പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 99 – എവുജീൻ II (780-827)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 824 ജൂൺ 6 മുതൽ 827 ഓഗസ്റ്റ് 27 വരെയുള്ള നാളുകളിൽ മാർപാപ്പാ സ്ഥാനം അലങ്കരിച്ച ആളാണ് എവുജീൻ. റോമിൽ 780 -ൽ ബോയേമുണ്ടിന്റെ മകനായി ജനിച്ചു എന്ന് “ലീബർ പൊന്തിഫിക്കാലിസ്” പറയുന്നു. അവന്തീനോ കുന്നിലുള്ള സാന്താ സബീന ബസിലിക്കയിലെ പ്രധാന പുരോഹിതനായിരുന്നു എവുജീൻ. തന്റെ ഉത്തരവാദിത്വങ്ങൾ വളരെ വിശ്വസ്തതയോടെയും എളിമയോടെയും ദൈവഭയത്തോടെയും നിർവഹിച്ച ആളായിരിക്കുന്നു എവുജീൻ എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ പറയുന്നു.

മുൻഗാമിയായിരുന്ന പാസ്കൽ മാർപാപ്പ റോമിലെ സഭാഭരണത്തിൽ നിരന്തരം ഇടപെട്ടിരുന്ന പ്രഭുക്കന്മാരുടെ പ്രവർത്തികളെ എതിർത്തിരുന്ന ആളാണ്. ഫ്രാങ്കിഷ്‌ ഭരണത്തിന്റെ വക്താക്കളായിരുന്ന അവർ മാർപാപ്പയുടെ നയങ്ങളെ നിരന്തരം എതിർക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താൽ പാസ്കൽ മാർപാപ്പ കാലം ചെയ്തപ്പോൾ തങ്ങളുടെ ഒരു സ്ഥാനാർത്ഥിയെ മാർപാപ്പ ആക്കുന്നതിന് പ്രഭുക്കന്മാർ ശ്രമിച്ചു. റോമിലെ പുരോഹിതരും സാധാരണക്കാരും സിൻസിന്നൂസ് എന്ന പുരോഹിതനെ ഈ സ്ഥാനത്തേയ്ക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചു. എവുജീൻ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് ഫ്രാങ്കിഷ്‌ പക്ഷക്കാരുടെ വിജയമായി എല്ലാവരും കരുതി. തങ്ങളുടെ റോമിലെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനായി ലൂയിസ് ചക്രവർത്തി തന്റെ മകൻ ലൊത്തെയർ ഒന്നാമനെ റോമിലേക്ക് അയച്ചു. ലൊത്തെയറിന്റെ ശ്രമഫലമായി മാർപാപ്പയുടെ തിരഞ്ഞെടുപ്പിന് ഫ്രാങ്കിഷ്‌ ചക്രവർത്തിമാരുടെ അംഗീകാരം ആവശ്യമാണെന്ന പുതിയ ഒരു നിയമം പ്രാബല്യത്തിൽ വരുന്നു. അതുപോലെ തന്നെ മാർപാപ്പയുടെ മരണസമയത്ത് സഭാസ്വത്തുക്കൾ കൈയ്യേറാൻ ശ്രമിക്കുന്നവർ ശിക്ഷിക്കപ്പെടുമെന്നും ചക്രവർത്തി കല്പന പുറപ്പെടുവിച്ചു.

എ.ഡി. 826 നവംബർ മാസത്തിൽ ലാറ്ററൻ ബസിലിക്കയിൽ കൂടിയ സിനഡിൽ ഫ്രാങ്കിഷ്‌ ചക്രവർത്തിക്ക് സഭയുടെമേൽ കൂടുതൽ അധികാരങ്ങൾ നൽകുന്ന ചില നിയമങ്ങൾ നടപ്പിൽ വരുത്തി. ഇതു കൂടാതെ സഭയിലെ അച്ചടക്കം സംബന്ധിച്ച് 38 നിയമങ്ങൾ നടപ്പിൽ വരുത്തി. അതോടൊപ്പം സഭയിലെ സ്ഥാനങ്ങൾ ലഭിക്കുന്നതിന് കൈക്കൂലി നല്‍കുന്നതും ശിക്ഷാർഹവും അങ്ങനെ ലഭിക്കുന്ന സ്ഥാനങ്ങൾ അസാധുവാകുമെന്നും ഈ കൗൺസിൽ വിധിച്ചു. ബിഷപ്പുമാരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും വൈദികരുടെ പരിശീലനം സംബന്ധിച്ചും ആശ്രമങ്ങളുടെ അച്ചടക്കത്തെക്കുറിച്ചും വിവാഹകൂദാശയെക്കുറിച്ചും ഞായറാഴ്ച ആചരണം സംബന്ധിച്ചും നിയമങ്ങൾ ഉണ്ടാക്കി. അന്ന് ശക്തമായിരുന്ന “ഐക്കണോക്ലാസ്സം” വിഷയത്തിൽ തന്റെ മുൻഗാമികളുടെ നിലപാടിൽ നിന്നും ഒരു കാരണവശാലും വ്യതിചലിക്കില്ല എന്നും എവുജീൻ മാർപാപ്പ നിലപാടെടുത്തു. എ.ഡി. 827 ഓഗസ്റ്റ് 27 -ന് കാലം ചെയ്ത എവുജീൻ മാർപാപ്പയെ അന്നത്തെ പതിവനുസരിച്ച് വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.