പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 5 – വി. എവാരിസ്തുസ്‌ (44-107)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വി. എവാരിസ്തുസ്‌ എ.ഡി. 99 മുതൽ 107 വരെയുള്ള കാലഘട്ടത്തിൽ സഭയ്ക്ക് നേതൃത്വം നൽകി എന്ന് ചരിത്രരേഖകളിൽ കാണുന്നു. ആദ്യകാലങ്ങളിൽ അരിസ്‌തുസ് എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. കത്തോലിക്കാ സഭയ്ക്കു പുറമെ ഓർത്തഡോക്സ് സഭകളിലും അദ്ദേഹത്തെ പുണ്യവാന്മാരുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അപ്പോസ്തോലന്മാരിൽ അവസാനം സ്വർഗ്ഗം പൂകിയ വി. യോഹന്നാന്റെ മരണകാലയളവിൽ വി. എവാരിസ്തുസ്‌ ആയിരുന്നു റോമൻ സഭയുടെ അദ്ധ്യക്ഷൻ. വി. ക്ലമന്റിന്റെ രക്തസാക്ഷിത്വം റോമൻ സഭയെ ഉലച്ച സമയത്താണ് സഭയെ നയിക്കുന്നതിന് വിശ്വാസത്തിൽ വളരെ തീക്ഷ്ണമതിയായിരുന്ന ഇദ്ദേഹത്തെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്.

ബേത്ലഹേമിൽ നിന്നുള്ള ഒരു ഗ്രീക്ക് യഹൂദന്റെ മകനായിരുന്നു ഇദ്ദേഹം. ‘എവാരിസ്‌തോസ്’ (Ευαριστος) എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ‘നന്നായി പ്രസാദിപ്പിക്കുന്നത്’ എന്നാണ്. ‘ലേബർ പൊന്തിഫിക്കാലിസ്’ എന്ന ഗ്രന്ഥത്തിൽ ഇദ്ദേഹം പതിമൂന്നു വർഷവും ആറു മാസവും രണ്ടു ദിവസവും നേർവ, ട്രാജൻ ചക്രവർത്തിമാരുടെ ഭരണകാലത്ത് മാർപാപ്പയായിരുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ആദ്യകാല സഭാപണ്ഡിതന്മാർ പറയുന്നത്, വി. എവാരിസ്തുസ്‌ റോമിലെ സഭയെ ഭരണസൗകര്യത്തിനായി വിവിധ ഇടവകകളായി തിരിക്കുകയും മെത്രാന്മാരെയും വൈദികരെയും ശെമ്മാശന്മാരെയും ഭരണസൗകര്യത്തിനായി നിയോഗിക്കുകയും ചെയ്തുവെന്നാണ്. അതിൽ തന്നെ ശെമ്മാശന്മാരുടെ ദൗത്യം മെത്രാന്മാരെ അജപാലന ജോലികളിൽ സഹായിക്കുക എന്നതായിരുന്നു.

വി. എവാരിസ്തുസ്‌ സഭയിൽ ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനായി വളരെയധികം പരിശ്രമിച്ചു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് റോമിലെ വിശ്വാസി സമൂഹത്തിന് അഭൂതപൂർവ്വമായ വളർച്ചയുണ്ടായി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹത്തെ കാരാഗ്രഹത്തിലേക്ക് ആനയിച്ച ജയിലധികൃതർ എവാരിസ്തുസിന്റെ അസാധാരണ മുഖശോഭ കണ്ട് അത്ഭുതപ്പെട്ടു. എന്തിനെയും പുഞ്ചിരിയോടെയാണ് അദ്ദേഹം നേരിട്ടത്. കാരണം ക്രിസ്തുവിനു വേണ്ടി സഹിക്കുകയും മരിക്കുകയും ചെയ്യുക എന്നതിൽ അദ്ദേഹം അതിയായ ആനന്ദം കണ്ടെത്തിയിരുന്നു. വി. ഇഗ്നേഷ്യസിന്റെ പ്രസിദ്ധമായ രക്തസാക്ഷിത്വ കാലയളവിലാണ് വി. എവാരിസ്തുസിന്റെയും മരണം. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്നതിനായി ഒരു വാളോടു കൂടിയ ചിത്രമോ, ബേത്ലഹേമിൽ ജനിച്ചതിനെ കാണിക്കുന്നതിനായി പുൽക്കൂടിനടുത്തായി നിൽക്കുന്ന ചിത്രമോ ആദ്യകാലങ്ങളിൽ സഭയിൽ പ്രചാരത്തിലുണ്ടായിരുന്നു. വി. എവാരിസ്തുസും വത്തിക്കാനിൽ വി. പത്രോസിന്റെ കല്ലറയ്ക്കരികിലായി സംസ്ക്കരിക്കപ്പെട്ടുവെന്ന് ആദ്യകാല സഭാരേഖകളിൽ കാണുന്നു. സഭ ഒക്ടോബർ 26- ന് വി. എവാരിസ്തുസിന്റെ തിരുനാൾ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.