പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 3 – വി. ക്‌ളീറ്റസ് (25-92)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്‌ളീറ്റസ് എന്നറിയപ്പെടുന്ന മൂന്നാമത്തെ മാർപാപ്പയുടെ യഥാർത്ഥ പേര് അനാക്‌ളീറ്റസ് എന്നാണ്. ക്രിസ്തുവർഷം 76 മുതൽ 88 വരെ ആയിരുന്നു അദ്ദേഹം റോമൻ സഭയ്ക്ക് നേതൃത്വം നൽകിയത്. ക്‌ളീറ്റസ് എന്നാൽ ‘വിളിക്കപ്പെട്ടവൻ’ എന്നാണ് അർത്ഥം. ‘അനൻക്ലേറ്റുസ്’ (Ανέγκλητος) എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ‘കുറ്റമറ്റവൻ’ എന്നാണ്. അക്കാലത്ത് പല സേവകരുടെയും പേരിനോട് ചേർത്ത് ഇത്തരം അഭിദാനങ്ങൾ ഉപയോഗിച്ചിരുന്നതിനാൽ അദ്ദേഹം താഴ്ന്ന കുലത്തിൽ ജനിച്ചവനായിരുന്നു എന്ന് കരുതപ്പെടുന്നു. ‘ലേബർ പോന്റിഫിക്കാലിസി’ൽ പറയുന്നത് അദ്ദേഹത്തിന്റെ പിതാവിന്റെ പേര് എമിലിയാനുസ് എന്നായിരുന്നു എന്നാണ്. പത്രോസ് ശ്ലീഹായുടെ സുവിശേഷപ്രഘോഷണം വഴി റോമിൽ വച്ച് ക്രിസ്തീയവിശ്വാസത്തിലേക്ക് വന്ന ഗ്രീക്കുകാരനായിരുന്നു ക്‌ളീറ്റസ് എന്ന് വിശ്വസിക്കപ്പെടുന്നു.

ലത്തീൻ ക്രമത്തിലുള്ള വിശുദ്ധ കുർബാനയിലെ ഒന്നാം അനാഫൊറായിൽ രണ്ടാം മാർപാപ്പയായ വി. ലീനസിന്റെ പേരു കഴിഞ്ഞു കൊടുത്തിരിക്കുന്നത് വി. ക്‌ളീറ്റസിന്റെ നാമമാണ്. എന്നാൽ സഭയുടെ തുടക്കകാലങ്ങളിൽ ക്‌ളീറ്റസും അനാക്‌ളീറ്റസും വ്യത്യസ്തരായ രണ്ടു മാർപാപ്പമാരാണെന്ന് പല ചരിത്രകാരന്മാരും തെറ്റിദ്ധരിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ഓരോ വർഷവും പ്രസിദ്ധീകരിക്കുന്ന നാമാവലിപ്പട്ടിക ‘ആനുവാരിയോ പൊന്തിഫിച്ചോ’ പറയുന്നത്, ആദ്യ രണ്ടു നൂറ്റാണ്ടുകളിലെ മാർപാപ്പാമാരുമായി ബന്ധപ്പെട്ട അപ്പസ്തോലിക ഭരണത്തിന്റെ തീയതികളിൽ ചരിത്രപരമായ വ്യത്യാസങ്ങൾ ഉണ്ടാകാം എന്നാണ്.

തന്റെ അപ്പസ്തോലിക ശുശ്രൂഷയുടെ ഭാഗമായി അദ്ദേഹം വൈദികരെ പട്ടം നൽകി അജപാലന ശുശ്രൂഷക്കായി നിയോഗിച്ചതായും റോമിലെ ക്രിസ്തീയസമൂഹത്തെ ഇരുപത്തഞ്ചു ഇടവകകളായി വിഭജിച്ചതായും പാരമ്പര്യങ്ങൾ സാക്ഷിക്കുന്നു. സഭാചരിത്രകാരനായ എവുസേബിയസ് പറയുന്നത് ഡൊമീഷ്യൻ ചക്രവർത്തിയുടെ (81–96) ഭരണത്തിന്റെ പത്രണ്ടാം വർഷം ക്‌ളീറ്റസ് മാർപാപ്പ കാലം ചെയ്തു എന്നാണ്. തന്റെ മുൻഗാമിയായ ലീനസ് മാർപാപ്പയുടെ കബറിനരികെ ക്‌ളീറ്റസ് മാർപാപ്പയെയും സംസ്കരിച്ചെന്ന് വിശ്വസിക്കപ്പെടുന്നു. റോമൻ രക്തസാക്ഷികളുടെ ചരിത്രം വിവരിക്കുന്നിടത്ത് ഇദ്ദേഹത്തിന്റെ പേരും ചേർക്കപ്പെട്ടിട്ടുണ്ട്. തെന്ത്രോസ് കലണ്ടർ അനുസരിച്ചു ഏപ്രിൽ 26-ന് വി. മർസെല്ലിനൂസിന്റെയും വി. ക്‌ളീറ്റസിന്റെയും തിരുനാളുകൾ ഒരുമിച്ചും, വീണ്ടും ജൂലൈ 13-ന് ക്ളീറ്റസ്സിന്റെ മാത്രം തിരുനാളും ആചരിക്കുകയും ചെയ്തിരുന്നു. എന്നാൽ 1960-ൽ ജോൺ ഇരുപത്തിമൂന്നാം മാർപാപ്പ ഏപ്രിൽ ഇരുപത്തിയാറിലെ തിരുനാനാൾ നിലനിർത്തിക്കൊണ്ട് ജൂലൈ പതിമൂന്നിലെ തിരുനാൾ നിർത്തലാക്കി. അതുപോലെ തന്നെ ഇനിയും എല്ലായിടത്തും ക്‌ളീറ്റസ് എന്ന നാമം മാത്രം ഉപയോഗിച്ചാൽ മതി എന്ന് നിർദേശിക്കുകയും ചെയ്തു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.