നൽകിയ ഇവരിൽ ചിലർ സഭാചരിത്ര രേഖകളിൽ അറിയപ്പെടുന്നത് “ഓസ്തിയായിലെ രക്തസാക്ഷികൾ” എന്നാണ്. അലക്സാണ്ടർ മാർപാപ്പയെ ശിരച്ഛേദം നടത്തി കൊന്നതിനുശേഷം അദ്ദേഹത്തിന്റെ മൃതദേഹം തടവറയിലുണ്ടായിരുന്ന മറ്റു ചില ക്രിസ്തീയ വിശ്വാസികളോടൊപ്പം കത്തിക്കുകയാണ് ചെയ്തത്. ‘വിയ നൊമന്താന’ വഴിയോട് ചേർന്ന് അടക്കിയ അദ്ദേഹത്തിന്റെ തിരുശേഷിപ്പ് ഇവിടെ നിന്നും ക്രിസ്തുവർഷം 834-ൽ ജർമ്മനിയിലെ ബെവേറിയ പ്രദേശത്തുള്ള ഫ്രയിസിങ്ങിലെ ദേവാലയത്തിൽ അടക്കം ചെയ്തു. മെയ് 3-ന് കത്തോലിക്കാ സഭയും മാർച്ച് 16-ന് ഗ്രീക്ക് ഓർത്തഡോക്സ്‌ സഭയും വി. അലക്സാണ്ടറിന്റെ തിരുനാൾ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.