പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 4 – വി. ക്ലമന്റ് I (35-99)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

‘റോമിലെ വി. ക്ലമന്റ്’ എന്ന പേരിൽ അറിയപ്പെടുന്ന ക്ലമന്റ് മാർപാപ്പയുടെ ഭരണകാലം എ.ഡി. 88 മുതൽ 99 വരെയാണ്. പുതിയനിയമ ഗ്രന്ഥങ്ങൾ കഴിഞ്ഞാൽ ആദിമക്രൈസ്തവർ ഏറ്റം പൂജ്യമെന്നു കരുതിയ പ്രസിദ്ധമായ രണ്ടു ലേഖനങ്ങളുടെ രചയിതാവായ ക്ലമന്റ്, അപ്പസ്തോലിക പിതാക്കന്മാരിൽ അഗ്രഗണ്യനായ ദൈവശാസ്ത്രജ്ഞനാണ്. അതിനാൽ തന്നെ പല സഭകളിലും ആദ്യകാലങ്ങളിൽ വി. ക്ലമന്റിന്റെ ലേഖനങ്ങളും ആരാധനയിൽ വായിച്ചിരുന്നു. റോമിൽ ജനിച്ച ക്ലമന്റിന്റെ പിതാവ് യഹൂദവംശജനായ ഫൗസ്റ്റിനിയസ് ആയിരുന്നു. വി. പത്രോസിന്റെയും വി. പൗലോസിന്റെയും സുവിശേഷപ്രഘോഷണത്താൽ ക്രിസ്തീയവിശ്വാസം സ്വീകരിച്ച് പിന്നീട് അവരുടെ സഹചാരിയായിത്തീർന്നു. വി. പത്രോസ് ശ്ലീഹാ തന്നെയാണ് ഇദ്ദേഹത്തിന് പൗരോഹിത്യം നൽകിയത്.

കോറിന്തോസിലെ സഭയിലുണ്ടായ തർക്കത്തില്‍ ഇടപെട്ടുകൊണ്ട് പുരോഹിതന്മാരാണ് സഭാസമൂഹങ്ങളുടെ നേതാക്കന്മാരെന്ന് അപ്പോസ്തോലന്മാർ അനുശാസിക്കുന്നതായി വി. ക്ലമന്റ് എഴുതുന്നു. ബിഷപ്പുമാരെ സൂചിപ്പിക്കുന്ന ‘എപ്പിസ്‌കോപ്പോയ്’, വൈദികരെ സൂചിപ്പിക്കുന്ന ‘പ്രസ്ബിറ്ററോയി’ തുടങ്ങിയ പദങ്ങൾ ഈ ലേഖനത്തിൽ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു. അങ്ങനെ ചിലരുടെ താല്‍പര്യപ്രകാരം പുറത്താക്കിയ പുരോഹിതന്മാരെ വീണ്ടും സഭയുടെ നേതൃസ്ഥാനത്ത് പുനഃസ്ഥാപിക്കാൻ ക്ലമന്റ് ആവശ്യപ്പെടുന്നു. ചില സഭാപിതാക്കന്മാർ, പത്രോസിനുശേഷം റോമൻ സഭയുടെ ഭരണം വി. ക്ലമന്റിനായിരുന്നു എന്ന് എഴുതിയിരിക്കുന്നു. രണ്ടാം നൂറ്റാണ്ടിലെ പ്രസിദ്ധ കൃതിയായ ‘ഹെർമ്മാസിന്റെ ഇടയൻ’ വി. ക്ലമന്റ് മറ്റ് സഭകളുമായി ബന്ധം പുലർത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു എന്ന് പറയുന്നു.

വി.ക്ലമന്റിന്റെ ജീവതവുമായി ബന്ധപ്പെട്ട് ധാരാളം ഐതീഹ്യങ്ങളുമുണ്ട്. ട്രാജൻ ചക്രവർത്തിയുടെ കാലത്ത് റോമിൽ നിന്ന് ചെർസോനേസുസ് എന്ന സ്ഥലത്തേയ്ക്ക് അദ്ദേഹത്തെ നാടുകടത്തി. അവിടുത്തെ സഹതടവുകാർ വെള്ളമില്ലാതെ വിഷമിക്കുന്നതു കണ്ടപ്പോൾ ക്ലമന്റ് മുട്ടുകുത്തി പ്രാർത്ഥിച്ചു. പ്രാർത്ഥനയ്ക്കു ശേഷം നോക്കിയപ്പോൾ അവിടെയുള്ള കുന്നിൻമുകളിൽ ഒരു ആട്ടിൻകുട്ടിയെ കണ്ടു. ആ സ്ഥലത്തു കുഴിച്ചപ്പോൾ ഒരു നീരുവ പുറപ്പെടുകയും അത് കണ്ട തടവുകാരും അവിടെയുള്ള പുറജാതികളും ക്രിസ്തീയവിശ്വാസം സ്വീകരിക്കുകയും ചെയ്തു. ഒരു കപ്പലിന്റെ നങ്കൂരത്തിൽ ബന്ധിച്ച് അദ്ദേഹത്തെ കടലിലെറിഞ്ഞു കൊന്നു എന്നാണ് ചരിത്രം. പിന്നീട് അദ്ദേഹത്തിന്റെ ശരീരം വീണ്ടെടുത്ത് യുക്രെയിനിലെ ഇങ്കർമെൻ നഗരത്തിലെ കറുത്ത നദീതീരത്തുള്ള ആശ്രമത്തിൽ അടക്കി. വി.സിറിൾ 869-ൽ ഈ തിരുശേഷിപ്പ് റോമിലെ കൊളോസിയത്തിന്റെ അടുത്തുള്ള വി. ക്ലമന്റ് ബസിലിക്കയിലേക്ക് മാറ്റിസ്ഥാപിച്ചു. നാവികരുടെ മദ്ധ്യസ്ഥനായ വി. ക്ലമന്റിന്റെ തിരുനാൾ നവംബർ 23-ന് കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.